തിരുവനന്തപുരം: കെഎസ്ആര്‍ടിസി നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് കെഎസ്ആര്‍ടിസി എം.ഡി ടോമിന് ജെ.തച്ചങ്കരി. ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും എംപാനല്‍ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെങ്കില് സര്‍ക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും തച്ചങ്കരി വ്യക്തമാക്കി. അതേസമയം പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്.
ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങുന്നത്. പണിമുടക്കിനെതിരെ കോടതിയില്‍ സെന്റര്‍ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: