പ്രളയാനന്തരം പ്രസ്താവനകള്‍ മാത്രം

Wednesday 23 January 2019 1:44 am IST
കാര്‍ഷിക മേഖലയില്‍ വന്‍ തിരിച്ചടി സംഭവിക്കാന്‍ പോവുകയാണ്. ജലനിരപ്പ് കുറയുകയാണ്. ഒരു കരുതലും കേരള സര്‍ക്കാരിനില്ല. പരമാവധി കിണറും കുളങ്ങളും സംരക്ഷിക്കണം, നിലനിര്‍ത്തണം, പരിരക്ഷിക്കണം. സംസ്ഥാനത്ത് ഇതുവരെ ഇതൊന്നും ആലോചനയിലില്ല. സഹായമായി കിട്ടിയ ഫണ്ട് എങ്ങനെ വിനിയോഗിക്കാമെന്നു കൃത്യമായ പദ്ധതിയില്ല. ജനശ്രദ്ധ നേടുന്ന ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഇതുവരെ: പ്രളയാനന്തര കേരളത്തേക്കുറിച്ചു പരിസ്ഥിതി പ്രവര്‍ത്തക ഡോ. അമിത സിങ്ങിന്റെ വിലയിരുത്തല്‍ തുടരുന്നു.

ഡോ. അമിത സിങ്

കേരളത്തില്‍ പ്രളയം ബാധിച്ച പല പഞ്ചായത്തുകളിലേയും അധികൃതരുമായി ഞങ്ങള്‍ സംസാരിച്ചു. അണക്കെട്ടുകള്‍ തുറന്നുവിട്ടത് ആരും അറിയിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. തുറന്നേക്കുമെന്ന് കേട്ടറിഞ്ഞു. പക്ഷേ,എന്ന്, എപ്പോള്‍, എങ്ങനെ, എത്ര എന്ന ഒരു വിവരവും അറിഞ്ഞില്ല.  മനുഷ്യരുടെ സ്ഥിതി നേരിട്ട് മനസ്സിലാക്കിയാലേ കാര്യങ്ങളുടെ ഗൗരവം അറിയാനാവൂ. മരിച്ചവരുടെ മാത്രം കണക്ക് അറിഞ്ഞാല്‍ പോര. മനസ്സിനെ എങ്ങനെ ബാധിച്ചെന്ന് നോക്കണം. നാലുലക്ഷം പക്ഷികള്‍ ചത്തൊടുങ്ങി. വളര്‍ത്തുമൃഗങ്ങള്‍,സമ്പാദ്യം, കൃഷി, കിടപ്പാടം, സര്‍ട്ടിഫിക്കറ്റുകള്‍, ജീവിതരേഖകള്‍ ഒക്കെ പോയവരാണ് ജനത. പക്ഷേ, പുനരധിവാസവും പുനര്‍നിര്‍മാണവും അടക്കം ഒന്നിനും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല.

? ഫണ്ടിന്റെ ദുര്‍വിനിയോഗമുണ്ടെന്നാണോ? 

 ഉണ്ടാകാം. സംഭവിക്കാം. ദുരന്തനിവാരണ അതോറിറ്റി നിയമത്തിലെ പോരായ്മകളില്‍ ഒന്ന് പുനര്‍നിര്‍മാണ പ്രവര്‍ത്തന ഫണ്ടിന്റെ ദുരുപയോഗം തടയാനും വിനിയോഗം നിരീക്ഷിക്കാനും സംവിധാനമില്ലെന്നതാണ്. അതിന് നിയമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ചെയ്യണം. അതുവരെ ജനങ്ങള്‍ അതിന്‍മേല്‍ കണ്ണുവയ്ക്കണം. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ പ്രോത്സാഹനത്തിലും പണവിനിയോഗത്തിലും വീഴ്ചയുണ്ടായാല്‍ കേന്ദ്ര ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിക്ക് പരാതിപ്പെടണം. പ്രധാമന്ത്രിയാണ് തലവന്‍ എന്നതിനാല്‍ പിഎംഒയിലും അറിയിക്കണം.

ദുരന്തനിവാരണ സമിതിയുടെ പ്രവര്‍ത്തന സംവിധാനം പഞ്ചായത്ത് തലത്തില്‍ എത്തിക്കുകയാണ് വേണ്ടത്.  സമിതിയുടെ അറിയിപ്പുകള്‍ മുതല്‍ സകലതും പഞ്ചായത്തുകള്‍ക്ക് നേരിട്ടെത്തണം. പഞ്ചായത്തീരാജ് നിയമത്തിന് ഭരണഘടനയുടെ 73-ാം ഭേദഗതി ഇതിനെല്ലാം ഉദ്ദേശിച്ചാണ്. എല്ലാ തലത്തിലും വികേന്ദ്രീകരണം ലക്ഷ്യമിട്ടാണ്. എന്നാല്‍ പഞ്ചായത്തീരാജ് സംവിധാനം ഏറ്റവും മികച്ചതായി നടപ്പാക്കിയെന്ന് പുകഴ്ത്തപ്പെടുന്ന കേരളത്തില്‍ ഇതൊന്നും നടപ്പിലില്ലെന്ന് അറിയുമ്പോള്‍ ബീഹാറൊക്കെ എത്രഭേദം എന്നു തോന്നിപ്പോകും.

താല്‍ക്കാലിക കാര്യങ്ങള്‍ മാത്രമല്ല, ദീര്‍ഘകാല പരിഹാരം കാണേണ്ട വിഷയങ്ങളുണ്ട്. വ്യവസ്ഥാപിതമായ പഠനം നടത്തേണ്ടതുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ഭൂമിയുടെ ജലസംരക്ഷണ സംവിധാനം തകര്‍ന്നുപോയി. ഭൂഗര്‍ഭജലം, ഏറ്റവും ശുദ്ധവും സുരക്ഷിതമായ ജലം സംഭരിച്ചുവയ്ക്കുന്ന മണ്‍പാളികള്‍ തകര്‍ന്നു. ബലൂണുകള്‍ പോലെയായിരുന്നു, അവ പൊട്ടി വെള്ളം ഒഴുകിപ്പോയി. നമ്മുടെ ജലസംഭരണികളായിരുന്നു അത്. അടുത്ത പത്തുവര്‍ഷത്തില്‍ അതിഘോരമായ വരള്‍ച്ചയും ജലക്ഷാമവും നേരിടേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പഠനവും നടത്തിയിട്ടില്ല, നടത്താന്‍ പദ്ധതിയില്ല. 

കാര്‍ഷിക മേഖലില്‍ വന്‍ തിരിച്ചടി സംഭവിക്കാന്‍ പോവുകയാണ്. ഒരു കരുതലും കേരള സര്‍ക്കാരിനില്ല. പരമാവധി കിണറും കുളങ്ങളും സംരക്ഷിക്കണം, നിലനിര്‍ത്തണം, പരിരക്ഷിക്കണം. സംസ്ഥാനത്ത് ഇതുവരെ ഇതൊന്നും ആലോചനയിലില്ല. കേന്ദ്ര ഭൂഗര്‍ഭ ജല സംരക്ഷണ വകുപ്പ് ചില പഠനങ്ങള്‍ നടത്തിയതില്‍ എറണാകുളത്ത് മാത്രം നിരീക്ഷിച്ച 180 കിണറുകളില്‍ 80 എണ്ണത്തില്‍ വെള്ളം കുറഞ്ഞു. ജലനിരപ്പ് കുറയുകയാണ്. സഹായമായി കിട്ടിയ ഫണ്ട് എങ്ങനെ വിനിയോഗിക്കാമെന്നതിന് കൃത്യമായ പദ്ധതിയില്ല. ജനശ്രദ്ധ നേടുന്ന ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഇതുവരെ.

? നിങ്ങളുടെ പഠനത്തിന്റെ തുടര്‍നടപടികള്‍ ഉണ്ടാവുമോ? എങ്ങനെയായിരിക്കും?

 ഞങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനം നടത്തും. ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുണ്ട്. പദ്ധതിയുണ്ട്. അടിയന്തരമായി വേണ്ടത് ജലസംരക്ഷണമാണ്. കുളവും കിണറും മറ്റും പരിരക്ഷിക്കണം. ആവശ്യമായ ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കണം. വേമ്പനാട് കായല്‍ സംരക്ഷിക്കണം. ഇതെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ വേണം.

കായലും കടല്‍ത്തീരവും കാക്കണം. കടല്‍ത്തീരം ഇല്ലാതാകുന്നതുവഴി സമുദ്രസമ്പത്ത് നശിക്കും. കേരളത്തിലെ കടലില്‍ മത്സ്യം കുറയുന്നുവെന്ന ചില കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പഠനം നടത്തി. പതിറ്റാണ്ടുകളായി മീന്‍പിടുത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു, കടലില്‍ മീന്‍ കുറഞ്ഞുവെന്നും ലഭ്യത കുറഞ്ഞുവെന്നും. പക്ഷേ, ഗവേഷണ സ്ഥാപനങ്ങളും വിദഗ്ദ്ധരും വിവരങ്ങളും ചിത്രങ്ങളും ആധികാരിക രേഖയാക്കി, മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നത് തെറ്റാണെന്ന് പറയുന്നു. ഞങ്ങള്‍ കൂടുതല്‍ പഠിച്ചു. ഗവേഷകര്‍ പറയുന്നത് വേറെ, വാസ്തവം വേറെ. കടലില്‍ മുമ്പ് ലഭ്യമാകുന്ന ഇരുപത് ഇനം മീനുകള്‍ കേരള കടലില്‍ കിട്ടാതായി. എന്നാല്‍, ചെറിയ ചില മീനുകള്‍ കിട്ടുന്നുണ്ട്. പണ്ട് തീരപ്രദേശത്ത് കിട്ടുമായിരുന്ന മീന്‍ ശേഖരിക്കാന്‍ ഇന്ന് ആഴക്കടലില്‍ പോകേണ്ടിവരുന്നു. ആലപ്പുഴ കടല്‍പ്രദേശത്ത് കിട്ടിയിരുന്ന പ്രത്യേക മത്സ്യങ്ങള്‍ ഇല്ലാതായി. അതായത് യഥാര്‍ത്ഥ വിവരവും ഗവേഷണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന വിവരവും ചേര്‍ച്ചയില്ല. ഏറ്റവും വേഗം ചെയ്യേണ്ടത് നമ്മുടെ കടല്‍ത്തീരം സംരക്ഷിക്കലാണ്. തീരം അടച്ചുകെട്ടണം.

? കേരളത്തിന്റെ വരുമാനമാര്‍ഗമാണ് ടൂറിസം. അതില്ലാതായാല്‍?

 ടൂറിസം കൊണ്ടുകിട്ടുന്ന താല്‍ക്കാലിക ലാഭങ്ങളേക്കാള്‍ വലിയ നഷ്ടം സംസ്ഥാനത്തിന് സംഭവിക്കുകയാണ്. ഭാവിയെക്കുറിച്ച് കരുതലുണ്ടെങ്കില്‍ ആദ്യം വേണ്ടത് കേരള തീരം അടച്ചുകെട്ടുകയാണ്. കൊളംബോയെ കണ്ട് പഠിക്കണം. ലക്ഷദ്വീപ് മാതൃക തുടരണം. കൊളംബോയില്‍ മുമ്പ് പോയപ്പോള്‍ കടലിലേക്ക് ഏറെദൂരം നടന്നിറങ്ങിപ്പോകാമായിരുന്നു. അതിസുന്ദരമായി അടിത്തട്ടു കാണാമായിരുന്നു. നിറമുള്ള വിവിധയിനം കല്ലുകളും മറ്റും അസാധാരണ കാഴ്ചയായിരുന്നു. അടുത്തിടെ ഈ കാര്യങ്ങളൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച് ഞാന്‍ എന്റെ സംഘത്തെ കൊണ്ടുപോയി. പക്ഷേ, ആ കടല്‍ത്തീരം 20 കിലോമീറ്റര്‍ ദൂരം അടച്ചുപൂട്ടിയിരിക്കുന്നു. വന്‍ മതിലും ഇരുമ്പ് അഴികളുമിട്ട് പ്രവേശനം തടഞ്ഞിരിക്കുന്നു. കടലോരം സംരക്ഷിക്കാനാണ്. കടല്‍ കരയെടുക്കുന്നത് തടയാനാണ്. ജൈവവൈവിധ്യം സംരക്ഷിക്കാനാണ്.

സുനാമിക്കുശേഷം ലക്ഷദ്വീപില്‍ കടല്‍സ്വത്തിനു വന്‍ നാശമുണ്ടായി. പവിഴപ്പുറ്റ് നശിച്ചു. സംരക്ഷിക്കാന്‍ അവര്‍ സംവിധാനമുണ്ടാക്കി. പഴയ നിലയിലേക്കു പോകുന്നു. കേരളം അത്തരം കാര്യങ്ങളില്‍ വേണ്ടത് ചെയ്യുന്നില്ല. ടൂറിസത്തിന്റെ പേരില്‍ റിസോര്‍ട്ടുകളുടെ നിര്‍മാണമാണ് നടക്കുന്നത്. തീരദേശനിയന്ത്രണ നിയമം കര്‍ശനമായി പാലിക്കണം. ചെലവന്നൂര്‍ കടല്‍ത്തീരത്ത് നിയമങ്ങള്‍ ലംഘിച്ച് ഫ്ളാറ്റ് നിര്‍മിച്ചു. കേസായി. പൊളിച്ച് മാറ്റാന്‍ ഹൈക്കോടതി വിധി വന്നു. എന്തു സംഭവിച്ചു? ഫൈന്‍ അടച്ച് കെട്ടിടം സംരക്ഷിച്ചു. പത്തോ നാല്‍പ്പതോ കോടി പിഴയടയ്ക്കലല്ല വിഷയം. അതിനേക്കാള്‍ അധികം നഷ്ടം പരിസ്ഥിതിക്ക് അവ വരുത്തുന്നുണ്ട്. സുപ്രീംകോടതി വിധിയുള്ളതാണ്, ജനങ്ങളുടെ സംരക്ഷണത്തിനുള്ള പൊതു ട്രസ്റ്റിയാണ് ഭരണകൂടമെന്ന്. അതുവച്ച് നോക്കുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് ഇതിനെല്ലാം ഉത്തരവാദിത്തമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ അന്താരാഷ്ട്രാ കരാറില്‍ ഒപ്പുവച്ചയാളാണ്. ആ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. സംസ്ഥാനങ്ങളുടെ കടമ മുഖ്യമന്ത്രിമാര്‍ നിര്‍വഹിക്കണം.

? കേരളത്തില്‍ ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരുണ്ടെങ്കിലും ഇത്തരം വിഷയത്തില്‍ അവര്‍ ശബ്ദിക്കാത്തതെന്തായിരിക്കും? 

 ചിലര്‍ പേടിച്ചിട്ടാണ്. ചിലര്‍ സ്വാധീനിക്കപ്പെട്ടിട്ടാണ്. എന്നോട് ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വകാര്യമായി പറഞ്ഞിട്ടുണ്ട് അവര്‍ക്ക് ഭീഷണിയുണ്ടായിട്ടുണ്ടെന്ന്. ചിലര്‍ പലതരത്തില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെന്ന് പറയുന്നവരെ ഭൂമാഫിയകളുടെ വേദികളില്‍ ഞാന്‍ പലയിടങ്ങളിലും കണ്ടിട്ടുണ്ട്. കേരള സര്‍ക്കാരിനുവേണ്ടി ഈ പരിസ്ഥിതി പ്രവര്‍ത്തകരില്‍ ചിലരെ വിലയ്ക്കെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും അവര്‍ ശബ്ദിക്കാത്തത്.

കേരളത്തിലെ സാമൂഹ്യ ബൗദ്ധിക മേഖലയുടേയും വികേന്ദ്രീകൃത ഭരണ സംവിധാനത്തിന്റെയും പൂര്‍ണ തകര്‍ച്ചയാണിതെല്ലാം കാണിക്കുന്നത്. പരിസ്ഥിതിയും മറ്റ് സാമൂഹ്യ സുരക്ഷയും ക്ഷേമവുമൊന്നും പരിഗണിക്കാത്തയാളാണ് സംസ്ഥാന വൈദ്യുതി മന്ത്രി. പ്രമുഖ അണക്കെട്ടുകളില്‍ പലതിന്റേയും മേല്‍നോട്ടക്കാരന്‍.  വെള്ളപ്പൊക്കത്തില്‍നിന്ന് സംസ്ഥാന ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ~ഒരാഴ്ച കിട്ടി. പക്ഷേ അത് പ്രളയമാക്കി മാറ്റി. ബീഹാറിലല്ല, വിദ്യാസമ്പന്നമായ, പ്രബുദ്ധമായ കേരളത്തിലാണിത് സംഭവിച്ചത്.

? പരിസ്ഥിതി- ദുരന്ത നിവാരണ പ്രവര്‍ത്തന മേഖലയില്‍ തുടര്‍ പരിപാടികള്‍ എന്തൊക്കെയാണ്?

 ഞങ്ങള്‍ മാര്‍ച്ചില്‍ ദല്‍ഹിയില്‍ ഒരു സെമിനാര്‍ നടത്തുന്നുണ്ട്. അത് ദുരന്ത നിവാരണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) എങ്ങനെ വിനിയോഗിക്കാമെന്ന കണ്ടെത്തലിനുള്ള ചര്‍ച്ചാവേദിയാണ്. 

പ്രകൃതി ദുരന്തം പോലുള്ളവയുടെ സാധ്യത ഏറെക്കുറേ മുന്‍കൂട്ടി അറിയാന്‍ ഇപ്പോള്‍ സംവിധാനങ്ങളുണ്ട്. അത് വിശകലനം ചെയ്യാനും അറിയിക്കാനുമുള്ള മാര്‍ഗങ്ങളാണില്ലാത്തത്. ഇടനിലക്കാരില്ലാതെ, രാഷ്ട്രീയമോ വ്യക്തിപരമോ സംഘടിതമോ ആയ താല്‍പര്യങ്ങള്‍കൊണ്ട് മറയ്ക്കാനോ അറിയിക്കാനോ വൈകാതെ, ജനങ്ങളിലേക്ക് നേരിട്ട് വിവരങ്ങള്‍ എത്തിക്കുന്ന സംവിധാനം വികസിപ്പിക്കുകയാണ് ചര്‍ച്ചാ വിഷയം. രാജ്യത്തെ ആസൂത്രണ സംവിധാനമായ നിതി ആയോഗ് ഇതിന് സഹകരണം ഏറ്റിട്ടുണ്ട്. ഏതൊക്കെ മേഖലയില്‍ എത്രത്തോളം സാധ്യമാണെന്ന് ചര്‍ച്ച ചെയ്യണം. അന്താരാഷ്ട്രാ ഏജന്‍സികള്‍, സാങ്കേതിക സഹായവും സഹകരണവും നല്‍കാന്‍ പറ്റുന്ന ഗൂഗിള്‍, ഐബിഎം, ആമസോണ്‍ തുടങ്ങിയവയും സഹകരിക്കുമെന്നാണ് വിശ്വാസം. മനുഷ്യന് സംഭവിക്കാവുന്ന പിശകുകള്‍ ബാധിക്കാത്ത സംവിധാന രൂപപ്പെടണം. അതിനെ താഴേത്തട്ടില്‍ പഞ്ചായത്ത് തലത്തില്‍ ജനങ്ങളിലെത്തിക്കണം. അതാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.