അധ്യാപക നിയമനം: ഹര്‍ജിയില്‍ വിശദീകരണം തേടി

Saturday 19 January 2019 3:00 am IST

കൊച്ചി : എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും അദ്ധ്യാപക നിയമനം പിഎസ്‌സിക്കു വിടണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണത്തിന് ഹൈക്കോടതി മൂന്നാഴ്ച കൂടി സമയം അനുവദിച്ചു.

 ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ഇത്തരം നിയമനങ്ങള്‍ പിഎസ്‌സി വഴി നടത്തണമെന്ന് ചട്ടമില്ലെന്ന് പിഎസ്‌സിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.  നിയമ നിര്‍മ്മാണത്തിലൂടെ സാദ്ധ്യമാകേണ്ട കാര്യമാണിതെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും പിഎസ്‌സി വിശദീകരിച്ചു. തുടര്‍ന്നാണ് വിശദീകരണത്തിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയത്. എയ്ഡഡ് കോളജുകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകരെ നിയമിക്കുന്നത് മാനേജ്‌മെന്റുകള്‍ ആണെങ്കിലും കോളജുകളില്‍ യുജിസിയും സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ വകുപ്പുമാണ് ശമ്പളം നല്‍കുന്നത്. ഈ സമ്പ്രദായം മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നിലവിലെ രീതി മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലം സ്വദേശി എംകെ സലിമാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.