യുവമോര്‍ച്ച സംസ്ഥാന സമ്മേളനം; വീടു നല്‍കും, അവയവദാന പത്രം സമര്‍പ്പിക്കും

Tuesday 22 January 2019 6:17 am IST

തൃശൂര്‍: യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നെടുമങ്ങാട് നിര്‍ധനരായ കുടുംബത്തിന് വീടു നിര്‍മ്മിച്ച് നല്‍കും. 

മൂവായിരത്തിലേറെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അവയവദാന സമ്മതപത്രവും നേത്രദാന സമ്മത പത്രവും നല്‍കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. യുവകേരളം നരേന്ദ്രമോദിക്കൊപ്പം എന്നതാണ് യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ മുദ്രാവാക്യം.

 കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന സെമിനാറുകളും  തൃശൂരില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപിഎം, മറിച്ച് നിലപാടുകളുള്ള സ്ത്രീകളെ ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്നതാണവസ്ഥ. അധ്യാപികമാരെപ്പോലും ആക്രമിക്കുന്നു. നവോത്ഥാനത്തിന്റെ മാര്‍ക്‌സിയന്‍ രീതികള്‍ എന്ന സെമിനാറില്‍ ഇത്തരം പീഡനങ്ങള്‍ക്കിരയായ ഒട്ടേറെ വനിതകളെ അണിനിരത്തും.  27 ന് നടക്കുന്ന റാലിയില്‍ രണ്ട് ലക്ഷം യുവതീയുവാക്കള്‍ അണിനിരക്കുമെന്നും അയ്യായിരത്തോളം പുതിയ യുവാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയെ അഭിസംബോധന ചെയ്യും.  

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. ഹരി, സ്വാഗതസംഘം ചെയര്‍മാനും ഗായകനുമായ അനൂപ് ശങ്കര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.