പൊലിഞ്ഞ സ്വപ്‌നം

Monday 21 January 2019 1:06 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററുടെ ഹാട്രിക്ക് കിരീട സ്വപ്‌നം തകര്‍ന്നു. നാലാം റൗണ്ടില്‍ ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ഫെഡററെ അട്ടിമറിച്ചു. ശക്തമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സ്‌റ്റെഫാനോസ് ജയിച്ചുകയറിയത്. ഇതോടെ ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഗ്രീക്ക് താരമായി ഈ ഇരുപതുകാരന്‍.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മെല്‍ബണില്‍ കിരീടമണിഞ്ഞ റോജര്‍ ഫെഡര്‍ക്കെതിരെ സ്‌റ്റെഫാനോസ് ഉജ്ജ്വലമായി പൊരുതി. ആദ്യ സെറ്റ് നഷ്ടമായെങ്കിലും തുടര്‍ച്ചയായി മൂന്ന് സെറ്റുകളും പിടിച്ചടക്കി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. സ്‌കോര്‍: 6-7 (11), 7-6 (3), 7-5, 7-6 (5).

 മുന്‍ ലോക നാലാം നമ്പറായ തോമസ് ബര്‍ഡിച്ചിനെ മറികടന്ന് രണ്ടാം സീഡ് റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേമസയം വനിതകളുടെ രണ്ടാം സീഡായ ഏയ്ഞ്ചലിക് കെര്‍ബറും മരിയ ഷറപ്പോവയും നാലാം റൗണ്ടില്‍ അടിതെറ്റി വീണു.

സ്പാനിഷ് താരമായ നദാല്‍ പ്രീക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോമസ് ബര്‍ഡിച്ചിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-0, 6-1, 7-6. മത്സരം രണ്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ് നീണ്ടു. 

ഇരുപത്തിയൊന്നുകാരനായ ഫ്രാന്‍സെസ് ടിയാഫോയാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി. സീഡ് ചെയ്യപ്പെടാത്ത  ഈ അമേരിക്കന്‍ താരം നാലാം റൗണ്ടില്‍ ഇരുപതാം സീഡ് ദിമിത്രോവിനെ അട്ടിമറിച്ചു. ആവേശപ്പോരില്‍ 7-5, 7-6, 6-7, 7-5 എന്ന സ്‌കോറിനാണ് ടിയാഫോ വിജയിച്ചത്.

വനിതകളുടെ മുന്‍ ചാമ്പ്യനായ ഏയ്ഞ്ചലിക് കെര്‍ബറെ അമേരിക്കയുടെ  ഡാനിലി കോളിന്‍സ് നാലാം റൗണ്ടില്‍ അട്ടിമറിച്ചു. മുന്‍ ലോക ഒന്നാം നമ്പറായ കെര്‍ബര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-0, 6-2. മത്സരം ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചു.

റഷ്യന്‍താരമായ മരിയ ഷറപ്പോവയെ നാലാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 4-6, 6-1, 6-4. നിലവിലെ ചാമ്പ്യന്‍ കരോലിന്‍ വോസ്‌നിയാക്കിയെ അട്ടിമറിച്ചാണ് ഷറപ്പോവ നാലാം റൗണ്ടിലെത്തിയത്്.

രണ്ട് തവണ വിംബിള്‍ഡണ്‍ നേടിയ പെട്രാ കിറ്റോവയാണ് ക്വാര്‍ട്ടറില്‍ ആഷ്‌ലി ബാര്‍ട്ടിയുടെ എതിരാളി. കിറ്റോവ നാലാം റൗണ്ടില്‍ അമന്ദ അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 6-1. 

ആദ്യ റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറെയെ അട്ടിമറിച്ച റോബര്‍ട്ടോ ബൗറ്റിസ്റ്റ ആഗട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുപത്തിരണ്ടാം സീഡായ ആഗട്ട് നാലാം റൗണ്ടില്‍ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില ആറാം സീഡ്് മാരിന്‍ സിലിച്ചിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-7, 6-3,6-2,4-6,6-4.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.