കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി പോര്‍ച്ചുഗലില്‍നിന്നുള്ള നെലോ വിന്‍ഗാദയെ നിയമിച്ചു. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഡേവിഡ് ജെയിംസിന്റെ പിന്‍ഗാമിയായാണ് വിന്‍ഗാദയുടെ നിയമനം. 2016-17ല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പരിശീലകനായിരുന്നു.
30 വര്‍ഷത്തെ കോച്ചിങ് അനുഭവ സമ്പത്തുമായാണ് 65കാരനായ നെലോ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. പോര്‍ച്ചുഗീസ് ടീമായ ബെലെനെസെസിന്റെ പരിശീലകനായിട്ടായിരുന്നു നെലോയുടെ തുടക്കം. പോര്‍ച്ചുഗല്‍, സൗദി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ ദേശീയ ടീമുകളെയും ഈജിപ്റ്റ് അണ്ടര്‍ 20, ഇറാന് അണ്ടര്‍ 22 ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2016-17 ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്റെ പരിശീലകനായി. പിന്നാലെ മലേഷ്യന്‍ ദേശീയ ടീമിലേക്കു ക്ഷണം ലഭിച്ചു. എന്നാല്‍ നെലോക്കു കീഴില്‍ മലേഷ്യ വന്‍പരാജയം ഏറ്റുവാങ്ങി. ഏഷ്യന്‍ കപ്പ് യോഗ്യത പോലും നേടാത്തതിനെത്തുടര്ന്നായിരുന്നു മലേഷ്യയില്‍നിന്ന് മടക്കം.
ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിടത്താണ് നെലോ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 12 മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
25ന് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ്-എടികെ മത്സരത്തോടെയാണ് ഐഎസ്എല്‍ പുനരാരംഭിക്കുന്നത്. രണ്ടു ഹോം മത്സരം ഉള്‍പ്പെടെ ആറു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: