നദാല്‍, ഫെഡറര്‍, കെര്‍ബര്‍, ഷറപ്പോവ മുന്നോട്ട്

Saturday 19 January 2019 3:10 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, ആഞ്ചലീക് കെര്‍ബര്‍, മരിയ ഷറപ്പോവ, പെട്ര ക്വിറ്റോവ തുടങ്ങിയവര്‍ പ്രീ ക്വാര്‍ട്ടറില്‍.

പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനോറിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-1, 6-2, 6-4. മൂന്നാം സീഡ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും അനായാസ ജയത്തോടെയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. 6-2, 7-5, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോസ് 7-6(7-5), 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇറ്റാലിയന്‍ താരം തോമസ് ഫാബിയാനോയെ തോല്‍പ്പിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചും പ്രീ ക്വാര്‍ട്ടറില്‍ ഇടംനേടിയിട്ടുണ്ട്.

വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് ഡെന്മാര്‍ക്കിന്റെ കരോലിനെ വോസ്‌നിയാക്കിയെ അട്ടിമറിച്ചാണ് റഷ്യന്‍ താരം മരിയ ഷറപ്പോവ നാലാം റൗണ്ടിലേക്ക് മുന്നേറിയത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 6-4, 4-6, 6-3 എന്ന സ്‌കോറിനായിരുന്നു ഷറപ്പോവയുടെ ജയം. രണ്ടാം സീഡ് ജര്‍മ്മനിയുടെ കെര്‍ബര്‍ ഓസീസ് താരം കിംബെര്‍ലി ബിറെലിയെ 6-1, 6-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ചിനെ 6-1, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പെട്ര ക്വിറ്റോവ പ്രീ ക്വാര്‍ട്ടറിലെത്തിയത്. അമേരിക്കന്‍ താരങ്ങളായ സ്ലൊയ്ന്‍ സ്റ്റീഫന്‍സ്, ഡാനിയേല കോളിന്‍സ്, അമാന്‍ഡ അനിസിമോവ, ആഷ്‌ലി ബാര്‍ട്ട്‌ലി എന്നിവരും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.