സര്‍ക്കാരിന് താക്കീതായി മാര്‍ക്‌സിസ്റ്റ് ക്രൂരതക്കിരയായ വനിതകളുടെ സംഗമം

Thursday 24 January 2019 10:13 am IST
യുവമോര്‍ച്ച സംസ്ഥാന സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി
" യുവമോര്‍ച്ച സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നവോത്ഥാനത്തിന്റെ മാര്‍ക്‌സിസ്റ്റ് മാതൃക എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യുന്നു"

തൃശൂര്‍: പിണറായി സര്‍ക്കാരിന് ശക്തമായ താക്കീതുമായി കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ക്രൂരതയ്ക്കിരയായ വനിതകള്‍ ഒത്തുകൂടി. 25, 26, 27 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നവോത്ഥാനത്തിന്റെ മാര്‍ക്‌സിസ്റ്റ് മാതൃക എന്ന വിഷയത്തില്‍ നടത്തിയ വനിതാ സെമിനാറിലാണ് മാര്‍ക്‌സിസ്റ്റ് ക്രൂരതയുടെ ഇരകള്‍ ഒത്തുചേര്‍ന്നത്. 

സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. ജെ. പ്രമീളദേവി ഉദ്ഘാടനം ചെയ്തു. മാര്‍ക്‌സിസവും നവോത്ഥാനവും ഹിമാലയത്തിലെ കൊടുംചൂട് എന്ന് പറയുന്നതുപോലെ അസംഭവ്യമാണെന്ന്  അവര്‍ പറഞ്ഞു. മാര്‍ക്‌സിസം മുന്നോട്ട് വെക്കുന്ന നവോത്ഥാനം സ്ത്രീകളുടെ വേഷപ്രഛന്നതയാണ് . 

കനകദുര്‍ഗ്ഗയേയും ബിന്ദുവിനേയും വാഗ്ദാനങ്ങള്‍ നല്‍കി പ്രീണിപ്പിച്ച് സര്‍ക്കാര്‍ ആചാരലംഘനത്തിനുള്ള ഇരകളാക്കുകയായിരുന്നു. ഇത് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭിന്നലിംഗക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവരെ സന്നിധാനത്തെത്തിച്ചത്. ഇത് ഇവരുടെ സ്ത്രീത്വത്തിനേറ്റ ഏറ്റവും വലിയ പരാജയമാണ്. 

ആത്മാഭിമാനത്തോടെ തന്റെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കാനും പോരാടുവാനും കഴിയുമ്പോഴാണ് നവോത്ഥാനം എന്ന് പറയുന്നത്. ഇരുട്ടിന്റെ മറവില്‍ കുറച്ച് സ്ത്രീകളെ ശബരിമലയിലെത്തിച്ച് നവോത്ഥാന പുകമറ സൃഷ്ടിച്ചുകൊണ്ട് പിണറായി വിജയന്‍ ഭരണപരാജയങ്ങളില്‍ നിന്നും മറുപടി പറയേണ്ട മറ്റുകാര്യങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ചെയ്തത് എന്നും അവര്‍ പറഞ്ഞു. 

എസ്എഫ്‌ഐക്കാരാല്‍ കുഴിമാടം തീര്‍ത്ത് അവഹേളിക്കപ്പെട്ട പ്രൊഫ. ടി.എന്‍. സരസു മുഖ്യപ്രഭാഷണം നടത്തി. ഗര്‍ഭിണിയായിരിക്കുമ്പോള്‍  സിപിഎംകാരുടെ ചവിട്ടേറ്റ് പീഡനമനുഭവിച്ച ജോത്സന സിബി തുടങ്ങി മാര്‍ക്‌സിസ്റ്റ് ക്രൂരതയ്ക്കിരയായ നിരവധി വനിതകള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. 

മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. നിവേദിത, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ്ണ, അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് സൂര്യഷോബി എന്നിവര്‍ സംസാരിച്ചു. അഡ്വ. ഒ.എം. ശാലീന സെമിനാര്‍ നിയന്ത്രിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.