താരമായി ധോണി

Saturday 19 January 2019 3:46 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ താരമായി മാറിയത് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ദ്ധസെഞ്ചുറി നേടിയാണ് ധോണി മാന്‍ ഓഫ് ദി സീരീസായി മാറിയത്.

സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 34 റണ്‍സിന് തോറ്റപ്പോള്‍ ഏറ്റവും പഴികേട്ടത് ധോണിയായിരുന്നു. സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ കഴിയാതെ ധോണി തുഴഞ്ഞതാണ് തോല്‍വിക്ക് കാരണമെന്നാണ് അന്ന് പറഞ്ഞത്. ഈ കളിയില്‍ അഞ്ചാമനായി ക്രീസിലെത്തിയ ധോണിക്ക് 96 പന്തില്‍ 51 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ധോണിയുടെ ഈ പ്രകടനത്തെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പരിഹസിച്ചത്.

എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അവസാന ഓവറില്‍ ജയമൊരുക്കിയ ധോണി മൂന്നാം ഏകദിനത്തിലും മികവ് ആവര്‍ത്തിച്ചു. 

സ്ലോ വിക്കറ്റായതിനാല്‍ മെല്‍ബണില്‍ ബാറ്റിങ്ങ് ദുഷ്‌കരമായിരുന്നുവെന്ന് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ധോണി പറഞ്ഞു. ഓസീസിന്റെ പ്രധാന ബൗളര്‍മാരില്‍ പലരുടെയും ഓവറുകള്‍ പൂര്‍ത്തിയാവാനായിരുന്നതിനാല്‍ അവസാനം വരെ പിടിച്ചു നിന്നത് വിജയത്തില്‍ നിര്‍ണായകമായെന്നും ധോണി പറഞ്ഞു. 

തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ പ്രകടനമാണ് ധോണിയെ പരമ്പരയുടെ താരമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പുറത്താവാതെ നിന്ന ധോണി 193 റണ്‍സ് ശരാശരിയില്‍ 193 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ പരമ്പരയിലെ ടോപ്‌സ്‌കോറര്‍ ഓസീസ് താരം ഷോണ്‍ മാര്‍ഷാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയടക്കം 224 റണ്‍സ്.

185 റണ്‍സുമായി രോഹിത് ശര്‍മയാണ് മൂന്നാമത്. 153 റണ്‍സെടുത്ത കോലി നാലാമതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.