കെവിന്‍ കൊലക്കേസ് വാദം 24ന് തുടങ്ങും

Thursday 17 January 2019 3:58 pm IST
നീനുവിന്റെ സഹോദരനടക്കം 13 പ്രതികളാണ് കേസില്‍ ഉള്ളത്. ഇതില്‍ ഏഴുപേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്.

കോട്ടയം : കെവിന്‍ കൊലക്കേസിന്റെ വാദം ഈസം 24ന് ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനെ തുടര്‍ന്ന് കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ മെയ് 28നാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടക്കുന്നത്. കെവിനും ബിരുദ വിദ്യാര്‍ത്ഥിനിയായ നീനുവും തമ്മില്‍ മെയ് 24ന് രജിസ്റ്റര്‍ വിവാഹം കഴിച്ചതില്‍ നീനുവിന്റെ വീട്ടുകാര്‍ക്കുള്ള എതിര്‍പ്പാണ് കൊലപാതകത്തിലേക്ക് എത്തിയത്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് ശേഷം മെയ് 27ന് നീനുവിന്റെ സഹോദരനടക്കം കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അതിന് പിറ്റേന്ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തു. മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

തട്ടിക്കൊണ്ടുപോയ സംഘം കെവിനെ മര്‍ദ്ദിച്ചവശനാക്കി ആറ്റില്‍ തള്ളിയിടുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. നീനുവിന്റെ സഹോദരനടക്കം 13 പ്രതികളാണ് കേസില്‍ ഉള്ളത്. ഇതില്‍ ഏഴുപേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. വിചാരണവേളയില്‍ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ 186 സാക്ഷികളും 180 തെളിവുകളുമാണ് ഉള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.