എല്ലാ കണ്ണുകളും യുപിയിലേക്ക്, പക്ഷേ...

Thursday 17 January 2019 4:31 am IST
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റ് ഒറ്റയ്ക്കുനേടി ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ ഇടയാക്കിയത് ഉത്തര്‍പ്രദേശില്‍ നേടിയ 73 സീറ്റാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച വാരാണസി മണ്ഡലമുള്‍പ്പെടുന്ന സംസ്ഥാനത്ത് ബിജെപിയെ പിടിച്ചുകെട്ടാനായാല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് തടയാമെന്നുമാണ് മറ്റ് പലരെയുംപോലെ മായാവതി-അഖിലേഷ് സഖ്യവും കണക്കുകൂട്ടുന്നത്.

ചരിത്രം ദുരന്തമായും പ്രഹസനമായും ഒരേസമയം ആവര്‍ത്തിക്കുകയാണ് ഉത്തര്‍പ്രദേശില്‍. ബദ്ധവൈരികളായ മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയും തമ്മില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആകെയുള്ള 80 മണ്ഡലത്തില്‍ ഇരുകക്ഷികളും 38 സീറ്റില്‍ വീതം മത്സരിക്കും. അവശേഷിക്കുന്ന നാല് സീറ്റ് ആര്‍ക്കാണ് നല്‍കുകയെന്ന് വ്യക്തമല്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അദ്ഭുതം അരങ്ങേറിയിരിക്കുന്നു എന്ന മട്ടിലാണ് മാധ്യമങ്ങള്‍ മായാവതി-അഖിലേഷ് ഐക്യപ്രഖ്യാപന വാര്‍ത്ത അവതരിപ്പിച്ചത്. ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒന്നു നടന്നുകിട്ടുകയേ വേണ്ടൂ. ബിജെപിയും നരേന്ദ്രമോദിയും അധികാരത്തിന് പുറത്താവും. മായാവതി പ്രധാനമന്ത്രിയാവും. ലോകത്തെ ഒരു ശക്തിക്കും ഇത് തടയാനാവില്ല! പിന്തുണക്കേണ്ടവര്‍ക്ക് പിന്തുണയ്ക്കാം, അല്ലാത്തവര്‍ വഴിമുടക്കാതെ മാറിനില്‍ക്കട്ടെ. സഖ്യത്തിന്റെ ഭാഗമല്ലാത്തവര്‍പോലും ഇങ്ങനെയൊക്കെ ആവേശംകൊള്ളുകയാണ്!!

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്രപരമായ വിജയമാണ് നേടിയത്. ഇതിനുകാരണം ബിഎസ്പിയും എസ്പിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചതാണ്. സഖ്യമായി മത്സരിച്ചിരുന്നെങ്കില്‍ ബിജെപി തറപറ്റുമായിരുന്നു. ഫുല്‍പ്പൂര്‍-ഗോരഖ്പൂര്‍-കൈരാന ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിവിരുദ്ധ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റ് ഒറ്റയ്ക്കുനേടി ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ ഇടയാക്കിയത് ഉത്തര്‍പ്രദേശില്‍ നേടിയ 73 സീറ്റാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച വാരാണസി മണ്ഡലമുള്‍പ്പെടുന്ന സംസ്ഥാനത്ത് ബിജെപിയെ പിടിച്ചുകെട്ടാനായാല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് തടയാമെന്നുമാണ് മറ്റ് പലരെയുംപോലെ മായാവതി-അഖിലേഷ് സഖ്യവും കണക്കുകൂട്ടുന്നത്.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ ബിഎസ്പിക്ക് 20 ശതമാനവും എസ്പിക്ക് 22.2 ശതമാനവും വോട്ട് ലഭിക്കുകയുണ്ടായി. ബിജെപി സഖ്യത്തിന് ലഭിച്ചത് 42.3 ശതമാനം വോട്ടും. ഈ നിലയ്ക്ക് ഒറ്റക്കെട്ടായി മത്സരിച്ചാല്‍ ബിജെപിയെ മറികടക്കാനാവുമെന്ന പ്രതീക്ഷയാണ് മായാവതിക്കും അഖിലേഷിനുമുള്ളത്. 2014-ല്‍ സഖ്യമായി മത്സരിച്ചിരുന്നെങ്കില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 41 സീറ്റും, എസ്പി-ബിഎസ്പി സഖ്യത്തിന് 37 സീറ്റും നേടാമായിരുന്നുവത്രേ.

പ്രത്യക്ഷത്തില്‍ ഈ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ വ്യത്യസ്ത കക്ഷികള്‍ ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ നേടുന്ന വോട്ട് സഖ്യമായി മത്സരിക്കുമ്പോള്‍ ലഭിക്കണമെന്നില്ല. രാഷ്ട്രീയത്തില്‍ അങ്കഗണിതത്തിനല്ല, രസതന്ത്രത്തിനാണ് പ്രസക്തി. ബിഎസ്പിയുടെയും എസ്പിയുടെയും വോട്ടുബാങ്കുകള്‍ വ്യത്യസ്തമാണ്. ബിഎസ്പിക്ക് ദളിതരുടെ പിന്തുണയും എസ്പിക്ക് യാദവരുടെ പിന്തുണയുമാണ് കൂടുതലായി കിട്ടുന്നത്. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒരുപോലെ വിശ്വാസമാര്‍ജിക്കാന്‍ രണ്ട് കക്ഷികള്‍ക്കുമാവില്ല.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുവച്ച് നോക്കുമ്പോഴും എസ്പിക്കും ബിഎസ്പിക്കും ലഭിച്ച മൊത്തം വോട്ടിനേക്കാളും അധികമാണല്ലോ ബിജെപി സഖ്യം നേടിയ വോട്ട്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകള്‍ ഒരുതരത്തിലും നരേന്ദ്ര മോദി ഭരണത്തിന്റെ ഹിതപരിശോധനയായിരുന്നില്ല. പ്രാദേശിക പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഇതാണ് എസ്പി-ബിഎസ്പി സഖ്യത്തിന് മേല്‍ക്കൈ നേടിക്കൊടുത്തത്. ഈ വിജയം സംസ്ഥാന വ്യാപകമായി ആവര്‍ത്തിക്കപ്പെടുമെന്ന് കരുതുന്നത് വിഡ്ഢിത്തവുമായിരിക്കും.

2014-ല്‍ ബിഎസ്പിയും എസ്പിയും പരമാവധി സീറ്റുകളില്‍ മത്സരിച്ചിരുന്നു. സഖ്യമായിരിക്കുമ്പോള്‍ ഇരു പാര്‍ട്ടികളുടെയും പകുതി സ്ഥാനാര്‍ത്ഥികള്‍ക്കേ മത്സരിക്കാനാവൂ. സ്വാധീനമുള്ള പലരും വിമതരായി രംഗത്തുവരികയും ചെയ്യും. ചിലര്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറും. ഇങ്ങനെ വരുന്നത് വോട്ടു ബാങ്കില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിക്കും. നിത്യഹരിത വിമതന്മാര്‍ മായാവതിയുടെയും അഖിലേഷിന്റെയും പാര്‍ട്ടികളില്‍ നിരവധിയുണ്ട്.

സമാജ്‌വാദി പാര്‍ട്ടിയുടെ കാര്യമെടുത്താല്‍ സ്ഥാപകനായ മുലായംസിങ്ങിന്റെ കാലത്തുള്ള പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. 2014-ല്‍ മത്സരിച്ച പാര്‍ട്ടി പോലുമല്ല അത്. അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവ് പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി-ലോഹ്യ (പിഎസ്പിഎല്‍) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. ഈ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 'താക്കോല്‍' ചിഹ്നമായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പഴയ പാര്‍ട്ടിക്കാരുടെ പിന്തുണ ശിവപാലിനാണ്. യുവാക്കളുടെ പിന്തുണയാണ് അഖിലേഷിനുള്ളത്. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ശിവപാല്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

കോണ്‍ഗ്രസ്സ്, എസ്പി-ബിഎസ്പി സഖ്യത്തിനു പുറത്താണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും (റായ്ബറേലിയും അമേഠിയും) 7.5 ശതമാനം വോട്ടുമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് പറയുമ്പോഴും കോണ്‍ഗ്രസ്സിനോടുള്ള മായാവതിയുടെയും അഖിലേഷിന്റെയും സമീപനം വ്യത്യസ്തമാണ്. സഖ്യം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ തന്നെ മായാവതി കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ചപ്പോള്‍, അഖിലേഷ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതുതന്നെ ഭിന്നതയുടെ സൂചനയാണ്. സഖ്യത്തിലെടുക്കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 

ചരണ്‍സിങ്ങിന്റെ മകന്‍ അജിത് സിങ്ങിന്റെ പാര്‍ട്ടിയായ ആര്‍എല്‍ഡിയും സഖ്യത്തിലില്ല. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാട്ടുകള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. എസ്പി-ബിഎസ്പി സഖ്യത്തിനെ മുക്കാന്‍ കോണ്‍ഗ്രസ്സിന്റെയും ആര്‍എല്‍പിയുടെയും വോട്ട് ധാരാളം മതി. നിലനില്‍പ്പിന്റെ പ്രശ്‌നം നേരിടുകയും, അധികാരം മോഹം അസ്ഥിക്ക് പിടിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ ഇതിനെക്കുറിച്ചൊന്നും മായാവതിയും അഖിലേഷും ചിന്തിക്കുന്നില്ല.

ഇപ്പോള്‍ എങ്ങനെയൊക്കെ ഐക്യം പ്രഖ്യാപിച്ചാലും ശത്രുതാപരമായ ഭൂതകാലം ഇരുവരെയും, പ്രത്യേകിച്ച് സ്വന്തം പാര്‍ട്ടി അണികളെ വേട്ടയാടുമെന്ന് ഉറപ്പാണ്. 1993-ല്‍ ബിജെപിയെ പുറത്തുനിര്‍ത്താന്‍ ബിഎസ്പിയും എസ്പിയും സഖ്യമായി മത്സരിക്കുകയും മുലായം മുഖ്യമന്ത്രിയാവുകയും ചെയ്തതാണ്. അന്ന് ബിഎസ്പി നേതാവ് കാന്‍ഷിറാമും, എസ്പിയെ നയിച്ചിരുന്നത് മുലായം സിങ്ങുമായിരുന്നു. തുടക്കത്തില്‍ വലിയ ആവേശത്തോടെ ഭരിച്ചെങ്കിലും പിന്നീട് രണ്ട് പാര്‍ട്ടികളും അകന്നു. 1994-ല്‍ മീററ്റില്‍ ബിഎസ്പിക്കാര്‍ അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചതിനെതിരെ യാദവര്‍ രംഗത്തുവന്നതോടെ ബന്ധം വഷളായി.

1995-ലെ ലക്‌നൗ ഗസ്റ്റ് ഹൗസ് സംഭവം കുപ്രസിദ്ധമാണ്. ഒരുമിച്ചുപോകാന്‍ കഴിയാതെ വന്നപ്പോള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചു. അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ എംഎല്‍എമാരുടെ യോഗം വിളിച്ച മായാവതിയെ ഗസ്റ്റ് ഹൗസില്‍ തടങ്കലിലാക്കി. ഗസ്റ്റ് ഹൗസ് വളഞ്ഞ ഇരുന്നൂറോളം വരുന്ന അക്രമാസക്തരായ മുലായത്തിന്റെ പാര്‍ട്ടിക്കാര്‍ മായാവതിയെ അപായപ്പെടുത്തുമെന്ന നിലവന്നു. ബിജെപി നേതൃത്വം ഇടപെട്ടാണ് അന്ന് മായാവതിയെ രക്ഷിച്ചത്. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ശക്തമായി മത്സരിക്കുന്നത് ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തുമെന്നത് ശരിയാണ്. പക്ഷേ, നരേന്ദ്രമോദിയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ ഒരു നിലയ്ക്കും അതിന് കഴിയില്ല. 

 

                                                                                                                              മുരളി പാറപ്പുറം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.