മൂന്ന് വര്‍ഷമായി ശമ്പളമില്ലാതെ മൂവായിരം പേര്‍

Saturday 19 January 2019 1:16 am IST

കൊല്ലം: മൂന്നു വര്‍ഷമായി ശമ്പളമില്ലാതെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍. കൊട്ടിഘോഷിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണിത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതെയും എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാതെയും നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വലിയ പരാജയമാണെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്‍പിഎസ്എ, യുപിഎസ്എ, എച്ച്എസ്എ തസ്തികകളില്‍ പതിമൂവായിരത്തോളം ഒഴിവുകള്‍ ഉള്ളതായാണ് നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി. പിഎസ്‌സി ലിസ്റ്റ് നിലവിലുള്ള ജില്ലയില്‍ പോലും ഈ ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കുന്നില്ല. 2016 ജനുവരി 26ന് ശേഷം എയ്ഡഡ് സ്‌കൂളുകളില്‍ കെഇആര്‍ നിയമപ്രകാരം നിയമനം ലഭിച്ച അധ്യാപകര്‍ക്ക് അംഗീകാരമില്ലാത്തതിനാല്‍ ശമ്പളമില്ല. മൂവായിരത്തോളം പേരാണ് ഇങ്ങനെ നിയമനാംഗീകാരം ലഭിക്കാത്തവര്‍.

ഇതിനെതിരെ ഭിക്ഷാടന സമരം തുടങ്ങിയിരിക്കുകയാണ് അധ്യാപകരും അനധ്യാപകരും. നിയമനാംഗീകാരം ലഭിക്കാത്തവരുടെ കൂട്ടായ്മയാണ് 21 വരെ സെക്രട്ടേറിയറ്റ് പരിസരത്തും ഡിപിഐ ഓഫീസിന് മുമ്പിലും ഉപവാസവും ഭിക്ഷാടനവും നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.