നാളെ ദല്‍ഹിയില്‍ കാണാം കേരളത്തിന്റെ സ്ത്രീശക്തി

Friday 25 January 2019 1:34 am IST
വനിതാ ശാക്തീകരണത്തിന്റെ പേരില്‍ മതില്‍ കെട്ടുകയും തെരുവില്‍ ചുംബിക്കുകയും സ്ത്രീകളുടെ സ്വകാര്യതയുടെ പേരില്‍ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നവര്‍ നാളെ ഡല്‍ഹിയിലെ റിപ്പബ്‌ളിക്ദിന പരേഡിലേയ്ക്ക് ഒന്നു നോക്കണം. ആരുടേയും ശാക്തീകരണം കൂടാതെതന്നെ, രാഖി രാമചന്ദ്രന്‍ എന്ന മലയാളി യുവതി പുനലൂരില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ പരേഡ് സംഘത്തിന്റെ നായകപദത്തിലെത്തിയിരിക്കുന്നു. സ്വന്തം ഇച്ഛാശക്തിയുടെ വിജയം.

സഹോദരി ഡോ. രശ്മി, അമ്മ ലഫ്. കേണല്‍ വിജയകുമാരി എന്നിവരോടൊപ്പം രാഖി രാമചന്ദ്രന്‍ (വലത്)

യഥാര്‍ഥ സ്ത്രീശക്തി എന്താണെന്ന്, രാഖി രാമചന്ദ്രന്‍ എന്ന മലയാളി യുവതി നാളെ ദല്‍ഹിയില്‍ കാണിച്ചുതരും. റിപ്പബ്ലിക്ദിന പരേഡില്‍ ഇന്ത്യന്‍ വ്യോമസേനാ സംഘത്തെ നയിക്കുന്ന രാഖി, നിശ്ശബ്ദമായി സ്ത്രീ സമൂഹത്തിനു കൈമാറുന്നൊരു സന്ദേശമുണ്ട്. സ്ത്രീയായി ജനിച്ച് സ്ത്രീയായി വളര്‍ന്ന് സ്ത്രീയായിത്തന്നെ നമുക്ക് ഉയരങ്ങള്‍ കീഴടക്കാം. സ്ത്രീത്വം ഒന്നിനും തടസ്സമല്ല. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും വേണമെന്നേയുള്ളൂ. 

പറയുക മാത്രമല്ല കാണിച്ചു തരികകൂടിയാണ് രാഖി ചെയ്യാന്‍ പോകുന്നത്. ഇവിടെ കേരളത്തില്‍ വനിതാ ശാക്തീകരണത്തിന്റെ പേരില്‍ മതില്‍ കെട്ടുകയും തെരുവില്‍ ചുംബിക്കുകയും സ്ത്രീകളുടെ സ്വകാര്യതയുടെ പേരില്‍ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നവര്‍ നാളെ ദല്‍ഹിയിലെ പരേഡിലേയ്ക്ക് ഒന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും. ആരുടേയും ശാക്തീകരണം കൊണ്ടല്ല, രാഖി രാമചന്ദ്രന്‍ എന്ന ഇരുപത്താറുകാരി കേരളത്തിലെ പുനലൂരില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ പരേഡ് സംഘത്തിന്റെ നായികാപദത്തിലേയ്ക്ക് എത്തിയത്. സ്വന്തം ഇച്ഛാശക്തിയില്‍ വിശ്വസമുള്ളതുകൊണ്ടുമാത്രമാണ്. 

 ''ഈ നിമിഷത്തെ അഭിമാനവും, ആഹ്ലാദവും വിവരിക്കാന്‍ വയ്യ. ദൈവ നിയോഗമാണിത്. ഒരായിരം നന്ദി ... ദൈവത്തിനും എന്നെ അനുഗ്രഹിച്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും'' ദല്‍ഹിയില്‍ പരിശീലനത്തിന്റെ തിരക്കിനിടയില്‍ രാഖി രാമചന്ദ്രന്‍ ജന്മഭൂമിയോടു പറഞ്ഞു. മനസ്സില്‍ നിറഞ്ഞ ദേശസ്‌നേഹവും നിശ്ചയദാര്‍ഢ്യവും വാക്കുകളില്‍ വ്യക്തമായിരുന്നു. 

 കൊല്ലം ജില്ലയിലെ പുനലൂര്‍, കരവാളൂര്‍ ഗ്രാമത്തില്‍ മൂലവിള വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ പിള്ളയുടെയും കരസേനയില്‍ നിന്നു നേഴ്‌സിങ് സൂപ്രണ്ടായി വിരമിച്ച ലഫ്.കേണല്‍ വിജയകുമാരിയുടെയും രണ്ടാമത്തെ മകളാണു രാഖി, 2016ലാണ് വ്യോമസേനയില്‍ പൈലറ്റായി ചേര്‍ന്നത്. രാഖിയുടെ വലിയൊരു ആഗ്രഹസാഫല്യം കൂടിയായിരുന്നു അത്. കുട്ടിക്കാലത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍ ഓടിയെത്തിയിരുന്ന പെണ്‍കുട്ടിയുടെ സ്വപ്‌നം എന്നും വിമാനങ്ങള്‍ക്കൊപ്പം പറന്നു. മാതാപിതാക്കള്‍ നിരുത്സാഹപ്പെടുത്തിയുമില്ല. പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഓരോ ഘട്ടവും പിന്നിട്ടപ്പോഴും അതിനുമാറ്റമുണ്ടായില്ല. അമ്മ നേഴ്‌സായും ചേച്ചി രശ്മി ഡോക്ടറായും കരസേനയില്‍ സേവനം ചെയ്തപ്പോഴും രാഖിയുടെ മനസ്സ് വ്യോമസേനയ്‌ക്കൊപ്പം തന്നെ നിന്നു. അമ്മയുടെ ജോലി സംബന്ധമായ യാത്രകള്‍മൂലം വിവിധ സംസ്ഥാനങ്ങളിലായിരുന്നു പഠനം. ജനനം നാട്ടില്‍ ആയിരുന്നെങ്കിലും ഉത്തരേന്ത്യന്‍ ജീവിതം, മാതൃഭാഷയെ സംസാരത്തില്‍ മാത്രമായി ഒതുക്കി. എങ്കിലും നാട്ടില്‍ എത്തിയാല്‍ ബന്ധുജനങ്ങളുടെ ഇടയില്‍ വാനമ്പാടിയായി നടക്കാന്‍ രാഖി മടിക്കാറില്ല. 

രാഖിയുടെ വിദ്യാഭ്യാസകാലം ഇന്ത്യയിലാകെ ചിതറിക്കിടക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസം ഉത്തരാഖണ്ഡിലെ റൂര്‍ക്കിലും, രണ്ടാം ക്ലാസ് മുതല്‍ നാലുവരെ പഞ്ചാബിലെ അമൃതസറിലും, 5 മുതല്‍ 7വരെ തിരുവനന്തപുരം പാങ്ങോട് ആര്‍മി സ്‌കൂളിലും 8 മുതല്‍ 12 വരെ പഞ്ചാബ്- ജമ്മു അതിര്‍ത്തി പ്രദേശമായ പഠാന്‍കോട്ടിലുമായാണ് നടന്നത്. നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2015 അവസാനം തെലുങ്കാനയിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ പരിശീലനം ആരംഭിച്ചു. പിന്നീടു നിയമനം കിട്ടിയത് ഉത്തര്‍പ്രദേശിലെ സര്‍സാവയിലാണ്. തുടര്‍ന്ന് ബംഗാളിലെ ബാര്‍ഡോഗ്രയിലെത്തി. അവിടെ ജോലിയില്‍ ഇരിക്കെ ദല്‍ഹിയില്‍ വിജയ് ദിവസ് ആഘോഷത്തില്‍ മാലിദ്വീപ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയില്‍ വ്യോമസേന നടത്തിയ പരേഡില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരമാണ് വഴിത്തിരിവായത്. 

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഒരു മാസം മുമ്പ് അറിയിപ്പ് എത്തി. ബംഗാളില്‍ നിന്നു ദല്‍ഹിയിലേയ്ക്ക് പറന്നു. കടുകട്ടിയായിരുന്നു പരേഡ് പരിശീലനം. അതിനിടെ, ഗ്രൂപ്പില്‍ നിന്ന് 25 അംഗ ടീമിനെ, പരേഡ് നയിക്കാനുള്ള പരിശീലനത്തിന് നിയോഗിച്ചപ്പോള്‍ രാഖിയും അതില്‍ ഉള്‍പ്പെട്ടു. കൃത്യതയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പദചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ച മേലധികാരികള്‍ വ്യോമസേനയുടെ 250ഓളം വരുന്ന ഗ്രൂപ്പിനെ നയിക്കാനുള്ള നാലു പേരില്‍ ഒരാളായി രാഖിയെ നിയോഗിച്ചു. മലയാളക്കരയില്‍ നിന്ന് ഇത്തവണ ഈ അവസരം ലഭിച്ച ഏക പെണ്‍കുട്ടിയാണ് രാഖി. പരേഡ് കഴിഞ്ഞാല്‍ തിരികെ ബംഗാളിലേയ്ക്ക്. 

ദല്‍ഹിയില്‍ പരേഡ് ആരംഭിക്കും മുന്‍പു തന്നെ ടിവിയുടെ മുന്നില്‍ താന്‍ സ്ഥാനം പിടിക്കുമെന്ന് മാതാവ് വിജയകുമാരി പറഞ്ഞു. സഹോദരി രശ്മിയും കരസേനയില്‍ ക്യാപ്റ്റനായ ഭര്‍ത്താവ് ഷെറിന്‍ രാജും ഈ അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. വിശ്രമജീവിതത്തിലും നാട്ടില്‍ പ്രവര്‍ത്തന നിരതയായ വിജയകുമാരി സാമൂഹ്യ-സാമുദായിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. പൂര്‍വ്വ സൈനിക് മാതൃ മണ്ഡലിയുടെ സംസ്ഥാന രക്ഷാധികാരിയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.