ജ്വാലയായി അശ്വതി

Sunday 20 January 2019 4:50 am IST
വിദേശ വനിതയുടെ ദുരൂഹമരണം ആത്മഹത്യയാക്കാന്‍ ശ്രമിച്ച പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതോടെ അശ്വതി പലരുടെയും നോട്ടപ്പുള്ളിയായി. പിന്നെ വേട്ടയാടലും ഒറ്റപ്പെടുത്തലും. അസഹിഷ്ണുതയുടെ ഭീതിപ്പെടുത്തുന്ന വികൃതമുഖങ്ങള്‍ നേരിട്ട് കണ്ടു. എന്നാലും പിറകോട്ടില്ല. മനസ്സിന് കരുത്തേകി സധൈര്യം മുമ്പോട്ട്.

ജീവിതാനുഭവം കൈവെള്ളയില്‍ വെച്ചുതന്ന തീക്ഷ്ണമായ അനുഭവങ്ങളാണ് അശ്വതിയെ കരുത്തുള്ളവളാക്കിയത്. കണ്ണീരുവീണ ജീവിത പശ്ചാത്തലം പോരാടാനുള്ള ഊര്‍ജം പകര്‍ന്നു. സമൂഹത്തോട് തോന്നിയത് വെറുപ്പായിരുന്നില്ല, കരുണയായിരുന്നു. അതു മാത്രം കൈമുതലാക്കി കരുണവറ്റിയ സമൂഹത്തിലേക്ക്  ഈ പെണ്‍കുട്ടി ഇറങ്ങുമ്പോള്‍ പലരും പകച്ചുപോയി. വളരെ ചെറുപ്രായത്തില്‍ നിരാലംബര്‍ക്ക് താങ്ങും തണലുമായി അശ്വതി. ഇല്ലായ്മയുടെ നടുവിലാണ് അശ്വതി എന്നും. എന്നാല്‍ അനാഥര്‍ക്ക് എല്ലാമെല്ലാമാണ് അവര്‍.

പ്രതിസന്ധികളോട് മല്ലടിക്കുമ്പോള്‍ ആ മനസ്സ് തളര്‍ന്നതേയില്ല. പക്ഷേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മുമ്പില്‍ ഈ നല്ല മനസ്സ് വിതുമ്പി. വിദേശ വനിതയുടെ ദുരൂഹമരണം ആത്മഹത്യയാക്കാന്‍ ശ്രമിച്ച പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതോടെ അശ്വതി പലരുടെയും നോട്ടപ്പുള്ളിയായി. പിന്നെ വേട്ടയാടലും ഒറ്റപ്പെടുത്തലും. അസഹിഷ്ണുതയുടെ ഭീതിപ്പെടുത്തുന്ന വികൃതമുഖങ്ങള്‍ നേരിട്ട് കണ്ടു. എന്നാലും പിറകോട്ടില്ല. മനസ്സിന് കരുത്തേകി സധൈര്യം മുമ്പോട്ട്. രണ്ട് മക്കളുടെ-അഭിമന്യുവും കാശിനാഥും-അമ്മയായ ഈ യുവതി പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധം ജ്വാലയായി പടരുകയാണ്. അശ്വതിയുമായുള്ള അഭിമുഖം.

എന്നാണ് ജ്വാല ഫൗണ്ടേഷന്‍ ആരംഭിച്ചത്. എന്തായിരുന്നു കാരണം?

അഞ്ചു വര്‍ഷം. 2014ലാണ് ആരംഭിച്ചത്. കുട്ടിക്കാലത്ത് കഷ്ടപ്പാടുകള്‍ ഒരുപാട് അനുഭവിച്ചാണ് വളര്‍ന്നത്. ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടായിരുന്നു. അമ്മ വീട്ടുജോലി ചെയ്താണ് വളര്‍ത്തിയത്. വീട്ടുജോലി ചെയ്തിരുന്ന തെങ്ങിന്‍തോപ്പിലായിരുന്നു അമ്മയ്ക്ക് ഭക്ഷണം കിട്ടിയിരുന്നത്.

വൈകുന്നേരം സ്‌കൂള്‍ വിട്ടാല്‍ അനുജത്തിയുമായി ഓരോ വീടുകളുടെയും അടുക്കളവശത്ത് അമ്മയെ അന്വേഷിച്ച് എത്തുമായിരുന്നു. അടുക്കളയുടെ പിന്നിലെ തോപ്പിലിരുന്നാണ് ഞങ്ങളും ഭക്ഷണം കഴിച്ചിരുന്നത്. സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും പേരിലാണ് അന്ന് തെങ്ങിന്‍ തോപ്പിലിരുത്തി ഭക്ഷണം തന്നിരുന്നതെന്ന് പിന്നീടാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതാണ് ആദ്യശമ്പളം ലഭിച്ചപ്പോള്‍ത്തന്നെ തെരുവിലുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചത്.

അതിന്റെ തുടക്കമെങ്ങനെ?

 തിരുവനന്തപുരം ജില്ലയില്‍ ജനറല്‍ ഹോസ്പിറ്റലില്‍ ഒന്‍പതാം വാര്‍ഡിലെ അനാഥരായ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോയപ്പോള്‍ അധികൃതര്‍ നിയമപരമായ തടസ്സങ്ങള്‍ പറഞ്ഞു തടഞ്ഞു. ആ ഭക്ഷണം തെരുവിലേക്ക് കൊടുത്താണ് പ്രവര്‍ത്തനം കുറിച്ചത്.

 ജ്വാലയെ ആശ്രയിച്ചു കഴിയുന്നവര്‍?

തിരുവനന്തപുരത്തെ സിറ്റിയിലും റൂറല്‍ പ്രദേശത്തുമായി 110 ബങ്ക് കടകള്‍ ഉണ്ട്. ലോട്ടറി വില്‍പന കൗണ്ടര്‍, ടീ ഷോപ്പ് എന്നിവയാണ് ജീവനോപാധിക്കായി നിര്‍മ്മിച്ച് നല്‍കുന്നത്. തെരുവിലെത്തുന്ന ആളുകള്‍ക്ക് കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ ഭക്ഷണം നല്‍കുന്നു. 250 പേര്‍ക്ക് എല്ലാ ദിവസവും രണ്ടു നേരം ഭക്ഷണം. തെരുവിലുള്ളവര്‍ ഭക്ഷണ പൊതിക്കായി എന്നും കാത്തുനില്‍ക്കും. 40 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അവ കൊടുക്കുന്നത്. എസ്ബിഐ അനുവദിച്ച ഓട്ടോറിക്ഷയിലാണ് ഭക്ഷണവിതരണം. ഭക്ഷണം കൊടുക്കുന്നവരുടെ ശരീരത്തില്‍ മുറിവുകളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അവരെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയും നല്‍കുന്നു.

ഈ അനാഥരെ പാര്‍പ്പിക്കാന്‍ സംവിധാനമുണ്ടോ?

പൂവങ്കുളത്ത് 12 സെന്റ് സ്ഥലമുണ്ട്. 22 സെന്റ് വാങ്ങാന്‍ ഉദ്ദേശിച്ചു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം 12 സെന്റിലേക്ക് ഒതുക്കേണ്ടി വന്നു. ഓണത്തിന് തറക്കല്ലിട്ടു. പണികള്‍ ഉടന്‍ ആരംഭിക്കും. അനാഥര്‍ക്കും മാനസിക രോഗികള്‍ക്കും വേണ്ടിയാണ് ഈ പദ്ധതി.

ജ്വാല എന്ന ഫൗണ്ടേഷനെ എത്രപേര്‍ സഹായിക്കുന്നു?

സ്ഥിരമായി സഹായിക്കുന്നവര്‍ ആരുമില്ല. അറിഞ്ഞ് സഹായിക്കുന്നവരാണ് കൂടുതലും. ജന്മദിനവും മരണാനന്തര ചടങ്ങുകളുമൊക്ക വന്നാല്‍ ജ്വാലയെ തേടി എത്തുന്നവരാണ് കൂടുതലും.

പ്രവര്‍ത്തനങ്ങള്‍ എങ്ങനെ?

 ഇതുവരെ 2220 പേരെയാണ് തെരുവില്‍നിന്ന് രക്ഷപ്പെടുത്തിയത്. അതില്‍ 80 പേരെ തിരിച്ച് വീട്ടില്‍ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ സര്‍ക്കാര്‍ വക സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കുകയാണ് ചെയ്തത്.

ആളുകള്‍ എതിരഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടോ?

പ്രവര്‍ത്തനം ആരംഭിച്ച സമയത്ത് അധികം പ്രതിസന്ധികള്‍ ഉണ്ടായില്ല. സമൂഹം സ്വീകരിക്കുകയാണ് ചെയ്തത്. കാരണം കേരളത്തിലെ എല്ലാ മനുഷ്യസ്‌നേഹികളും തന്ന പ്രോത്സാഹനം കൊണ്ടാണ് എനിക്ക് ഇന്ന് ഇവിടെ നില്‍ക്കാന്‍ പറ്റിയത.് ഇക്കാര്യത്തില്‍ ജാതി-മത-രാഷ്ട്രീയം ഒന്നുമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ചില പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്, മാനസിക നില തെറ്റിയ ഒരു സ്ത്രീയെ ജ്വാലയില്‍ നിന്ന് കാണാതായി. അതുമൂലം ചില തെറ്റിദ്ധാരണകള്‍ ഉണ്ടാവുകയും ചെയ്തു.

വിദേശ വനിതയെ കാണാതായ ശേഷം ജ്വാല കടന്നാക്രമിക്കപ്പെട്ടിരുന്നോ?

തീര്‍ച്ചയായും. 2018 മാര്‍ച്ചിലെ സംഭവത്തിനുശേഷം ജ്വാല എന്ന പ്രസ്ഥാനത്തിന് രാഷ്ട്രീയ നിറം നല്‍കാന്‍ അനാവശ്യമായ ശ്രമം നടക്കുന്നുണ്ട്. ഒറ്റപ്പെടുത്തുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മനസ്സ്  ആരെയൊക്കെയോ ബോധ്യപ്പേടുത്തേണ്ട ദിനങ്ങളാണ് ആ ഒരു സംഭവത്തിനുശേഷം. ഈ സംഭവം ഉണ്ടാകുന്നതിന്റെ തൊട്ടുമുന്‍പുവരെ ജ്വാല എന്ന പ്രസ്ഥാനം എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. അതിനുശേഷമാണ് എനിക്കെതിരെ അനാവശ്യമായ രാഷ്ട്രീയവും ജാതിമത ആരോപണങ്ങളും ഉയര്‍ന്നത്. നേരത്തേയുള്ള വഴികളില്‍ കാരുണ്യം മാത്രം സംസാരിച്ച് മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട സാഹചര്യമാണ്.

ആ വിവാദത്തോടെ ആളുകളുടെ സഹായമനംഃസ്ഥിതി മാറിയോ? 

ഉണ്ടായിട്ടുണ്ട്. സഹായിക്കുന്നതില്‍ ഒട്ടേറെ പേര്‍ പിന്നോട്ടു പോയിട്ടുണ്ട്. ജ്വാല എന്ന സംഘടനയുടെ അടിവേര് ഇളക്കുന്ന രീതിയില്‍. എന്നിട്ടും അത് പിന്നോട്ട് പോകാതെ നില്‍ക്കുന്നുണ്ടെങ്കില്‍, കാരണം ആ സംഘടനയുടെ സത്യത്തില്‍ വിശ്വസിക്കുന്ന കുറേ നല്ലവരായ ആളുകള്‍ ഉള്ളതുകൊണ്ടാണ്. രാഷ്ട്രീയ മനോഭാവമുള്ളവരാണ് ഇതില്‍നിന്ന് പിന്നോട്ട് പോയത്.

 കേരള സമൂഹം എല്ലാറ്റിനെയും രാഷ്ട്രീയക്കണ്ണിലൂടെ നോക്കുന്നവരാണ്. എല്ലാറ്റിനും മതപരമായ കാഴ്ച്ചപ്പാട് നല്‍കുന്നവരാണ്. നമ്മള്‍ വിചാരിക്കുന്നപോലെയാവില്ല മറ്റുള്ളവര്‍ നമ്മെപ്പറ്റി വിചാരിക്കുന്നത്. എന്തുപറയുന്നു?

  സമൂഹത്തെ അറിയാന്‍ എനിക്കൊരു സംഭവം വേണ്ടിവന്നു. അതുവരെയും എന്റെ ചിന്തകളില്‍ മതമോ രാഷ്ട്രീയമോ ഒന്നുമില്ലായിരുന്നു. ഞാന്‍ തെരുവില്‍ കിടക്കുന്നവരെ കണ്ട് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച വ്യക്തിയാണ്. പക്ഷേ, ഇതൊക്കെ മനസ്സിലാക്കിത്തന്നതും, ഇങ്ങനെയൊക്കെയാണ് കേരളമെന്ന് ബോധ്യപ്പെടുത്തിയതും ഈ സമൂഹം തന്നെയാണ്. വളരെയധികം വിഭാഗീയമായിട്ടുള്ള ചിന്താഗതികളാണുള്ളത്.

ഇതിനുശേഷം സമൂഹത്തോട് വെറുപ്പ് തോന്നിയോ?

ഇല്ല. നമ്മുടെയുള്ളില്‍ ഒരു സത്യമുണ്ടല്ലോ. ആ സത്യം അംഗീകരിക്കപ്പെടുമെന്ന് നൂറു ശതമാനം വിശ്വസിക്കുന്നു. കാലക്രമേണ മാത്രമേ അവര്‍ക്കത് മനസ്സിലാവുകയുള്ളൂ. അതിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ജ്വാല എന്താണെന്നും അശ്വതി എന്താണെന്നും തിരിച്ചറിയുന്ന ഒരു ദിവസം, ആ ദിനത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.

ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നിയോ? 

 ഞാന്‍ ജീവിതത്തില്‍ ഒട്ടേറെ കഷ്ടപ്പാടുകളും വേദനകളും അനുഭവിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കില്ല. ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ടിയാണ് ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. അല്‍പനേരം മനസ്സ് ഒന്നു തളര്‍ന്നാലും തിരിച്ച് പതിന്മടങ്ങ് ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

ഈ സംഭവത്തിനുശേഷം മനസ്സുകൊണ്ടെടുത്ത തീരുമാനം?

 ഞാന്‍ ഹൃദയംകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പൊതുസമൂഹത്തെ കണ്ടുകൊണ്ടല്ല തെരുവിലിറങ്ങിയത്. ബോധം നശിച്ച മനുഷ്യര്‍ക്കുവേണ്ടിയാണ്. ആരെയും ഞാന്‍ ചെയ്യുന്ന ജോലി ബോധ്യപ്പെടുത്തേണ്ടതില്ല. ഭക്ഷണം കൊടുക്കുമ്പോള്‍ തിരിച്ച് തുപ്പിയിട്ടുള്ള ആളുകളുണ്ട്. ആ തുപ്പല്‍ തുടച്ചു കളഞ്ഞ് അവര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള മനസ്സ് എനിക്കുണ്ടെങ്കില്‍, ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെയും ഞാന്‍ തരണം ചെയ്യും. പക്ഷേ, ബോധപൂര്‍വ്വം താറടിക്കാനുള്ള ചിലരുടെ പ്രതികാരബുദ്ധി സംഘടനയെ സാരമായി ബാധിക്കുന്നുണ്ട്. ചില ആളുകള്‍ക്ക് ഭയമാണ് ജ്വാലയുമായി സഹകരിക്കുന്നതില്‍. അത് അവര്‍ പ്രത്യക്ഷമായി പറയുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിണക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ലത്രേ. ആ സമയത്ത് എനിക്ക് കാണുവാന്‍ കഴിഞ്ഞത് ഇതിലെ രാഷ്ട്രീയമാണ്.

പണം വാങ്ങിയെന്ന ആരോപണത്തെ എങ്ങനെ കാണുന്നു?

ഇാ സംഭവത്തില്‍ ആരോ ഒരാള്‍ പരാതി നല്‍കി. ഉടന്‍തന്നെ ഡിജിപി 'കൈരളി' പോലുള്ള ചാനലുകള്‍ക്ക് കൊടുത്തിട്ട് അത് സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ഒരു ചതി അതില്‍ നടന്നു. അങ്ങനെയാണിത് ഇത്രയധികം ജനങ്ങളിലേക്കെത്തിയത്. പരാതി കിട്ടിയാലുടന്‍ നേരേ അത് കൈരളി ചാനലിന് എന്നൊരു ഗൂഢാലോചനയാണ് അവിടെ നടന്നത്.

ഈ സംഭവത്തില്‍ ഒരുപാട് പേര്‍ പിന്തുണച്ചിരുന്നില്ലേ?

തീര്‍ച്ചയായും. ഓരോ അനുഭവങ്ങളും വലിയൊരു തിരിച്ചറിവാണ്. ഈ സംഭവത്തില്‍ മൂന്ന് നാലു ദിവസം വിശ്രമമില്ലാതെ നിരവധി ഫോണുകള്‍ വന്നുകൊണ്ടിരുന്നു.

ഭീഷണികള്‍ നേരിട്ടിരുന്നോ?

ഭീഷണികള്‍ ഒന്നുംതന്നെ ഇതുവരെയും ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അവര്‍ക്കൊരു പരിധിയില്‍ കൂടുതല്‍ എന്നെക്കുറിച്ച് പറയാന്‍ കഴിയില്ല. കാരണം അത് നന്ദികേടായി മാറും. അങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ഇവിടെ നീതിക്കൊന്നും ഒരര്‍ത്ഥവുമില്ലാതാകും.

ഇത്തരം വിവാദങ്ങളെ സമൂഹമാധ്യമങ്ങള്‍ പിന്തുണച്ചോ?

തീര്‍ച്ചയായും. സോഷ്യല്‍ മീഡിയയിലെ ആളുകളാണ് പ്രതിരോധിച്ചത്. പിന്നെ ഏറ്റവും ദുഃഖം തോന്നിയ ഒരു കാര്യമെന്താണെന്ന് ചോദിച്ചാല്‍, ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നതാണ്. പുത്ര ദുഃഖമാണ് ഏറ്റവും വലിയ ദുഃഖമെന്ന് പറയും. പക്ഷേ ഇതൊക്കെ സമൂഹമധ്യത്തില്‍ അവതരിപ്പിച്ചിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുകയും വേണം, സമൂഹത്തെ അത് ബോധ്യപ്പെടുത്തുകയും വേണമെന്ന് പറഞ്ഞു കഴിഞ്ഞാല്‍  നടക്കില്ല. അത് കാലക്രമേണ എന്റെ പ്രവൃത്തിയിലൂടെ മനസ്സിലാകും.

 പിന്നീട് പോലീസുകാര്‍ തന്നെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയില്ലേ?

പരാതിയില്‍ കഴമ്പില്ലെന്ന് അവര്‍ മനസ്സിലാക്കി പിന്‍വലിച്ചു. പക്ഷേ അന്ന് അത്രയും ആളുകള്‍ക്കിടയില്‍ കൊടുത്ത പ്രചാരണം പിന്നീട് പരാതി പിന്‍വലിച്ചപ്പോള്‍ കണ്ടിരുന്നില്ല. അവരുടെ ഉദ്ദേശ്യം നടന്നു.  സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം നിരന്തരം നിരീക്ഷിക്കുന്ന രിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. ജനങ്ങള്‍ക്കുവേണ്ടി ഇതിലും കൂടുതല്‍ ചെയ്യാന്‍ കഴിയുമോയെന്ന് എനിക്ക് അറിയില്ല. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ പോലുള്ള പോലീസ് സംവിധാനം നിരീക്ഷിക്കണമെന്നുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെ വന്നാല്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്?

 വിദേശവനിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത എന്താണ്?

അതിനെപ്പറ്റി അറിയില്ല. ഒരു സ്ത്രീയിവിടെ ചികിത്സയ്ക്കായി വരുന്നു, ദാരുണമായി കൊല്ലപ്പെടുന്നു. സാമൂഹ്യപ്രവര്‍ത്തനം എന്നതിലുപരി മാനസികരോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നൊരു സംഘടനയാണ് ജ്വാല. അതിനാലാണ് അവര്‍ക്ക് നീതി ലഭിക്കാന്‍ നിലകൊണ്ടത്.

 അശ്വതിയെ ഈ വിഷയത്തിലെത്തിച്ചതാര്?

ലിഗയുടെ ഭര്‍ത്താവാണ് എന്നെ തേടിവന്നത്. വേറേ വഴിയില്ലാതെ വന്നപ്പോള്‍ എന്നെ സമീപിക്കുകയായിരുന്നു. തെരുവില്‍ എവിടെങ്കിലും അവരെ കാണാന്‍ കഴിയുമെന്ന് കരുതി. അന്നുമുതല്‍ വണ്ടിയില്‍ പല സ്ഥലങ്ങളിലും അലഞ്ഞുതിരയുകയായിരുന്നു. രാത്രിവരെ ഞങ്ങള്‍ തിരഞ്ഞു. പക്ഷേ എത്തിയത് വളരെ വിഷമിപ്പിക്കുന്നൊരു കാര്യത്തിലായിരുന്നു. അത്രയും നാള്‍ ഹൃദയംകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന എനിക്ക് പിന്നീട് ബുദ്ധി ഉപയോഗിച്ചുവേണം സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്താനെന്ന് ബോധ്യമായി.

 സാമ്പത്തിക പ്രശ്‌നങ്ങള്‍?

അതുമാത്രമേയുള്ളൂ. വിവാഹമോതിരം വരെ പണയത്തിലാണ്. ഇനി പണയത്തിലാവാന്‍ ഒന്നുംതന്നെ കൈയിലില്ല. കടം വാങ്ങുവാന്‍ ആരുംതന്നെയില്ല. അമ്മ വിജയകുമാരിയുടെ വളകള്‍ ഉള്‍പ്പെടെ പണയത്തിലാണ്. എന്റെ അമ്മ ഇപ്പോഴും തട്ടുകട നടത്തുന്ന ഒരാളാണ്. രാത്രി പത്ത് മണിവരെ, പകല്‍ ജ്വാലയുടെ പാചകവും ചെയ്യും. ആ അമ്മ എടുക്കുന്ന പ്രയത്‌നത്തെ ആരും കാണുന്നില്ല. അമ്മ ആത്മാര്‍ത്ഥതയോടുകൂടി പാചകംചെയ്ത് കൊടുക്കുന്നതിനാലാണ് തെരുവില്‍ എത്തിക്കാന്‍ സാധിക്കുന്നത്. പക്ഷേ ഒരു വിവാദം വന്നപ്പോള്‍ പറയുന്നത് അമ്മയും മകളും നടത്തുന്ന സംഘടനയെന്നാണ്. എല്ലാവര്‍ക്കും അത്ഭുതം സൃഷ്ടിക്കുവാന്‍ കഴിയില്ലല്ലോ. കഠിന പ്രയത്‌നത്തിലൂടെയാണ് എല്ലാവരും ഉയര്‍ന്നു വരുന്നത്. ആ  പ്രയത്‌നം കാണാന്‍ മനസ്സില്ലാത്തവരാണ് ഇങ്ങനെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല.

 സര്‍ക്കാര്‍ ഗ്രാന്റ്? 

ഇതുവരെയും സ്വീകരിച്ചിട്ടില്ല. കാരണം ഞാന്‍ ഇത്തരത്തിലുള്ള പല വിഷയത്തിലും ഇടപെടുന്നതു കൊണ്ട് അതൊരു കൈവിലങ്ങായി മാറും. മാത്രമല്ല, പലരോടും അത് പ്രതിബദ്ധതയ്ക്ക് കാരണമായേക്കാമെന്ന ഭയവുംകൊണ്ടാണ് ബോധപൂര്‍വ്വം സ്വീകരിക്കാത്തത്. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും ജ്വാലയെ അംഗീകരിക്കാത്തത് എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാരില്‍നിന്ന് സാമ്പത്തികമായി ഒന്നുംതന്നെ പ്രതീക്ഷിച്ചിട്ടില്ല. പിന്നെ അവഗണന എന്നത് വളരെ വിഷമിപ്പിക്കുന്ന ഘടകമാണ്. സര്‍ക്കാരില്‍ നിന്ന് ആരും വിളിക്കാറില്ല. പോലീസുകാര്‍ വിളിക്കും. അവര്‍ക്കിടയിലും സൗഹൃദമുള്ളവരുണ്ട്.

 സാമ്പത്തിക ബുദ്ധിമുട്ടിനിടെ ജ്വാലയുടെ പ്രയാണം?

നാട്ടിലുള്ള സാധാരണ വ്യക്തികളാണ് സഹായിക്കുന്നത്. വളരെയധികം ബുദ്ധിമുട്ടാണ് നേരിടുന്നത്. വിവാദങ്ങള്‍ക്കുശേഷമാണ് ജ്വാല ഇത്രയും പ്രതിസന്ധി നേരിടുന്നത്. 22 സെന്റ് സ്ഥലത്തിന് പണം നല്‍കിയിട്ട് എനിക്ക് വെറും 12 സെന്റ് സ്ഥലമേ വാങ്ങാന്‍ കഴിഞ്ഞുള്ളൂ എന്നുപറയുമ്പോള്‍ത്തന്നെ അത് മനസ്സിലാക്കാം. ജ്വാലയുടെ പേരിലാണ് വസ്തു വാങ്ങിയത്. 25 ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു ഉദ്ദേശ്യം. കുറച്ചുപേരെയെങ്കിലും താമസിപ്പിക്കാനുള്ള കെട്ടിടം. പണം നല്‍കിയത് വിവാദത്തിന് മുന്‍പാണ്. 22 സെന്റ് സ്ഥലത്ത് നൂറു ഭിന്നശേഷികാര്‍ക്ക് തൊഴില്‍ കൊടുക്കുന്ന ഒരിടം ഉണ്ടാവണമെന്നുണ്ട്. സാമ്പത്തികം വലിയൊരു പ്രതിസന്ധിയാണ്. എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് മുന്നോട്ട് പോകുന്നു.

 ഭര്‍ത്താവിന്റെ പിന്തുണ?

മനോജ് കുമാറിന്റെ പൂര്‍ണ പിന്തുണയാണ്. ആ ഒരു പിന്തുണയുള്ളതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്റെ നിലപാടുകളെ നിയന്ത്രിക്കുവാനോ ശാസിക്കാനോ വരില്ല.

 പ്രശ്‌നത്തില്‍ ഇടപെടേണ്ടിയിരുന്നില്ലെന്ന് തോന്നിയോ?

അങ്ങനെ തോന്നിയില്ല. ഞാനാണ് ഈ വിഷയം പത്രസമ്മേളനത്തില്‍ പറഞ്ഞത്. പിന്നീടാണ് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ കേസ് കൊലപാതകമാണെന്നുള്ള രീതിയിലേക്ക് മാറിയത്. ഈ വിവാദത്തിനുശേഷം ബിജെപി-കോണ്‍ഗ്രസ്സ് സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് വന്നിരുന്നു. പക്ഷേ സമൂഹം കണ്ടത് ബിജെപി നേതാക്കള്‍ വന്നതാണ.് ബിജെപിയാക്കിയാല്‍ അവര്‍ക്ക് എളുപ്പമാണ്. എന്റെ രാഷ്ട്രീയം വ്യക്തമാക്കേണ്ടത് ഞാനാണല്ലോ.

 സങ്കടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ സന്തോഷിച്ച നിമിഷം?

കഴിഞ്ഞദിവസം തിരുവനന്തപുരം വനിതാ ജയിലില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. അവിടുത്തെ തടവുകാര്‍ കുറച്ച് നിമിഷത്തേക്ക് എല്ലാംമറന്ന് ഞങ്ങള്‍ നടത്തിയ ഗാനമേളയില്‍ നൃത്തം ചെയ്യുകയും സന്തോഷിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നിമിഷങ്ങളാണ് എനിക്ക് വലുത്. ഇങ്ങനെയുള്ള സന്തോഷങ്ങള്‍ ഒട്ടേറേ ഉണ്ടായിട്ടുണ്ട്.

 ജ്വാല എന്ന പേരിന് പിന്നില്‍?

ഞാന്‍ തന്നെയാണ് പേരിട്ടത്. എല്‍എല്‍ബിക്ക് പഠിക്കുന്ന സമയത്താണ് ഈ ഒരാലോചന മനസ്സില്‍ വന്നത്. ഇതൊക്കെ കണ്ടിട്ട് പ്രതിഷേധവും കാരുണ്യവും എല്ലാംകൂടെ ചേര്‍ന്ന അവസ്ഥയിലാണ് ജ്വാല എന്ന പേരിട്ടത്. അണയാതെ ജ്വലിക്കുന്നതാണ് ജ്വാല.

                                                കെ. വി ഹരിദാസ്/ ധന്‍ലക്ഷ്മി ടി. എസ്‌

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.