സെറീന കടന്നു ; സരേവ വീണു

Tuesday 22 January 2019 5:00 am IST

മെല്‍ബണ്‍: ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലോക ഒന്നാം നമ്പര്‍  സിമോണ ഹാലപ്പിനെ അട്ടിമറിച്ചാണ് സെറീന അവസാന എട്ട് താരങ്ങളിലൊന്നായത്. സ്‌കോര്‍ 6-1, 4-6, 6-4. ഇത് അമ്പതാം തവണയാണ് ഈ അമേരിക്കന്‍ താരം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നത്്.

പുരുഷന്മാരുടെ നാലാം സീഡായ അലക്‌സാണ്ടര്‍ സരേവയ്്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കാലിടറി. അതേസമയം ലോക ഒന്നാം നമ്പര്‍ നൊവാക്ക് ദ്യോക്കോവിച്ചും ഫ്രാന്‍സിന്റെ ലുക്കാസ് പൗളിയും നാലാം റൗണ്ടില്‍ ശക്തമായ വെല്ലുവിളി അതീജിവിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

കാനഡയുടെ പതിനാറാം സീഡായ മിലോസ് റാവോണിക്കാണ് സരേവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍ 6-1,6-1,7-6(7-5).

മിലോസ് റാവോണിക്ക് ക്വാര്‍ട്ടറില്‍ ലുക്കാസ് പൗളിയെ നേരിടും. ക്രൊയേഷ്യയുടെ ബോണ കോറിക്കിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലുക്കാസ് ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 6-7 (4-7) ,6-4,7-5,7-6(7-2). 

സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍ ഡാനില്‍ മെഡ്‌വദേവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്്‌കോര്‍: 6-4, 6-7, 6-2, 6-2. 

ജപ്പാന്റെ എട്ടാം സീഡായ കീ നിഷികോരിയാണ് ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. സ്പനിഷ് താരം പബ്‌ളോ കരേനോ ബുസ്റ്റയെ അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ വീഴ്ത്തിയാണ് നിഷികോരി ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ രണ്ട് സെറ്റും നഷ്ടമായ നിഷികോരി ശക്തമായ തിരിച്ചുവരവിലാണ് വിജയം പിടിച്ചത്്. സ്‌കോര്‍: 6-7(8-10),4-6, 7-6 (7-4), 6-4, 7-6 (10-8). മത്സരം അഞ്ചു മണിക്കൂര്‍ അഞ്ചു മിനിറ്റ് നീണ്ടു. നാല് റൗണ്ടുകളില്‍  ഇത് മൂന്നാം തവണയാണ് നിഷികോരി അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ ജയിച്ചുകയറുന്നത്.

വനിതാ കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന സെറീന വില്യംസ് ക്വാര്‍ട്ടറില്‍ ചെക്കിന്റെ ഏഴാം സീഡ് കരോലിന പ്ലിസ്‌ക്കോവയെ നേരിടും. പതിനെട്ടാം സീഡായ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്ലിസ്‌ക്കോവ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 6-3, 6-1.

ജാപ്പനീസ് താരം നവോമി ഒസാക്ക ശക്തമായ പോരാട്ടത്തില്‍ ലാത്‌വിയയുടെ അനസ്താസിജ സെവസ്‌റ്റോവയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ഒപ്പത്തിനൊപ്പം പൊരുതിയ സെവസ്‌റ്റോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ഒസാക്ക കീഴടക്കിയത്. സ്‌കോര്‍ 4-6, 6-3, 6-4.

ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിനയാണ് ഒസാക്കയുടെ അടുത്ത എതിരാളി. മുന്‍ യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റായ മാഡിസണ്‍ കീസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്വിറ്റോലിന ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 6-2, 1-6, 6-1.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.