മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് സമ്മര്‍ദം

Friday 18 January 2019 2:17 am IST

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  മൂന്നാം സീറ്റിനു വേണ്ടി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്താന്‍ മുസ്ലിം ലീഗ് നീക്കം. ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കവേ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ്  ഇത് സംബന്ധിച്ച സൂചന നല്‍കിയത്. മൂന്നാം സീറ്റ് ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ല എന്നതായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഈ ആവശ്യം നേതാക്കള്‍ നിരാകരിച്ചില്ല. വയനാട്, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലം മുസ്ലിം ലീഗിന് വിട്ടുനല്‍കണമെന്ന ആവശ്യമാണ് ഉയര്‍ത്തുക. എ.പി. അബ്ദുള്‍ വഹാബിനെ മുന്‍ നിര്‍ത്തിയാണ് നീക്കം.

 കാസര്‍കോടായിരിക്കും ലീഗിന്റെ പ്രഥമ പരിഗണന. നേരത്തെ മുസ്ലിം ലീഗിന് നല്‍കിയ മണ്ഡലമാണ് കാസര്‍കോട്.  സംഘടനാപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ അത് കോണ്‍ഗ്രസ്സിന് വിട്ട് കൊടുക്കുകയായിരുന്നു. വയനാട്, വടകര മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായതിനാല്‍ അത് ലഭിക്കില്ലെന്ന ചര്‍ച്ചയും മുസ്ലിം ലീഗിലുണ്ട്. സ്വാഭാവികമായും കാസര്‍കോട്  സീറ്റ് ലക്ഷ്യം വെച്ചായിരിക്കും ലീഗ് സമ്മര്‍ദ്ദം ചെലുത്തുക. കോണ്‍ഗ്രസ്സിന്റെ സംഘടനാപ്രവര്‍ത്തനം തീര്‍ത്തും ദുര്‍ബലമായ കാസര്‍കോട്ട് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് മാത്രമേ പ്രസക്തിയുള്ളൂവെന്നാണ് ലീഗിന്റെ വാദം. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തിയ കോണ്‍ഗ്രസ്സ് നിലപാടിനെതിരെ സംസ്ഥാന സമിതിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുസ്ലിം ലീഗിന്റെ വോട്ട് നേടി വിജയിച്ച യുഡിഎഫ് അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യം യോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.