ഞാന്‍ പാവങ്ങളുടെ നിലവിളികള്‍ക്ക് കാതോര്‍ക്കുന്നു: എം. മുകുന്ദന്‍

Monday 21 January 2019 1:30 am IST

സമൂഹത്തിന്റെ അടക്കിപ്പിടിച്ച നിലവിളികള്‍ക്ക് താനെന്നും കാതോര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. അറുപതുകളില്‍ അശരണരും അനാഥരുമായ മലയാളി യുവത്വത്തെക്കുറിച്ചാണ് ഞാനെഴുതിയത്. എന്റെ ഇരുണ്ട ജീവിതവീക്ഷണം പലര്‍ക്കും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. വിമര്‍ശനങ്ങളുണ്ടായിരുന്നു. പക്ഷേ, അന്ന് ലോകത്തെല്ലായിടത്തും എഴുത്തുകാര്‍ കലാപകാരികളായി മാറിയിരുന്നു. ആ കലഹത്തില്‍ നിന്നു മാറിനില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇന്നും ഞാന്‍ പാവങ്ങളുടെ നിലവിളികള്‍ക്ക് കാതോര്‍ക്കുന്നു. അങ്ങനെയാണ് പാവങ്ങളായ കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ദല്‍ഹിഗാഥകള്‍ എന്ന നോവല്‍ ഞാനെഴുതിയത്. ദല്‍ഹിയിലെ സാധുക്കളായ മനുഷ്യരുടെ കഥയാണതെന്നും അദ്ദേഹം പറഞ്ഞു.

വെട്ടുകിളിശല്യം വര്‍ധിച്ചിരിക്കുന്ന കാലത്ത് സാഹിത്യമെഴുതുന്നവര്‍ എന്തുചെയ്യും?

അവാര്‍ഡ് ലഭിക്കുമ്പോള്‍ സന്തോഷത്തെക്കാള്‍ ആത്മനിന്ദയാണ് ഉണ്ടാവുന്നത്. എഴുതിയവ എണ്ണത്തില്‍ കുറവാണെന്നതിനാലാണിത്. 42 കഥകളും ഒരു നോവലും മാത്രമാണ് ഇതുവരെ എഴുതിയത്. എഴുത്തിന് സുഖകരമായ കാലഘട്ടമല്ല ഇത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിടാന്‍ പ്രയാസമുള്ള വെട്ടുകിളിശല്യം വര്‍ധിച്ചിരിക്കുന്ന കാലത്ത് സാഹിത്യമെഴുതുന്നവര്‍ എന്തുചെയ്യും?

എന്‍.എസ്. മാധവന്‍ 

മനുഷ്യനെപ്പോല്‍ ബോധമില്ലാത്തൊരു ജന്തുവുണ്ടോ!

ഒന്നിച്ചുകൂടും മനുഷ്യര്‍ക്കുമേല്‍ സാത്താന്റെ ചീട്ടുനിരന്നുവീഴും ഭാഷകലങ്ങും, അവര്‍ ചിതറും തങ്ങളില്‍ തങ്ങളില്‍ അന്യരാകും

കൊല്ലാനും കൊല്ലാതെ കൊല്ലുവാനും ചാകാനും ചാകാതെ ചാകുവാനും നാല്‍ക്കാലിക്കില്ലാത്ത മെയ്ക്കഴപ്പ് ഇരുകാലിക്കകമാകെ ചുരമാന്തുന്നു

ബുദ്ധിപെരുത്ത മനുഷ്യനെപ്പോല്‍ ബോധമില്ലാത്തൊരു ജന്തുവുണ്ടോ!

(ഡി. സന്തോഷ്)

ദേവസ്വം ബോര്‍ഡിന് ഗ്രാന്റായി ലഭിക്കേണ്ടത് 200 കോടി രൂപ

സര്‍ക്കാര്‍ ദേവസ്വംബോര്‍ഡിന് 80 ലക്ഷം രൂപ മാത്രമാണ് ഗ്രാന്റായി നല്‍കുന്നത്. അതല്ലാതെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ദേവസ്വം ബോര്‍ഡിന് യാതൊരുവിധ സഹായവും ലഭിക്കുന്നില്ല. 

അതുപോലെതന്നെ ദേവസ്വം ഫണ്ടില്‍ നിന്നും ഒരു രൂപാപോലും സര്‍ക്കാര്‍ ഖജനാവിലേക്കു പോകുന്നുമില്ല. സര്‍ക്കാരിലേക്കു വിട്ടുനല്‍കിയ ദേവസ്വം വസ്തുക്കളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന റവന്യൂ വരുമാനത്തിന്റെ നിശ്ചിത വിഹിതം ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന രാമകൃഷ്ണറാവുകമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രാന്റ് ലഭിക്കുന്നത്.

75 വര്‍ഷം മുമ്പുളള രൂപയുടെ മൂല്യവും ഇപ്പോഴത്തേതും താരതമ്യം ചെയ്താല്‍ ദേവസ്വം ബോര്‍ഡിന് 200 കോടി രൂപയെങ്കിലും ഗ്രാന്റായി ലഭിക്കേണ്ടതാണ്. എന്നാല്‍ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആയിരം കോടി രൂപയോളം വരുമാനം ലഭിക്കുന്നുമുണ്ട്.

(മോഹന്‍ പെരിനാട്)

'റോജാപ്പൂ' എന്ന് വിളിച്ചോളൂ

ഒരിക്കല്‍ ചാരുകേശി രാഗത്തില്‍ ഞാന്‍ പല്ലവി പാടിക്കൊണ്ടിരിക്കുമ്പോള്‍, അതിലെ ചില സ്വരങ്ങള്‍ ഉപയോഗിച്ചുള്ള ഒരു സ്‌കെയില്‍ മനസ്സില്‍ തെളിഞ്ഞു. ഞാനത് രാഗമാലികയില്‍ പാടി. കച്ചേരി കഴിഞ്ഞപ്പോള്‍ ചിലര്‍ രാഗത്തിന്റെ പേരു ചോദിച്ചു. ഞാന്‍ പറഞ്ഞു, ''അങ്ങനെ ഒരു രാഗം ഇല്ലെങ്കില്‍ 'റോജാപ്പൂ' എന്ന് വിളിച്ചോളൂ'' എന്ന്. റോജാപ്പൂ എന്നത് ഞാന്‍ അപ്പോള്‍ പാടിയ പല്ലവിയിലെ ഒരു വാക്കായിരുന്നു.

സഞ്ജയ് സുബ്രഹ്മണ്യം- സംഗീതജ്ഞന്‍

മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ക്ക് മുമ്പും ശേഷവും

ഇന്ത്യന്‍ സിനിമയില്‍ വലിയ മാറ്റത്തിന്റെ കാറ്റടിക്കുന്ന കാലത്താണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചെയ്യുന്നത്. ഈ മാറ്റം പക്ഷേ, അന്ന് മലയാളത്തില്‍ വന്നിരുന്നില്ല. 

തമിഴിലൊക്കെ കണ്ടുതുടങ്ങിയിരുന്നു. ഭാരതിരാജയൊക്കെ ഈ മാറ്റത്തിന്റെ ആളായിരുന്നു. ഭരതന്റെയൊക്കെ സിനിമകളാണ് അത്തരം മാറ്റത്തിന്റെ വരവ് മലയാളത്തില്‍ പതുക്കെ അറിയിച്ചു തുടങ്ങിയത്. 

ആരവം, തകര പോലുള്ള സിനിമകള്‍ ഈ സമയത്താണ് വന്നത്. ഇതു തന്നെ സമയം എന്ന തരത്തിലാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ അന്ന് സംവിധാനം ചെയ്തത്. പടം വന്‍ ഹിറ്റായി. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ക്ക് മുമ്പും ശേഷവും എന്ന തരത്തില്‍ വരെ സിനിമയെ പലരും വേര്‍തിരിക്കാറുണ്ട്.

ഫാസില്‍

നാഗവല്ലിയുടെ കാഴ്ചപ്പാട്

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ അനിഷ്ടകരങ്ങളായ ചോദ്യങ്ങള്‍ മര്യാദാരഹിതമായി ചോദിച്ച് തലവേദനയുണ്ടാക്കിയിരുന്ന ശല്യക്കാരിയെ പലവിധ ബോധനപ്രക്രിയകളിലൂടെ പാഠം പഠിപ്പിച്ച് പാകപ്പെടുത്തി അച്ചടക്കമുള്ളവളാക്കിത്തീര്‍ത്ത് വ്യവസ്ഥയുടെ സ്വസ്ഥതയും സമതുലിതാവസ്ഥയും വീണ്ടെടുത്തതിന്റെ കഥയാണ് 'മണിച്ചിത്രത്താഴ്.' എന്നാല്‍, നാഗവല്ലി എന്ന ബാധയുടെ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കാട്ടുപറമ്പനും ദാസപ്പന്‍കുട്ടിയും ഉണ്ണിത്താനും ചന്തുവും ഭാസുരയും തമ്പിഅളിയനും നകുലനും മാത്രമല്ല, കുസൃതികള്‍കൊണ്ട് സകലരെയും കൈയിലെടുത്ത സണ്ണിയും കടുപ്പക്കാരനായ ബ്രഹ്മദത്തന്‍ നമ്പൂതിരിയുമടക്കം കോമാളി രൂപങ്ങളായിട്ടും കാണുക.

ബിപിന്‍ ചന്ദ്രന്‍

ചലച്ചിത്രകാരന്‍ സെന്‍

നക്‌സലൈറ്റ് പ്രസ്ഥാനവും കൊല്‍ക്കത്തയിലെ യുവജന പ്രക്ഷോഭവും അതിന്റെ ഉച്ചസ്ഥായിയിലെത്തിയ സന്ദര്‍ഭത്തിലാണ് സെന്നിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. അത്തരമൊരു കലാപഭരിതമായ അന്തരീക്ഷവുമായി പ്രമേയത്തിലും രൂപപരമായും തന്റെ സിനിമയിലൂടെ സംവദിക്കാനും പ്രതികരിക്കാനുമുള്ള ശ്രമമാണ് കൊല്‍ക്കത്ത 71, കോറസ്, ഇന്റര്‍വ്യൂ തുടങ്ങിയ ചിത്രങ്ങള്‍, തീവ്രവാദ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കലാപോര്‍ജത്തെ അത് സംഭവിക്കുന്ന കാലത്തു തന്നെ അഭിസംബോധന ചെയ്ത ചലച്ചിത്രകാരനാണ് സെന്‍.

സി.എസ്. വെങ്കിടേശ്വരന്‍

ശിശുമരണത്തോടൊപ്പം ഗര്‍ഭസ്ഥശിശുമരണവും ഗൗരവകരം

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ യഥാര്‍ത്ഥകാരണം പോഷകാഹാരക്കുറവ് മാത്രമല്ല. പോഷകാഹാരക്കുറവ് ആദിവാസികള്‍ക്കിടയില്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, കുഞ്ഞുങ്ങളുടെ മരണകാരണം അതു മാത്രമായി ചുരുക്കുന്നത് അപകടകരമാണ്. മരിച്ച ആറു കുട്ടികള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി എന്നു കാരണം പറയുന്നത് ആദിവാസി സംഘടനകള്‍ ആരോപിക്കുന്നതുപോലെ ദുരൂഹമാണ്. വൈകല്യമുള്ള കുട്ടികള്‍ ജനിക്കുന്നത് എന്തുകൊണ്ടെന്നു കണ്ടെത്തണം. നവജാതശിശുമരണത്തോടൊപ്പം തന്നെ ഗര്‍ഭസ്ഥശിശുമരണത്തേയും ഗൗരവത്തോടെ കാണേണ്ടതുണ്ട്.

(രേഖാചന്ദ്ര)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.