കോട്ടയത്തിന്റെ കാമുകന്മാര്‍ നിരാശരായേക്കും; ജോസ് കെ. മാണിയുടെ ഭാര്യ പരിഗണനയില്‍

Tuesday 22 January 2019 7:00 am IST

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ്  ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തില്‍ ചരടുവലിമുറുകി. കോട്ടയത്തെ പ്രതിനിധീകരിച്ചിരുന്ന ജോസ് കെ. മാണി രാജ്യസഭ അംഗമായതോടെയാണ് നേതാക്കള്‍ സീറ്റിനായി കരുക്കള്‍ നീക്കിത്തുടങ്ങിയത്. എന്നാല്‍ സീറ്റ് മാണികുടുംബത്തില്‍ നിന്നായിരിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുമോ എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.  

 കേരളാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് മുന്നോടിയായി കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജോസ് കെ. മാണി നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പരോക്ഷമായി സൂചിപ്പിച്ചത്. ഇപ്പോള്‍ സ്ത്രീതുല്ല്യതയ്ക്ക് വേണ്ടിയല്ലേ എല്ലാവരും സംസാരിക്കുന്നതെന്നായിരുന്നു നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. കേരളാ കോണ്‍ഗ്രസിലെ പതിനഞ്ചോളം നേതാക്കളാണ് കോട്ടയം ലോക്‌സഭാ സീറ്റിനായി കരുക്കള്‍ നീക്കുന്നത്. ഈ സാഹചര്യത്തിലാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുന്നത്. പൊതുരംഗത്ത് നിഷ സജീവമാകുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

കോട്ടയത്ത്  സ്ഥാനാര്‍ത്ഥി നിര്‍ണയം മാണിവിഭാഗത്തിന് അത്ര എളുപ്പമായിരിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. 

സീറ്റ് മാണികുടുംബത്തിന് തന്നെയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉറപ്പാണ്. കുടുംബത്തിലെ അംഗമല്ലെങ്കില്‍ മാണിക്കും മകനും വിധേയരായവരെ കണ്ടെത്തണം. അത്തരക്കാര്‍ക്ക് എത്രമാത്രം വിജയസാധ്യതയുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. ജോസ് കെ. മാണിക്ക് രാജ്യസഭാസീറ്റ് നല്‍കിയതോടെ കോട്ടയം ലോക്‌സഭാസീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രചാരണം ഇടയ്ക്ക് ശക്തമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പേരിന് തുടങ്ങി ഒരുമുഴം മുമ്പേ നീട്ടിയെറിയുകയും ചെയ്തു. ഇതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കൊണ്ട് നടത്തിച്ച് കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ നീക്കങ്ങളുടെ മുനയൊടിക്കുകയും ചെയ്തു.

നിഷയെ കൂടാതെ തോമസ് ചാഴിക്കാടന്‍, പ്രിന്‍സ് ലൂക്കോസ്, ജോബ് മൈക്കിള്‍, വിക്ടര്‍ ടി. തോമസ് തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. കൂടാതെ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവുമുണ്ട്. കോട്ടയം കൂടാതെ ഇടുക്കി സീറ്റ് വേണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇടുക്കിയില്‍ കോണ്‍ഗ്രസിനെക്കാളും ശക്തി മാണി വിഭാഗത്തിനാണെന്നാണ് നേതാക്കളുടെ അവകാശവാദം. ജോസ് കെ. മാണി നയിക്കുന്ന കേരളയാത്രയോടെ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകും. 24ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.