നേപ്പിയര്‍: ഓസീസ് മണ്ണില്‍ ഇന്ത്യക്ക് ചരിത്രവിജയമൊരുക്കി മുന്‍ നായകന് എം.എസ്. ധോണി ന്യൂസിലന്‍ഡില്‍ മറ്റൊരു റെക്കോഡിനരികല് എത്തിനില്‍ക്കുകയാണ്. നാളെ ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 197 റണ്‍സ് കൂടി നേടിയാല്‍ ന്യൂസിലന്‍ഡില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കുറിക്കുന്ന ഇന്ത്യന്‍ താരമാകും.
ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറാണ് നിലവില്‍ ന്യൂസിലന്‍ഡില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ താരം. സച്ചിന് പതിനെട്ട് മത്സരങ്ങളില്‍ 652 റണ്‍സ് നേടി. വീരേന്ദ്ര സേവാഗാണ് തൊട്ടുപിന്നില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ 598 റണ്‍സ്.
ഓസീസ് പര്യടനത്തിലെ മൂന്ന് മത്സരങ്ങളിലും അര്‍ധ ശതകം കുറിച്ച് മാന്‍ ഓഫ് ദ സീരിസായി തെരഞ്ഞെടുക്കപ്പെട്ട ധോണി മുന്‍ നായകന് സുനില്‍ ഗാവസ്ക്കറെ റെക്കോഡ് പുസ്തകത്തില്‍ നിന്ന് പടിയിറക്കി. മാന്‍ ഓഫ് ദ സീരിസായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ധോണി. ഗാവസ്ക്കറുടെ 32 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് വഴിമാറിയത്.
ന്യൂസിലന്‍ഡിനെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര നാളെ ആരംഭിക്കും. നേപ്പിയറിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാവിലെ 7.30ന് കളി തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: