കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനം പ്രതി അഷര്‍ അറസ്റ്റില്‍

Thursday 24 January 2019 4:00 pm IST

ന്യൂദല്‍ഹി: കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട പ്രതികളില്‍ ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു.  മുഹമ്മദ് അഷറാണ് (33) സൗദി അറേബ്യയില്‍ നിന്ന് ദല്‍ഹി വിമാനത്താളത്തിലിറങ്ങിയപ്പോള്‍ പിടിയിലായത്. 

2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ്‌സ്റ്റാന്‍ഡിലുമാണ് ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. കേരള പോലീസില്‍ നിന്ന് 2009ലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. നാലു പ്രതികള്‍ക്കെതിരായ വിചാരണ പൂര്‍ത്തിയാക്കി 2011-ല്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 

2003ലെ മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാത്തതിന് എതിരെയാണ് തടിയന്റവിടെ നസീറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തി ബസ് സ്റ്റാന്‍ഡുകളില്‍ സ്‌ഫോടനം നടത്തിയതെന്നാണ് കണ്ടെത്തല്‍. ദല്‍ഹി കോടതിയില്‍ ഹാജരാക്കി ഇയാളെ കൊച്ചിക്ക് കൊണ്ടുവരാന്‍ ട്രാന്‍സിറ്റ് റിമാന്‍ഡിന് എന്‍ഐഎ അപേക്ഷ നല്‍കും.

പരപ്പനങ്ങാടി സ്വദേശി യൂസഫാണ് കേസിലെ മുഖ്യപ്രതി. എട്ടു പേരായിരുന്നു പ്രതികള്‍. അതില്‍ ഷമ്മി ഫിറോസ് മാപ്പുസാക്ഷിയായി. ഏഴു പേരില്‍ രണ്ടു പേരെ കോടതി വിട്ടയച്ചു. തടിയന്റവിടെ നസീര്‍, ഷഫാസ് എന്നിവര്‍ക്ക് ജീവപര്യന്തം നല്‍കി. പി.പി. യൂസഫും അഷറും അടക്കമുള്ള പ്രതികള്‍ ഒളിവിലായിരുന്നു. ഇവരാണ് സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ നസീറിനെ സഹായിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.