“മുംബൈയില്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി”
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നു. യുവത്വം നരേന്ദ്ര മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി 25, 26, 27 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രിയെത്തുന്നത്. 27നാണ് പ്രധാനമന്ത്രി എത്തുന്നത്. വടക്കുന്നാഥന് ക്ഷേത്രമൈതാനം ഇന്നുമുതല്‍ കനത്ത സുരക്ഷാ വലയത്തിലാകും.
സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് 23 ന് തുടക്കമാവും. 23ന് വൈകിട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് നവോത്ഥാനത്തിന്റെ മാര്‍ക്സിസ്റ്റ് മാതൃക എന്ന വിഷയത്തില്‍ വനിതാസെമിനാര്‍ നടക്കും. സംസ്ഥാന വനിതാ കമ്മീഷന് മുന്‍ അധ്യക്ഷ ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പീഡനങ്ങള്‍ക്ക്് ഇരകളായ വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ടി.എന്‍. സരസു, ചിത്രലേഖ, ജ്യോത്സ്ന എന്നിവര്‍ സംസാരിക്കും. അഡ്വ. ഒ.എം. ശാലീന മോഡറേറ്ററാകും. 24 ന് വൈകീട്ട് അഞ്ചിന് സാംസ്കാരികസദസ്സില്‍ തൃശൂരിലെ സാംസ്കാരിക നായകര്‍ക്കൊപ്പം സംവിധായകന് അലി അക്ബര്‍ പങ്കെടുക്കും.
പതാകജാഥ, കൊടിമരജാഥ, ബലിദാന്‍ ജ്യോതിജാഥ എന്നിവയുടെ സംഗമം 25ന്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ബലിദാനി രാജേഷിന്റെ ബലികുടീരത്തില്‍ നിന്ന് ആരംഭിക്കുന്ന കൊടിമരജാഥയും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ വീട്ടില്‍ നിന്ന് ആരംഭിക്കുന്ന പതാകജാഥയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ 51 ബലിദാനികളുടെ വീടുകളിലൂടെ പ്രയാണം നടത്തിയെത്തുന്ന ബലിദാന്‍ ജ്യോതിയാത്രയും വൈകിട്ട് അഞ്ചിന് നടുവിലാലില്‍ സംഗമിച്ച് സ്വരാജ് റൗണ്ട് പ്രദക്ഷിണം ചെയ്ത് വടക്കുന്നാഥക്ഷേത്ര മൈതാനത്തിന് കിഴക്ക് ഭാഗത്തെ വേദിയിലെത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ബലിദാനികളുടെ കുടുംബാംഗങ്ങളും അടിയന്തിരാവസ്ഥാ തടവുകാരും പങ്കെടുക്കും.
26 ന് രാവിലെ 10 മുതല്‍ പാറമേക്കാവ് സ്കൂളില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം യുവമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷ പൂനം മഹാജന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള മുഖ്യപ്രഭാഷണം നടത്തും.
27 ന് രണ്ട് മണിക്ക് രണ്ട് ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന റാലികള്‍ പൂങ്കുന്നം, കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട, ശക്തന്‍സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് വടക്കുന്നാഥന് ക്ഷേത്രമൈതാനം നായ്ക്കനാല്‍ പ്രദേശത്തെ പൊതുസമ്മേളന നഗരിയിലെത്തും. നാലിന് നടക്കുന്ന പൊതുസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ പ്രചാരണത്തിനും ഒരുക്കങ്ങള്‍ക്കുമായി ആയിരക്കണക്കിന് യുവാക്കള്‍ ആഴ്ചകളായി പ്രവര്‍ത്തിച്ചു വരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തൃശൂരില്‍ സമ്മേളനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി തൃശൂരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: