സര്‍ക്കാര്‍ ഓഫീസുകള്‍ ഫാസിസ്റ്റ് തടവറയാകരുത്

Thursday 24 January 2019 2:25 am IST
ഇടയന്‍മാര്‍ തെളിക്കുന്ന സ്ഥലത്തു മേയാനും അറവുശാലകളിലേക്ക് പോകാനും വിധിക്കപ്പെട്ട ആടുകളുടെ അവസ്ഥയിലാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍. വനിതാമതിലിനോട് താല്‍പര്യവുമില്ലാതിരുന്നിട്ടും ഭീഷണിക്കു വഴങ്ങി, ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ പ്രതിജ്ഞയെടുക്കേണ്ടി വരുന്ന ഗതികേടിലാണ് ജീവനക്കാര്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം 3 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഫാസിസ്റ്റ് തടവറകളായി മാറുകയാണ്. ഹിറ്റ്‌ലറുടെ ജര്‍മ്മനിയെ ഓര്‍മിപ്പിക്കും വിധമാണ്  ഇടതു സര്‍വ്വീസ് സംഘടനകള്‍ സര്‍ക്കാര്‍ ഓഫീസുകളെ ബന്ദിയാക്കി വച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളായി ബഹുഭൂരിപക്ഷം ജീവനക്കാരെയും മാറ്റി. സ്വതന്ത്ര നിലപാട് വ്യക്തമാക്കുന്ന ജീവനക്കാരെ ഒറ്റപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്യുന്നു. കേരള എന്‍ജിഒ സംഘ് പ്രവര്‍ത്തകരൊഴികെ മറ്റ് പ്രതിപക്ഷ സംഘടനകളില്‍പ്പെട്ട ജീവനക്കാര്‍ പോലും ഫാസിസ്റ്റ് ഭരണകൂടത്തിന് വിധേയമാക്കപ്പെട്ടിരിക്കുന്നു. 

പ്രളയ നാളുകളില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് മാസങ്ങളോളം കേരളത്തിലെ ജീവനക്കാര്‍ നടത്തിയതു മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു. സ്വന്തം കുടുബത്തെപ്പോലും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ അവസരം കിട്ടാത്തപ്പോഴും അവര്‍ ജനസുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി. ദുരിതാശ്വാസത്തിനു ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ വിധിക്കപ്പെട്ടവരായി കേരളത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരും. കഴിയാത്തവരെ വിസമ്മതപത്രമെന്ന സിവില്‍ സര്‍വ്വീസ് മേഖലയിലെ എക്കാലത്തെയും കറുത്ത ഉത്തരവ് കാണിച്ച് ഭയപ്പടുത്തി.  അവകാശങ്ങള്‍ അടിയറ വയ്ക്കാന്‍ തയ്യാറാകാത്ത എന്‍ജിഒ സംഘ് ശക്തമായി ഈ വെല്ലുവിളിയെ നേരിട്ടു. ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ കഴിയാത്ത ജീവനക്കാരും അദ്ധ്യാപകരും ഉള്‍പ്പെടെ 2.20 ലക്ഷം പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ നിന്നു. അവര്‍ക്കുള്ള സംരക്ഷണ വലയമാണ് നിയമപോരാട്ടത്തിലൂടെ എന്‍ജിഒ സംഘ് ഒരുക്കിയത്. 

സാലറി ചലഞ്ചില്‍ പങ്കെടുക്കേണ്ടിവന്ന 2.80 ലക്ഷം പേരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായ ജീവനക്കാരായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ഫാസിസ്റ്റ് ഭീകരതയുടെ ഇരകളായി മാറുകയായിരുന്നു ഇവര്‍. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സ്വമേധയാ സാലറി ചലഞ്ച് ഏറ്റെടുത്തത്. ബാക്കിയുള്ള ബഹൂരിപക്ഷത്തിന്റെയും മേല്‍ അത് അടിച്ചേല്‍പിക്കുകയാണ് ചെയ്തത്. എന്നിട്ടും പൊതുവില്‍ സാലറി ചലഞ്ച് പരാജയപ്പെട്ടത് ഇടതു സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനും ഫാസിസ്റ്റ് ഭരണത്തിനുമേറ്റ തിരിച്ചടിയാണ്.

ജീവനക്കാരില്‍ ഭൂരിപക്ഷവും ഈശ്വരവിശ്വാസികളും, ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. പക്ഷേ, ഇടതുസംഘടനകളുടെ തടവറകളില്‍പ്പെട്ട് നിരീശ്വരവാദത്തിന്റെയും ആചാരലംഘനത്തിന്റെയും അപ്പോസ്തലന്‍മാര്‍ നയിക്കുന്ന ക്യാമ്പുകളിലേക്ക് ആട്ടിപ്പായിക്കപ്പെടുന്നു. സ്ത്രീസമൂഹത്തിന് ആധുനിക കേരളത്തില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നു പഠിപ്പിക്കുകയാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തെ നവോത്ഥാനമായി അവതരിപ്പിക്കുകയാണ് ഇടതു ബുദ്ധിജീവികളിലൂടെ ചെയ്യുന്നത്. 

ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും കാലത്ത് തടവറയില്‍ അടയ്ക്കപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ മാനസികാവസ്ഥയിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ മാറ്റുകയാണ് ഇവര്‍. ആചാര സംരക്ഷണത്തിന് തെരുവിലിറങ്ങിയവര്‍ക്കൊപ്പം നാമജപം നടത്തിയ ആയിരക്കണക്കിന് വനിതാ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോള്‍ വനിതാമതിലിന്റെ കണ്ണികളാകാന്‍ വിധിക്കപ്പെട്ടു. ഇടയന്‍മാര്‍ തെളിക്കുന്ന സ്ഥലത്തു മേയാനും അറവുശാലകളിലേക്ക് പോകാനും വിധിക്കപ്പെട്ട ആടുകളുടെ അവസ്ഥയിലാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍. വനിതാമതിലിനോട് യാതൊരു താല്‍പര്യവുമില്ലാതിരുന്നിട്ടും ഭീഷണിക്കു വഴങ്ങി, സ്വന്തം ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ പ്രതിജ്ഞയെടുക്കേണ്ടി വരുന്ന ഗതികേടിലാണ് ജീവനക്കാര്‍.   

പതിറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഓരോന്നായി പിണറായി സര്‍ക്കാരിനുമുമ്പില്‍ അടയറവ് വയ്‌ക്കേണ്ടിവരുമ്പോഴും രണ്ട് മാസത്തിലൊരിക്കല്‍ കേന്ദ്രവിരുദ്ധ സമരവേദികള്‍ നിറയ്ക്കാന്‍ വിധിക്കപ്പെട്ടവരായി കേരളത്തിലെ ജീവനക്കാര്‍ മാറുന്നു. സ്വന്തം ക്ഷമബത്തയ്ക്ക് വര്‍ഷങ്ങളുടെ കുടിശ്ശിക ഉള്ളപ്പോഴും ബംഗാളിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക ലഭ്യമാക്കാന്‍ കേരളത്തില്‍ ഇടതു സംഘടനകള്‍ നയിക്കുന്ന സമരമുഖത്ത് പങ്കെടുക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ട്. ഒരു കൂര വയ്ക്കാന്‍ നല്‍കിയ ആനുകൂല്യം പോലും നിറുത്തലാക്കിയും, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിഹിതം നല്‍കാതെയും സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്‍മാറുമ്പോഴും, പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാതിരിക്കുമ്പോഴും, 5 വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷക്കരണമെന്ന തത്വം അട്ടിമറിക്കുമ്പോഴും എല്ലാം ഉള്ളിലൊതുക്കി ബംഗാളിലെ ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജീവനക്കാര്‍.

ഈ അടിമത്വത്തില്‍ നിന്ന് ജീവനക്കാരെ മോചിപ്പിക്കുകയെന്ന ദൗത്യമാണ് എന്‍ജിഒ സംഘിന് ഏറ്റെടുക്കാനുള്ളത്. അത് തന്നെയാണ് സാറലി ചലഞ്ചിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെയും വനിതാമതിലിന്റെ രാഷ്ട്രീയം തുറന്നുകാട്ടി ഓഫീസുകളില്‍ നടത്തിയ പ്രചരണത്തിലൂടെയും വിശ്വാസ സംരക്ഷണ പ്രതിജ്ഞയെടുത്തുകൊണ്ടും അവകാശ സംരക്ഷണത്തിനു വേണ്ടി ശക്തമായ സമരമുഖം തുറന്നും സംഘ് നടത്തിയത്. എന്‍ജിഒ സംഘിന്റെ അംഗങ്ങളായ ജീവനക്കാരെ നിസ്സാരകാര്യങ്ങളുടെ പേരില്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തും സ്ഥലം മാറ്റിയും പീഡിപ്പിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാനാണു ശ്രമം. എന്നാല്‍ ജീവനക്കാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ഇടതു ഫാസിസ്റ്റ് ഭീകരതയുടെ തടവറകളില്‍ നിന്ന് അവരെ മോചിപ്പിക്കാനും, കാലഘട്ടത്തിന്റെ കടമ നിറവേറ്റിക്കൊണ്ട് ദേശീയബോധമുള്ള ജീവനക്കാരുടെ സമൂഹത്തെ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് എന്‍ജിഒ സംഘ് നടത്തുന്നത്. എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടായാലും ഈ കടമ നിറവേറ്റുക തന്നെ ചെയ്യും.

എസ്.കെ. ജയകുമാര്‍

(കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍  സെക്രട്ടറി)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.