പാക് ബന്ധമുള്ള ഫൗണ്ടേഷന് പണം: കാസര്‍കോട്ട് എന്‍ഐഎ റെയ്ഡ്

Friday 25 January 2019 4:51 am IST

കാസര്‍കോട്: പാക് ബന്ധമുള്ള ഫലാഹ് ഇന്‍സാനിയത് ഫൗണ്ടേഷന് പണം നല്‍കിയ സംഭവത്തില്‍ കാസര്‍കോട്ടടക്കം രാജ്യത്തെ എട്ട് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സിപിസിആര്‍ഐക്ക് സമീപത്തെ അബ്ദുള്‍ റഹ്മാന്റെ വീട്ടിലാണ് പരിശോധന. പൊതുമേഖല സ്ഥാപനമായ ഭെല്ലിലെ ജീവനക്കാരനാണ് റഹ്മാന്‍. ഇയാളുടെ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങളാണ് എന്‍ഐഎ തേടിയത്. ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയ എന്‍ഐഎ സംഘം വൈകിട്ടോടെ മടങ്ങി. കൊച്ചി എന്‍ഐഎ ഡിവൈഎസ്പി അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അബ്ദുള്‍റഹ്മാന്‍ 26 വര്‍ഷമായി കാസര്‍കോട് ഭെല്ലില്‍ ഡെലിവറി സെക്ഷനില്‍ ഹെല്‍പ്പറായി ജോലി ചെയ്യുന്നു.

രാജസ്ഥാനിലെ നാഗൂര്‍ ജില്ലയില്‍ കുച്ചമന്‍ സിറ്റി ശിക്കാര്‍ റോഡിലെ ഗുല്‍സാര്‍പുര മുഹമ്മദ് ഹുസൈന്‍ മൊലാനി എന്ന ബബ്ലു(43)വിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച ദല്‍ഹി, ഉത്തര്‍പ്രദേശിലെ ഗോണ്ട, രാജസ്ഥാനിലെ ശിക്കാര്‍, ജയ്പൂര്‍, ഗുജറാത്തിലെ വല്‍സാദ്, സൂറത്, കാസര്‍കോട് എന്നിവിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയത്.

മൂന്ന് വിദേശ സിമ്മുകളടക്കം 26 സിം കാര്‍ഡുകള്‍, 23 മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപ, രണ്ട് കിലോയോളം സ്വര്‍ണാഭരണങ്ങള്‍, അഞ്ച് മെമ്മറി കാര്‍ഡ്, ഒരു സിഡി, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, ഒരു പെന്‍ ഡ്രൈവ്, ഒരു ഡിവിആര്‍, ഒരു സിപിയു, എട്ട് പാസ്‌പോര്‍ട്ടുകള്‍, ഒമ്പത് ഡെബിറ്റ് കാര്‍ഡുകള്‍, ഒരു ലാപ്‌ടോപ്പ് എന്നിവ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തതായി എന്‍ഐഎ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.