ആര്‍ത്തവ നവോത്ഥാനം

Tuesday 22 January 2019 4:46 am IST

നവോത്ഥാനത്തിനെന്നപോലെ 'ആര്‍ത്തവം' എന്ന വാക്കിനും പ്രബുദ്ധകേരളത്തില്‍ പ്രചാരം കൂടിവരുന്നു. ആര്‍ത്തവത്തെ നവോത്ഥാനം ചെയ്യിക്കാന്‍ ആദ്യം ശ്രമമുണ്ടായത് ആധുനികസാഹിത്യം കത്തിനിന്ന ദശകത്തിലാണ് (1965-75). അന്നത്തെ ചില എഴുത്തുകാര്‍ ആര്‍ത്തവത്തെ സാഹിത്യത്തിലേക്കിറക്കിക്കൊണ്ടുവന്നാണ് നവോത്ഥാനത്തിന് ശ്രമിച്ചത്. 

'ആറുമണിയോടെ അന്നക്കുട്ടി വര്‍ഗീസ് തരകന്‍ ഉണര്‍ന്നു. ഫാനിന്റെ കാറ്റിന് മദ്യത്തിന്റെ മണം. അവള്‍ ജനലിലൂടെ പുറത്തേക്കുനോക്കി. കിഴക്കന്‍ ചക്രവാളത്തില്‍ ആര്‍ത്തവരക്തം കട്ടപിടിച്ചിരിക്കുന്നു.' ഈ മട്ടിലാണ് ചില കഥയെഴുത്തുകാര്‍ അന്ന് ആഘോഷിച്ചത്. കഥ ആധുനികമാണെങ്കില്‍ അതില്‍ ആര്‍ത്തവരക്തം ഉണ്ടായിരിക്കുമെന്ന് അക്കാലത്ത് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ പറഞ്ഞതോര്‍ക്കുന്നു. 

പക്ഷേ, ആധുനിക സാഹിത്യത്തിലെ പതിരുകളെപ്പോലെ ആര്‍ത്തവവും രക്ഷപ്പെട്ടില്ല. അത് ആഘോഷിച്ച എഴുത്തുകാരില്‍ പലരും വിസ്മൃതിയിലായി. 

ഇപ്പോള്‍ ആര്‍ത്തവ നവോത്ഥാനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എഴുത്തുകാരല്ല, ചില സാംസ്‌കാരിക വിപ്ലവകാരികളും ആക്ടിവിസ്റ്റുകളുമാണ്. അന്നത്തെ എഴുത്തുകാര്‍ അതിനെ സാഹിത്യത്തിലേയ്ക്കാണിറക്കിയതെങ്കില്‍ ഇക്കൂട്ടര്‍ തെരുവിലേയ്ക്കാണിറക്കിയിരിക്കുന്നത്.

'വാഗര്‍ഥങ്ങളുടെ സീമകള്‍ അപകടത്തിലായിരിക്കുന്നു' എന്ന് കണ്‍ഫ്യൂഷ്യസ് പറഞ്ഞിട്ടുണ്ട്. നവോത്ഥാനക്കാര്‍ ആര്‍ത്തവത്തിന്റെ അര്‍ഥം മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ആര്‍ത്തവം അശുദ്ധിയല്ല, ശുദ്ധിയാണ്. അതുകൊണ്ട് അതിനെ ശുദ്ധിയുടെ പര്യായപദമായി കാണാവുന്നതാണെന്ന് ഈയിടെ ഒരു ബുദ്ധിജീവി അഭിപ്രായപ്പെട്ടു.

ആര്‍ത്തവവും നവോത്ഥാനവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അതുവളര്‍ന്ന് രണ്ടും ഒന്നായി തീര്‍ന്നിരിക്കുന്നുവെന്നും ഒരു നവോത്ഥാന ചിന്തകന്‍ പറയുന്നു. 'നവോത്ഥാന'ത്തിനു പകരം ആര്‍ത്തവം എന്ന് ഉപയോഗിച്ചാല്‍ മതിയെന്നര്‍ഥം.

നവോത്ഥാനം എന്നാല്‍ വിപ്ലവം തന്നെ. നവോത്ഥാനത്തിനുപകരം ആര്‍ത്തവം ഉപയോഗിക്കാമെങ്കില്‍ വിപ്ലവത്തിനുപകരവും അതുപയോഗിക്കാം, ഇങ്ങനെയാണ് ഒരു താര്‍ക്കികന്‍ സമര്‍ഥിക്കുന്നത്. അതായത് വിപ്ലവം ജയിക്കട്ടെ എന്നെഴുതുന്നതിനുപകരം നവോത്ഥാനം ജയിക്കട്ടെ എന്നോ ആര്‍ത്തവം ജയിക്കട്ടെ എന്നോ എഴുതിയാല്‍ മതിയത്രെ.

പ്രശ്‌നം ഇതൊന്നുമല്ല. 'ആര്‍പ്പോ ആര്‍ത്തവം' എന്ന പ്രയോഗത്തിന്റെ അര്‍ഥം പിടികിട്ടുന്നില്ല. ആര്‍പ്പുവിളിയിലെ ആര്‍പ്പോ തന്നെയാണോ ഇതെന്ന് ചിലര്‍ ചോദിക്കുന്നു. ആര്‍പ്പുവിളിയുമായി ഇതിനുബന്ധമില്ല. ഇത്, പുതിയൊരുതരം ആര്‍ത്തവമാണെന്ന് മറ്റുചിലര്‍ വിശദീകരിക്കുന്നു. ആര്‍പ്പോ ആര്‍ത്തവത്തേക്കാള്‍ നല്ല പ്രയോഗം ആര്‍ത്തോ ആര്‍ത്തവം ആണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആര്‍ക്കോ ആര്‍ത്തവം എന്നതാണ് ഏറ്റവും ഉചിതമായ പ്രയോഗമെന്ന് ഒരു പ്രമുഖ ഭാഷാപണ്ഡിതന്‍ പറയുന്നു.

ആര്‍പ്പുവിളിക്കിടയില്‍ പാവം കുരവയെ മറക്കരുതെന്ന് ചില സ്ത്രീപക്ഷവാദികള്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. കുരവ ആര്‍ത്തവം പരിഗണിക്കണമെന്ന് അവര്‍ പറയുന്നു. സ്ത്രീകള്‍ ആര്‍പ്പുവിളിക്കുകയും പുരുഷന്മാര്‍ കുരവയിടുകയും ചെയ്യുന്നത് ലിംഗസമത്വത്തിലേയ്ക്കുള്ള വലിയൊരു ചുവടുവയ്പ്പായിരിക്കുമെന്നാണ് അവരുടെ പക്ഷം. ആര്‍ത്തവറാലി, ആര്‍ത്തവ സദസ്സ്, ആര്‍ത്തവ കാമ്പസ്, ആര്‍ത്തവ വിളക്ക്... ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല.

ആര്‍ത്തവ കാമ്പസിന്റെ മാതൃകയില്‍ ആര്‍ത്തവത്തെരുവ് ആര്‍ത്തവ മുറ്റം തുടങ്ങിയ പരിപാടികള്‍ നടത്താവുന്നതാണ്. ആര്‍ത്തവ വിളക്കിനു പിന്നാലെ ആര്‍ത്തവപ്പന്തം ആര്‍ത്തവാഗ്നി എന്നിവയും വന്നേക്കാം. എല്ലാ പരിപാടികളിലും സ്ഥിരപങ്കാളികള്‍ മാത്രമേയുള്ളൂ എന്ന് ചില സ്ത്രീ വിരുദ്ധര്‍ ആക്ഷേപിക്കുന്നുണ്ട്.

പിന്‍കുറിപ്പ്

ആര്‍ത്തവാഘോഷ പരിപാടികളില്‍ സ്ത്രീപങ്കാളിത്തം നാമമാത്രമായതില്‍ സംഘാടകര്‍ക്ക് രോഷം. സാരമില്ല, അടുത്തതവണ പുരുഷന്മാരെ സ്ത്രീവേഷം കെട്ടിച്ചിറക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.