'നവോത്ഥാനം' പൊന്നാനി വഴി

Thursday 24 January 2019 4:34 am IST

വിജയന്റെ നവോത്ഥാനം കണ്ട് കുളിരുകോരുന്നത് കെ.ഇ.എന്‍. കുഞ്ഞഹമ്മദിനും ഒ. അബ്ദുള്ളയ്ക്കുമൊക്കെയാണ്. ഇവരെ പിന്‍തുടര്‍ന്ന് കുളിരുകോരികളുടെ ഒരു നീണ്ടനിര പൊന്നാനി വഴി വരാനും സാധ്യതയുണ്ട്.

 ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് ശേഷം തെമ്മാടിക്കൂട്ടമായി അവശേഷിച്ചുപോയ പാര്‍ട്ടിയാണ് വിജയന്റേതെന്ന് പണ്ടേ പലരും പറഞ്ഞുവെച്ചിട്ടുണ്ട്. ബുദ്ധിജീവികളെ പാര്‍ട്ടിക്കകത്ത് തെരഞ്ഞിട്ട് കിട്ടാഞ്ഞിട്ടാണ് പുറത്തുനിന്ന് വാടകയ്‌ക്കെടുത്ത് കസേരയിട്ടുകൊടുത്തത്. ഉണ്ടായിരുന്ന പി. ഗോവിന്ദപ്പിള്ളയെ ഇഎംഎസ് തന്നെ ഒതുക്കിയെന്നാണ് പാര്‍ട്ടിയിലെ ഭക്തന്മാര്‍ ചരിത്രത്തിലെഴുതിയത്. പിന്നെ പ്രാക്കുളത്തുകാരന്‍ മരിയന്‍ അലക്‌സാണ്ടര്‍ ബേബിയാണ് താടിവളര്‍ത്തി മുണ്ടുടുത്ത് ബുദ്ധിജീവിയാകാന്‍ ഓങ്ങിയിറങ്ങിയത്. പുള്ളിക്കാരന്റെ ബൗദ്ധികാഭ്യാസം പലപ്പോഴും ലയനാസക്തിക്ക് വഴിമാറുന്നതിനാല്‍ വിജയമ്പ്രാന് പിടിച്ചില്ല. കമ്മ്യൂണിസ്റ്റ് ലയനമാണ് വിപ്ലവത്തിന്റെ വഴിയെന്നാണ് നോംചോസ്‌കിയുടെ കൂടപ്പിറപ്പ് കളിക്കാന്‍ നോക്കി പെരുവഴിയിലായ ബേബി വ്യാഖ്യാനിച്ചത്. 

ഉള്ള ഇരുമ്പെല്ലാം തുരുമ്പെടുത്തപ്പോഴാണ് പ്രൊഫ. എം.എന്‍. വിജയനെ എഴുന്നെള്ളിച്ചത്. കൂടെ നടന്ന് രാപ്പനി തിരിഞ്ഞപ്പോള്‍ അകത്ത് കാറ്റും വെളിച്ചവും കടന്നാല്‍ തീരാവുന്ന കേടേ പാര്‍ട്ടിക്കുള്ളൂ എന്ന് പാവം സിദ്ധാന്തിച്ചുകളഞ്ഞു. പാപ്പിനിശ്ശേരിയിലെ പാമ്പുകളെ ചുട്ടുകരിച്ചപ്പോഴും പഠിപ്പിച്ചുകൊണ്ടിരുന്ന മാഷിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കിയപ്പോഴും കാരിരുമ്പുപോലെ കൂടെ നിന്ന് തമ്പ്രാന് രോമാഞ്ചമുണ്ടാക്കിക്കൊടുത്ത പാരമ്പര്യമുള്ള പ്രൊഫ: വിജയന്റെ 'കാറ്റും വെളിച്ചവും' കണ്ട് പാര്‍ട്ടി കിടുങ്ങിവിറച്ചു. അടച്ചിട്ട മുറിയില്‍ പ്രത്യയശാസ്ത്രവങ്കത്തം പറഞ്ഞും പ്രചരിപ്പിച്ചും പനപോലെ വളര്‍ന്ന പാര്‍ട്ടിയെ തകര്‍ക്കാനുള്ള സൂത്രമാണ് ഇതെന്ന് കണ്ണൂരിലെ പണ്ഡിതര്‍ തിരിച്ചറിഞ്ഞു. അതിന്റെ ഫലമാണ് വിജയന്‍ മാഷ് മരിച്ചപ്പോള്‍ അദ്ദേഹം 'നല്ലൊരു വാധ്യാരായിരുന്നു'വെന്ന് തമ്പ്രാന്‍ അനുസ്മരിച്ചത്. 

ഇപ്പോള്‍ അയ്യപ്പഭക്തരെയും ക്ഷേത്രവിശ്വാസികളെയും ഇല്ലാതാക്കി നവോത്ഥാനം കൊണ്ടുവരാനുള്ള പുറപ്പാടിലാണല്ലോ പാര്‍ട്ടി. ഏത് നവോത്ഥാനത്തിനും വേണം ഗുണഭോക്താക്കള്‍. എം.എന്‍. വിജയന് ശേഷം പാര്‍ട്ടി കണ്ടെടുത്ത ബുദ്ധിജീവിയാണ് ആ ഗുണഭോക്തൃപ്പട്ടിക പുറത്തുവിട്ടത്. ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനമാണ് യഥാര്‍ത്ഥ നവോത്ഥാനമെന്നാണ് സാക്ഷാല്‍ കേരള കാസ്‌ട്രോ വാനരബുദ്ധി എന്ന് വിശേഷിപ്പിച്ച പുകസക്കാരന്റെ സിദ്ധാന്തം. ജാതിയും മതവും പറയുന്നതില്‍ ആനന്ദം കാണുകയും തിരിച്ചുതല്ലില്ലെന്ന് ഉറപ്പുള്ളതുകൊണ്ടുമാത്രം ഹിന്ദുക്കളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന വ്യാജ ഡോക്ടറേറ്റ് പണ്ഡിതന്മാരുടെ ജനുസ്സില്‍പ്പെടുന്നയാളല്ല കുഞ്ഞഹമ്മദ്. 

കുഞ്ഞഹമ്മദ് പാര്‍ട്ടിയിലേക്ക് വരുന്നത് തന്നെ സ്വത്വവാദവുമായാണ്. ഓണത്തിന് പോലും മതം കണ്ട മുതലാണ്. ഓണസദ്യ വിളമ്പുമ്പോള്‍ ഇലയുടെ അറ്റത്ത് കാളനാകാമെങ്കില്‍ കാളയുമാകാമെന്ന് നാവ് നുണഞ്ഞ വിത്താണ്. മതനിരപേക്ഷ രാഷ്ട്രീയം ചവച്ചുതുപ്പി മേനി നടിച്ച കമ്മ്യൂണിസ്റ്റുകാരന്റെ വേദികളില്‍ കയറി നിന്ന് പച്ചയ്ക്ക് വര്‍ഗീയത വിളമ്പിയ ബുദ്ധിരാക്ഷസനാണ്. നാട് ഭരിക്കാന്‍ ചായം പൂശിയിറങ്ങിയ പിണറായിയുടെ പാളയത്തിലേക്ക് കൂട്ടത്തോടെ നല്ല പച്ച വോട്ടുകള്‍ വന്നുവീഴുമെന്ന് പാര്‍ട്ടിയുടെ അടുക്കളയില്‍ അടക്കം പറഞ്ഞ നല്ല കുശിനിക്കാരനാണ്. അപ്പോള്‍പ്പിന്നെ വിജയന്റെ നവോത്ഥാനത്തിന്റെ പോക്ക് കണ്ടിട്ട് കുഞ്ഞഹമ്മദിന് കുളിരുകോരിയില്ലെങ്കിലല്ലേ അതിശയമുള്ളൂ. 

പാര്‍ട്ടിക്ക് ആളെക്കൂട്ടാനും പാര്‍ട്ടിയില്‍ നിന്ന് മതത്തിലേക്ക് ആളെക്കൂട്ടാനുമുള്ള ഇരട്ടത്തലയുള്ള ക്വട്ടേഷന്‍ എടുത്താണ് കുഞ്ഞഹമ്മദ് ചെങ്കോണകം കൊടിയാക്കാന്‍ തീരുമാനിച്ചതെന്ന് വേണം കരുതാന്‍. പാര്‍ട്ടിക്കുള്ളിലെ ബുദ്ധിമാനാവുക എന്നതൊക്കെ ഇപ്പോള്‍ എളുപ്പമാണ്. പൊട്ടക്കുളത്തിലെ പുളവനാവുക മാത്രമേ അതിന് ചെയ്യേണ്ടതുള്ളൂ. എളേപ്പന്മാരുടെ പാര്‍ട്ടിയിലെ മുന്തിയ ബുദ്ധിജീവി ഇപ്പോള്‍ ഇ.പി. ജയരാജനാണല്ലോ. പുള്ളിയാണ് തടിക്കൊത്ത ബുദ്ധി എന്ന പ്രമാണം ആദ്യമായി അവതരിപ്പിച്ചത്. 

ഹിന്ദുക്കളെല്ലാം മോശക്കാരാണെന്നും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം പരമാബദ്ധങ്ങളാണെന്നും സിദ്ധാന്തിച്ച്, നാട്ടില്‍ നിന്ന് പണ്ടേ തുടച്ചുനീക്കപ്പെട്ട ജാതി വിവേചനത്തിന്റെ അഴുകിജീര്‍ണിച്ച പഴംകഥകള്‍ വലിച്ചുപുറത്തിട്ട് ചവച്ചുതിന്നുന്ന ഒരു കൂട്ടം ചെന്നായ്ക്കളുടെ പടപ്പുറപ്പാടാണ് ഇപ്പോള്‍ വിജയന്‍ എഴുന്നെള്ളിക്കുന്ന നവോത്ഥാനം. അത്ര മോശമാണ് ഹിന്ദു എങ്കില്‍ മതം മാറുന്നതല്ലേ നല്ലതെന്നാണ് കുഞ്ഞഹമ്മദിന്റെ കാഞ്ഞബുദ്ധിയില്‍ വിരിഞ്ഞ നവോത്ഥാനചിന്ത. ശ്രീനാരായണഗുരു പോലും അങ്ങനെ ചിന്തിച്ചുവെന്ന് സിദ്ധാന്തിക്കാനാണ് ശ്രമം.

ഇക്കാര്യത്തില്‍ കുഞ്ഞഹമ്മദ് ആദ്യത്തെയാളൊന്നുമല്ല. ഗുരുദേവനെ മതനിഷേധിയാക്കുക, വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കുക തുടങ്ങിയ കലാപരിപാടികള്‍ തരാതരം പോലെ എല്ലാക്കാലത്തും മാര്‍ക്‌സിസ്റ്റുകള്‍ പയറ്റിയിട്ടുണ്ട്. ഗുരുദേവന്റെ മഹത് വചനങ്ങളെ അടര്‍ത്തിയെടുത്ത് അത് ഹിന്ദുവിരുദ്ധപ്രചാരണത്തിന് ഉപയോഗിച്ചവരോട് ആഗമാനന്ദസ്വാമികള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്, 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് എടുത്തുകാട്ടി സ്വാമികള്‍ മതം വെണ്ടെന്നാണ് പറഞ്ഞതെന്ന് വ്യാഖ്യാനിക്കുന്ന ചിലരുണ്ട്. അവരെ എനിക്ക് ഭയമാണ്. എന്തെന്നാല്‍ ആരെങ്കിലും ഊണിന് ക്ഷണിച്ചിട്ട് എന്ത് കറിയാണ് വേണ്ടതെന്ന് ചോദിച്ചാല്‍, 'കറിയേതായാലും ഊണ് നന്നായിരിക്കണമെന്ന് പറയുന്നയാളാണ് ഞാന്‍.  സ്വാമിയുടെ വാക്യത്തിന്റെ വ്യാഖ്യാതാക്കള്‍ എന്നെ ഊണിന് ക്ഷണിച്ചിട്ട് കറിയൊന്നുമില്ലാതെ പടച്ചോറ് തരുമോ എന്ന ഭയമാണത്. ഒരു രോഗിയെ ചികിത്സിക്കാന്‍ ഏത് വൈദ്യനെ വിളിക്കണം എന്ന ചോദ്യത്തിന് വൈദ്യനേതായാലും രോഗം മാറിയാല്‍ മതി എന്ന് മറുപടി പറഞ്ഞാല്‍ വൈദ്യന്‍ വേണ്ട എന്ന അര്‍ത്ഥം ഏത് പുസ്തകമനുസരിച്ചാണ് നല്‍കാന്‍ സാധിക്കുക എന്നെനിക്ക് അറിഞ്ഞുകൂടാ.'

നിലവിളക്കും നിറപറയും വാല്‍കിണ്ടിയും തൂശനിലയും വെള്ളിത്തിരയില്‍ കാണുന്നത് പോലും സവര്‍ണവര്‍ഗീയഫാസിസമായി മുദ്രകുത്തിയാണ് കുഞ്ഞഹമ്മദും കൂട്ടരും വിജയന്റെ രോമാഞ്ചമായത്. സാംസ്‌കാരികമായ ചിന്തകളിലെല്ലാം മതവര്‍ഗീയതയുടെ വിഷം ആരോപിക്കുകയും അവയെ തകര്‍ക്കുകയും ചെയ്യുക എന്ന തീവ്രവാദ അജണ്ടയ്ക്ക് രാഷ്ട്രീയഭരണ നേതൃത്വം ഉപാധികളില്ലാതെ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. താലിബാനികളും ഐഎസ് ഭീകരരും വിജയന്റെ നാട്ടിലേക്ക് താവളം തേടിയെത്തുന്ന കാലത്താണ് ഇസ്ലാമിലേക്ക് വരൂ, നവോത്ഥാനം ആഘോഷിക്കൂ എന്ന് കുഞ്ഞഹമ്മദ് വിളിച്ചുകൂവിയത്.  ജമാഅത്തെ ഇസ്ലാമിയുടെ പണ്ഡിതനായ ഒ. അബ്ദുള്ള ഒപ്പം ഓരിയിടാന്‍ എത്തിയതിന്റെ ഗുട്ടന്‍സ് ഇനി പ്രത്യേകം തെരയേണ്ടതുണ്ടോ?

പൊന്നാനിയിലും മഞ്ചേരിയിലുമൊക്കെ തുറന്നുവെച്ച മതംമാറ്റ ഫാക്ടറികളിലേക്ക് പാര്‍ട്ടിഹിന്ദുക്കളെ ആട്ടിത്തെളിക്കാനുള്ള കങ്കാണിപ്പണി ഏറ്റെടുത്ത് ഇനിയും ഫോട്ടോസ്റ്റാറ്റ് ബുദ്ധിജീവികള്‍ രംഗത്തുവരും. അന്തസ്സുള്ള കസേരയില്‍ കയറിയിരുന്ന് സമുദായത്തെ വിറ്റുതുലയ്ക്കാന്‍ അച്ചാരം പറ്റിയ നേതാക്കന്മാര്‍ മതിലായും വാലായും ഓരം പറ്റി നടക്കുമ്പോള്‍ ഇരുട്ടുവാക്കിന് നവോത്ഥാനം വരുത്താന്‍ നടക്കുന്ന സര്‍ക്കാര്‍ ഗുരുദേവദര്‍ശനങ്ങളെ മുഴുവന്‍ കുഴിച്ചുമൂടാന്‍ ഇത്തരക്കാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കും. 'മതം കമ്പനി പോലെയാണെന്നും ചേര്‍ക്കുന്നവരുടെ ശേഷിയും മൂലധനത്തിന്റെ കൂടുതലും അനുസരിച്ച് ഓഹരിക്കാര്‍ ചേര്‍ന്നെന്നുവരാമെന്നും' ഗുരുദേവന്‍ പറഞ്ഞത് ഇത്തരക്കാരെ ഓര്‍ത്തുതന്നെയാണ്.

വിജയനും ചെല്ലമെടുപ്പുകാരും ചേര്‍ന്ന് കേരളത്തെ ആര്‍ക്ക് തീറെഴുതാനാണ് ഈ നെറികെട്ട കളിക്കൊരുമ്പെടുന്നതെന്ന് അറിയാന്‍ കനകമലയിലേക്കും പാനായിക്കുളത്തേക്കുമൊക്കെ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ മതി. ഐഎസും  അല്‍ക്വയ്ദയുമൊക്കെ കണ്‍മുന്നില്‍ വിളയാടുന്ന കാലമാണിത്. രാജ്യത്തിന്റെ എല്ലാ കോണില്‍നിന്നും ആട്ടിപ്പായിക്കപ്പെട്ട ഭീകരക്കൂട്ടം വിജയന്റെ താവളത്തില്‍ സുരക്ഷ തേടി എത്തുന്ന കാലം. കണ്ണൂരില്‍ നിന്ന് നേരെ സിറിയയ്ക്ക് ആളെ കയറ്റി വിടുന്ന കാലം. നേരത്തെ ഒളിച്ചുകടത്താന്‍ ശ്രമിച്ചിരുന്ന മതതീവ്രവാദത്തിന്റെ വിഷം കുഞ്ഞഹമ്മദുമാര്‍ ആര്‍ത്തവ വിപ്ലവത്തിന്റെ കാലത്ത് ഉറക്കെവിളിച്ചുകൂവുന്നു എന്ന് സാരം. ചായത്തില്‍ വീണ് രാജാവായ കുറുക്കന്‍ അര്‍ധരാത്രിയില്‍ ഓരിയിട്ടതുപോലെയാണിത്. ഓരിയിടലിന്റെ എണ്ണം കൂടാനാണ് സാധ്യത.

എം. സതീശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.