രാഹുല്‍ പരാജയം; പ്രിയങ്ക വാദ്രയെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്

Thursday 24 January 2019 3:15 am IST
രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും പക്വതയില്ലാത്ത നേതാവെന്നതും ചൂണ്ടിക്കാട്ടി പ്രിയങ്കയെ രംഗത്തിറക്കാന്‍ ഏറെക്കാലമായി കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം മുറവിളി കൂട്ടുന്നുണ്ട്. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രചാരണം ശക്തമായിരുന്നു.

ന്യൂദല്‍ഹി: അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടാനാകില്ലെന്ന് തുറന്ന് സമ്മതിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുലിന്റെ സഹോദരിയും വിവാദ വ്യവസായി റോബര്‍ട്ട് വാദ്രയുടെ ഭാര്യയുമായ പ്രിയങ്കയെ കോണ്‍ഗ്രസ് കളത്തിലിറക്കി. 

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ നിയമനം. പ്രിയങ്ക കഴിവുള്ള നേതാവാണെന്നും കോണ്‍ഗ്രസ് പിന്‍നിരയില്‍ കളിക്കാനില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും മറ്റ് ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. രാഹുലിന്റെ പരാജയം സമ്മതിക്കുകയാണ് കോണ്‍ഗ്രസ്സെന്ന് ബിജെപി ചൂണ്ടിക്കാട്ടി. 

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും പക്വതയില്ലാത്ത നേതാവെന്നതും ചൂണ്ടിക്കാട്ടി പ്രിയങ്കയെ രംഗത്തിറക്കാന്‍ ഏറെക്കാലമായി കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം മുറവിളി കൂട്ടുന്നുണ്ട്. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രചാരണം ശക്തമായിരുന്നു. എസ്പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോണ്‍ഗ്രസ്സിന്റെ പ്രചാരണ ബോര്‍ഡുകളില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനൊപ്പം പ്രിയങ്കയുടെയും ചിത്രവും ഇടം പിടിച്ചിരുന്നു. 

എന്നാല്‍ രാഹുലിന്റെ ശക്തമായ എതിര്‍പ്പും യുപിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതും പ്രിയങ്കയെ പിന്‍വലിക്കാന്‍ കാരണമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും പാര്‍ട്ടിയുടെ ദയനീയാവസ്ഥ കണക്കിലെടുത്താണ് അവസാന അസ്ത്രമെന്ന നിലയ്ക്ക് പ്രിങ്കയെ കൊണ്ടുവരുന്നത്. 

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി, മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുര്‍, നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി തുടങ്ങി 40 ലോക്‌സഭാ മണ്ഡലങ്ങളാണ് കിഴക്കന്‍ യുപിയിലുള്ളത്. അനാരോഗ്യം കാരണം വിട്ടുനില്‍ക്കുന്ന സോണിയക്ക് പകരം ഇത്തവണ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നും സൂചനയുണ്ട്. 

അമേത്തിയിലും റായ്ബറേലിയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക പ്രചാരണം നടത്തിയിരുന്നെങ്കിലും ഇവിടെയുള്ള പത്ത് നിയമസഭാ സീറ്റില്‍ ആറിടത്തും ബിജെപി ജയിച്ചു. കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ഇത്തവണ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇതോടെ മത്സരം സഖ്യവും ബിജെപിയും നേരിട്ടായി. അശോക് ഗെഹ്‌ലോട്ടിന് പകരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി മലയാളിയായ കെ.സി. വേണുഗോപാലിനെയും നിയമിച്ചിട്ടുണ്ട്.

കെ. സുജിത്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.