ശബരിമല; എന്‍ഡിഎ സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Saturday 19 January 2019 2:36 pm IST
ശബരിമല സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന കാര്യവും ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു.

തിരുവനന്തപുരം: ശബരിമലയെ നിരീശ്വരവാദികളില്‍ നിന്നു സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച ഒപ്പുകളും നിവേദനവും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയുടേയും ഒ. രാജഗോപാല്‍ എംഎല്‍എയുടേയും നേതൃത്വത്തിലാണ് എന്‍ഡിഎ നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. 

ഭരണഘടനയിലെ 307, 308 വകുപ്പുകള്‍ ദുരുപയോഗം ചെയ്ത് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഗവര്‍ണറെ കണ്ട് നിവേദനം സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. 

തൃശൂരിലെ ഓര്‍ത്തഡോക്‌സ് സഭാ വികാരിയുടെ മേല്‍ 307 വകുപ്പ് ചുമത്തി കേസെടുത്തു. ഒരു ഭദ്രാസനാധിപനെതിരെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി വധശ്രമത്തിന് കള്ളക്കേസെടുത്തിരിക്കുന്നു. എതിര്‍ക്കുന്നവരെ നിയമം ദുരുപയോഗം ചെയ്ത് കേസില്‍ കുടുക്കുന്ന അവസ്ഥയാണ് കേരളത്തില്‍ ഇന്ന് നിലവിലുള്ളത്. കൂടാതെ ശബരിമലയിലെ കള്ളക്കേസുകളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ഈ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച മലകയറിയ വനിതകളുടെ ലിസ്റ്റ് ആയാലും കേരളത്തിലെ ക്രമസമാധാന നിലയെ കുറിച്ച് ഗവര്‍ണര്‍ക്കും കോടതിക്കും സമര്‍പ്പിച്ച റിപ്പോര്‍ട്ടായാലും ഉള്ളടക്കം കളവാണെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഇത്തരത്തില്‍ കളവ് പറയുന്ന, എതിരാളികളെ അടിച്ചമര്‍ത്തുന്നവരെ എന്‍ഡിഎ ശക്തമായ സമരങ്ങളിലൂടെ നേരിടുന്നെും ശ്രീധരന്‍പിള്ള പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ബിഡിജെഎസ് ജനറല്‍ സെക്രട്ടറിമാരായ വി. ഗോപകുമാര്‍, രാജേഷ്, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍  പി.സി. തോമസ്, ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട് സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യു, പിഎസ്പി ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.