15 വര്‍ഷമായി നിരവധി ആശുപത്രികളില്‍ പ്രവര്‍ത്തിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍

Wednesday 16 January 2019 3:21 am IST

ആലപ്പുഴ: 15 വര്‍ഷത്തിലധികമായി പ്രമുഖ ആശുപത്രികളിലടക്കം പ്രവര്‍ത്തിച്ച വ്യാജ ഡോക്ടറെ പോലീസ് പിടികൂടി. വാടയ്ക്കല്‍ ചക്കുംപറമ്പില്‍ വീട്ടില്‍ യേശുദാസാ (സാജന്‍ 42)ണ് പിടിയിലായത്. ചേര്‍ത്തല എക്‌സ്‌റേ ആശുപത്രി, കിന്‍ഡര്‍ ആശുപത്രി, അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി, പള്ളിപ്പുറം സെന്റ് തോമസ് ആശുപത്രി, എറണാകുളം പിഎസ്എം ആശുപത്രി എന്നിവിടങ്ങളില്‍ ത്വക് രോഗ വിദഗ്ധനായി പ്രവര്‍ത്തിക്കുകയായിരുന്നു. 

പ്രീഡിഗ്രി പാസ്സായ ശേഷം ഫിസിയോതെറാപ്പി കോഴ്‌സിനുപോയ യേശുദാസ് കോഴ്‌സ് പൂര്‍ത്തിയാക്കാതെ എംബിബിഎസിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുകയാണെന്ന് മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും കബളിപ്പിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ഡോക്ടറായി പ്രവര്‍ത്തിച്ചത്. ചങ്ങനാശേരി സെന്റ് ട്രീസാ ആശുപത്രി, തിരുവല്ല പുഷ്പഗിരി ആശുപത്രി എന്നിവിടങ്ങളില്‍ ജനറല്‍ പ്രാക്ടീസും നടത്തിയിരുന്നു. 

വാടയ്ക്കലിലെ കുടുംബവീട്ടിലും ചേര്‍ത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയും ദിവസവും ചികിത്സിച്ചിരുന്നത്. ചേര്‍ത്തല ഐഎംഎ യൂത്ത് ക്ലബ് സെക്രട്ടറിയാണെന്നാണ് അവകാശപ്പെട്ടിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല എക്‌സ്‌റേ ആശുപത്രിയില്‍നിന്നും പുറത്തിറങ്ങിയപ്പോഴാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. 

തിരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ അസി. സര്‍ജനായി ജോലി ചെയ്യുന്ന ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറിലാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി തട്ടിപ്പ് നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.