ഉണര്‍വാണ് നവോത്ഥാനം, മതിലല്ല

Saturday 19 January 2019 1:33 am IST
കൊച്ചിയില്‍ 'ആര്‍പ്പോ ആര്‍ത്തവം' സംഘടിപ്പിച്ച നവോത്ഥാന നായകരോട് സഹതാപവും അവജ്ഞയുമാണ് തോന്നുന്നത്. മതിലുകെട്ടിയും പഴകിത്തുരുമ്പിച്ച ജാതിക്കോമരകഥകള്‍ പറഞ്ഞുമല്ല നവോത്ഥാനം നടത്തേണ്ടത്. പള്ളിക്കൂടത്തിന്റെ പടിവാതില്‍ കാണാത്തവര്‍പോലും പറയാനറയ്ക്കുന്ന പദങ്ങള്‍ നിരത്തിയ ബാനറുകള്‍ക്ക് കീഴെ മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തിലെ ചാര്‍ട്ടുകള്‍ പിന്തിരിഞ്ഞോടുന്ന തരത്തിലുള്ള നഗ്നചിത്രങ്ങള്‍ക്കുമുമ്പില്‍ അണിനിരന്ന, സാംസ്‌കാരിക മണ്ഡലത്തിന്റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവരെന്നു നടിക്കുന്ന അദ്ധ്യാപകരടക്കമുള്ള വര്‍ഗ്ഗത്തിനോട് ഒന്നേപറയാനുള്ളൂ: 'മാനിഷാദാഃ'

സ്ത്രീ അമ്മയാണ്. മനുഷ്യകുലത്തിന്റെ ഉറവിടമാണ്. സഹോദരിയാണ്, ഭാര്യയാണ്, സ്‌നേഹിതയാണ്, 'കുടുംബത്തിന്റെ വിളക്കാ'ണ്. ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധിയെപ്പറ്റി വള്ളത്തോള്‍ പാടിയിട്ടുണ്ടല്ലോ. 

പൂജനീയയായ ഒരു സ്ത്രീയും ചുംബനസമരത്തിനോ വനിതാമതില്‍പ്പണിക്കോ ഫ്‌ളാഷ് മോബിനോ ശരീരം കച്ചവടച്ചരക്കാക്കാനോ അശുദ്ധവസ്തുക്കള്‍ പൊതികെട്ടി കൊണ്ടുനടക്കാനോ ശ്രമിച്ചിട്ടില്ല. 

കൊച്ചിയില്‍ 'ആര്‍പ്പോ ആര്‍ത്തവം' സംഘടിപ്പിച്ച നവോത്ഥാന നായകരോട് സഹതാപവും അവജ്ഞയുമാണ് തോന്നുന്നത്. മതിലുകെട്ടിയും പഴകിത്തുരുമ്പിച്ച ജാതിക്കോമരകഥകള്‍ പറഞ്ഞുമല്ല നവോത്ഥാനം നടത്തേണ്ടത്. പള്ളിക്കൂടത്തിന്റെ പടിവാതില്‍ കാണാത്തവര്‍പോലും പറയാനറയ്ക്കുന്ന പദങ്ങള്‍ നിരത്തിയ ബാനറുകള്‍ക്ക് കീഴെ മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തിലെ ചാര്‍ട്ടുകള്‍ പിന്തിരിഞ്ഞോടുന്ന തരത്തിലുള്ള നഗ്നചിത്രങ്ങള്‍ക്കുമുമ്പില്‍ അണിനിരന്ന, സാംസ്‌കാരിക മണ്ഡലത്തിന്റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവരെന്നു നടിക്കുന്ന അദ്ധ്യാപകരടക്കമുള്ള വര്‍ഗ്ഗത്തിനോട് ഒന്നേപറയാനുള്ളൂ: 'മാനിഷാദാഃ'

 നവോത്ഥാനം എല്‍കെജിയില്‍ സംസ്‌കാരത്തിന്റെ വിത്തുപാകി അവിടെനിന്ന് തുടങ്ങൂ. കതിരില്‍ വളം വെയ്ക്കുന്ന കൃഷിസ്ഥലമായി മാറിയിരിക്കുന്നു ഇന്നു നമ്മുടെ സര്‍വ്വകലാശാലകള്‍. യൂണി'വേഴ്‌സ്'സിറ്റി എന്ന് പോലും വിളിക്കാവുന്നത്ര തരം താണനിലയിലാണ് പോക്ക്. കാരണം രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കനുസരണമായി ഇത്തരം കലാലയങ്ങളിലെ അദ്ധ്യാപകര്‍ അതിന്റെ ഭരണകര്‍ത്താവിന്റെ പദവി ലാക്കാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണാധികാരികള്‍ക്ക് മണി അടിക്കല്‍. അതിനായി പ്രത്യേകം നോട്ടുപുസ്തകം തയ്യാറാക്കി വിവിധ പ്രാന്തങ്ങളില്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയും അത്യാവശ്യത്തിന്് സാഹിത്യ ചോരണം നടത്തിയും സന്ദേശങ്ങള്‍ എത്തിക്കുന്നതാണോ നവോത്ഥാനം? 

ഒരു പ്രാസംഗികന്‍ കുമാരനാശാന്റെ സീതയെ മുന്‍നിര്‍ത്തി രാമനെ വിറപ്പിച്ചു. അവളെ നവോത്ഥാന നായികാപട്ടമണിയിച്ച് കൈയടിവാങ്ങി. ചിന്താവിശിഷ്ടയായ സീതയുടെ അന്തരംഗത്തിലൂടെ കടന്നുപോയ ജീവിതാനുഭവങ്ങള്‍ ചിത്രീകരിക്കുന്ന ആശാന്‍, സീതയെ തികഞ്ഞ കുലസ്ത്രീയായിട്ടാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. പക്ഷേ  മണ്‍മറഞ്ഞുപോയ ആശാനും വള്ളത്തോളിനും താന്താങ്ങളുടെ ഭാഗം വിവഹരിച്ച് സാധൂകരിക്കാന്‍ ഇനി സാധിക്കില്ലല്ലോ.

സത്യം മാതാപിതാ ജ്ഞാനം എന്നല്ലേ നീതിസാരം പറയുന്നത്. നീതിസാരവും മനുസ്മൃതിയും പൊള്ളയാണെന്ന് വാദിക്കുന്ന വിദ്യാഭ്യാസ വിവക്ഷണന്മാര്‍ക്ക് ഇത് സഹിക്കില്ല. ജ്ഞാനം ഉപദേശിച്ചുതരുന്ന പിതാവിനെ അഭിനവ നവോത്ഥാന നായകര്‍ക്ക് ചോദ്യം ചെയ്യാം. രണ്ടാമൂഴത്തില്‍ ഭീമസേനന്‍ കുന്തീദേവിയെ പ്രതികൂട്ടില്‍ നിര്‍ത്തി വിസ്തരിച്ചതുപോലെ.

നവോത്ഥാനത്തിന്റെ അടിത്തറ സംസ്‌കാരത്തിലധിഷ്ഠിതമായിരിക്കണം. എന്തിനേയും വെല്ലുന്ന സമൂഹമദ്ധ്യത്തില്‍ ശ്രദ്ധിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന വിക്രിയകളാവരുത് നവോത്ഥാനം. മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭംഗം വരുത്തുന്ന എന്തിനേയും ചോദ്യം ചെയ്യാം. മാറ്റിയെടുക്കാം. അതിന് ബാഹുബലത്തിന്റെ മതിലല്ല, ബൗദ്ധികമായ ഉണര്‍വിന്റെ അണമുറിയാത്ത സ്രോതസ്സാണ് അഭികാമ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.