എണ്ണൂര്‍ ടെര്‍മിനല്‍ ഈ മാസം; കൊച്ചി എല്‍എന്‍ജി ടെര്‍മിനലിന് ആശങ്ക

Friday 18 January 2019 7:16 am IST

മട്ടാഞ്ചേരി: പതിനേഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത പുതുവൈപ്പിനിലെ കൊച്ചി എല്‍എന്‍ജി ടെര്‍മിനലിന്റെ  ഭാവി അനിശ്ചിതത്വത്തില്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണൂര്‍ എല്‍എന്‍ജി ടെര്‍മിനല്‍ ജനുവരി അവസാനം ഉദ്ഘാടനം ചെയ്യുന്നതോടെ തെക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലുമുള്ള ആവശ്യക്കാര്‍ പുതിയ ടെര്‍മിനലിനെ ആശ്രയിക്കും. ഇത് കൊച്ചിയുടെ ഭാവിക്ക് തിരിച്ചടിയാകും

കൊച്ചി ടെര്‍മിനലില്‍ നിന്ന് മംഗലാപുരത്തേക്കും, കോയമ്പത്തൂരിലേക്കുമുള്ള ഗെയ്‌ലിന്റെ(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) എല്‍എന്‍ജി വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മംഗലാപുരം പൈപ്പിടല്‍ പുര്‍ത്തികരിക്കുമെന്ന പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. 

 പെട്രോനെറ്റിന് കൊച്ചി ടെര്‍മിനല്‍ ഇപ്പോള്‍ ബാധ്യതയായി.  2002ലാണ് കൊച്ചി, ദഹേജ് (ഗുജറാത്ത്) ടെര്‍മിനലുകള്‍ക്ക് അംഗീകാരം ലഭിച്ചത്. 2.5 ദശലക്ഷം ടണ്‍ ശേഷിയുള്ളതായിരുന്നു ടെര്‍മിനലുകള്‍. 15 വര്‍ഷം മുന്‍പ്, 2004 ഫെബ്രുവരിയില്‍ ഗുജറാത്തിലെ ദഹേജ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തു. നാല് ഘട്ടങ്ങളിലായി വികസനത്തിലുടെ 2019ജൂണില്‍ 17.5ദശലക്ഷം ടണ്‍ ശേഷിയുമായി ഒന്നാമതെത്തി. 

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ ശേഷി അഞ്ച് ദശലക്ഷം ടണ്‍ ശേഷിയുള്ള ടെര്‍മിനലാക്കി ഉയര്‍ത്തി 2013 ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങി.  2014 ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്‌തെങ്കിലും അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ടെര്‍മിനല്‍ ശേഷിയുടെ 14 ശതമാനം മാത്രമേ പ്രയോജനപ്പെടുത്താനായുള്ളു. ചില ഘട്ടങ്ങളില്‍ 10 ശതമാനത്തിലും താഴെയാകും. നാല് സ്ഥാപനങ്ങള്‍ മാത്രമാണ് കൊച്ചിയുമായി കരാറായത്. 

വിവിധ നഗരങ്ങളിലേക്കുള്ള സിറ്റി ഗ്യാസ് പദ്ധതിയും അനിശ്ചിതത്വത്തിലാണ്. കൊച്ചി ടെര്‍മിനലിന് 20 വര്‍ഷമാണ് ആസ്‌ട്രേലിയയുമായി പെട്രോനെറ്റ് കരാര്‍. ഗെയില്‍ പൈപ്പിടല്‍ ഇനിയും 20ശതമാനം പൂര്‍ത്തികരിക്കാനുണ്ട്. മാര്‍ച്ചിലാണ് കാലാവധി, ഇതിനിടെ തൂത്തുക്കുടിക്ക് സമീപം എണ്ണൂറിലെ എല്‍എന്‍ജി ടെര്‍മിനല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കമ്മീഷന്‍ ചെയ്യുന്നതോടെ കൊച്ചിയുടെ കോയമ്പത്തൂര്‍ കരാറുകാര്‍ അവിടെക്ക് മാറുമെന്നാണ്  സൂചന. ബെംഗളുരൂ, ഹുബള്ളി, സേലം വ്യാവസായിക മേഖലയും കൊച്ചിയെ തഴയും.

എസ്. കൃഷ്ണകുമാര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.