മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഗുര്‍മീതിന് ജീവപര്യന്തം തടവ്

Thursday 17 January 2019 7:07 pm IST

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ജീവപര്യന്തം തടവ്. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.  

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിയെ ഗുര്‍മീത് കൊലപ്പെടുത്തുന്നത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത്  സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതിനെ കുറിച്ച് പൂരാ സച്ച്  പത്രത്തിലൂടെ ഛത്രപതി റിപ്പോര്‍ട്ട് നല്‍കി.  ഇതില്‍ അസ്വസ്ഥനായ  ഗുര്‍മീത് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി.പിന്നീട് സംഭവത്തില്‍ കേസ് എടുക്കുകയും 2006ല്‍ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു. ആശ്രമത്തിലെ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്. 

2017ല്‍ ഗുര്‍മീതിനെതിരെ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ ഉണ്ടായ കലാപത്തില്‍ 40ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അത്തരമൊരും സാഹചര്യം ഒഴിവാക്കുന്നതിനായി ഗുര്‍മീത് സിംഗിനെ വീഡിയോ കോള്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.

വിധി പ്രഖ്യാപനത്തിന്റെ ഭാഗമായി സിര്‍സ, രോഹ്തക് ജില്ലകളില്‍ വന്‍ സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ സിര്‍സ ജില്ലയില്‍ ആയിരത്തോളം പോലീസുകരെയും, ദേരാ സച്ചാ സൗദാ ആസ്ഥാനത്തേക്കുള്ള വഴിയില്‍ 14 ചെക്ക്‌പോസ്റ്റുകളും തയാറാക്കിയിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി 14 ഗസറ്റഡ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.

രോഹ്തക് ജില്ലയില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ്‌കാരെ കാവലിന് ഏര്‍പ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.