ചന്ദ്രബോസ് വധം: നിസാമിന് കര്‍ശനവ്യവസ്ഥകളോടെ പരോള്‍

Monday 21 January 2019 4:14 pm IST
ഇന്ന് മുതല്‍ 23 വരെ കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ അമ്മയോടൊപ്പം നിസാമിന് സമയം ചെലവിടാം. രാവിലെ അഞ്ച് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ അമ്മയുടെ അടുത്ത് നില്‍ക്കാം. അതിന് ശേഷം എറണാകുളം സബ്‌ജയിലില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കണം.

തൃശൂര്‍: തൃശൂരിലെ ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിസാമിന് പരോള്‍ അനുവദിച്ചു. കൊച്ചിയിലെ വീട്ടില്‍ അസുഖബാധിതയായി കഴിയുന്ന അമ്മയെകാണാനാണ് പരോള്‍ അനുവദിച്ചത്. മുഴുവന്‍ സമയ പോലീസ് നിരീക്ഷണം അടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് എറണാകുളം കോടതി ജാമ്യം അനുവദിച്ചത്.

ഇന്ന് മുതല്‍ 23 വരെ കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ അമ്മയോടൊപ്പം നിസാമിന് സമയം ചെലവിടാം. രാവിലെ അഞ്ച് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ അമ്മയുടെ അടുത്ത് നില്‍ക്കാം. അതിന് ശേഷം എറണാകുളം സബ്‌ജയിലില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കണം. പരോള്‍ അവസാനിക്കുന്ന ബുധനാഴ്ച നിസാമിനെ പൂജപ്പുര ജയിലില്‍ എത്തിക്കണം. ഫോണ്‍ ഉപയോഗിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ അനുവാദമില്ല. 

ഹൃദ്രോഹിയാണ് നിസാമിന്റെ അമ്മ. നേരത്തെ സാധാരണ പരോളിന് ജയില്‍ വകുപ്പിനെ സമീപിച്ചെങ്കിലും തീരുമാനം എടുത്തിരുന്നില്ല. തുടര്‍ന്ന് നിസാമിന്റെ ഭാര്യ അമല്‍ ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം നേടിയത്. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായിയായ നിസാം ആക്രമിക്കുകയായിരുന്നു. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചും കാറിടിപ്പിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ചികിത്സയിലിരിക്കെയാണ് ചന്ദ്രബോസ് മരണമടഞ്ഞത്. 79 ദിവസമാണ് കേസില്‍ വിചാരണ നടന്നത്.

കേസില്‍ പ്രതി മുഹമ്മദ് നിസാമിന് കൊലക്കുറ്റപ്രകാരം ജീവപര്യന്തം തടവും 80.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കൊലക്കുറ്റം ഒഴികെ പ്രതിക്കെതിരേ ചുമത്തിയിരുന്ന മറ്റ് വകുപ്പുകളില്‍ 24 വര്‍ഷം തടവ് പ്രത്യേകം അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുകയില്‍ അന്‍പത് ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണമെന്നും തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.