ഭാര്യയുടെ ഓര്‍മ്മയ്ക്ക് ഭര്‍ത്താവ് സ്‌കൂട്ടറില്‍ സ്വര്‍ണ്ണംപൂശി

Friday 25 January 2019 5:29 pm IST
താജ്മഹലും മറ്റ് കെട്ടിടങ്ങളും നിര്‍മിച്ച് ഭാര്യയുടെ ഓര്‍മ നിലനിര്‍ത്താനല്ല ഇയാള്‍ ശ്രമിച്ചത്. മറിച്ച് ഭാര്യയുടെ ഓര്‍മയ്ക്ക് അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വര്‍ണ്ണം സ്‌കൂട്ടറില്‍ പുശിയാണ് മാന്‍സിങ് വ്യത്യസ്തനാവുന്നത്.

ഭോപ്പാല്‍ : ഭാര്യയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി താജ്മഹല്‍ നിര്‍മിച്ച ഷാജഹാന്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇതുപോലെ തന്റെ നല്ലപാതിയുടെ ഓര്‍മ നിലനിര്‍ത്തുന്നതിന് പലതരത്തിലുള്ള സേവനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരും നമുക്കിടയിലുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇന്‍ഡോര്‍ സ്വദേശി മാന്‍ സിങ്ങും ചെയ്തത്. 

താജ്മഹലും മറ്റ് കെട്ടിടങ്ങളും നിര്‍മിച്ച് ഭാര്യയുടെ ഓര്‍മ നിലനിര്‍ത്താനല്ല ഇയാള്‍ ശ്രമിച്ചത്. മറിച്ച് ഭാര്യയുടെ ഓര്‍മയ്ക്ക് അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വര്‍ണ്ണം സ്‌കൂട്ടറില്‍ പുശിയാണ് മാന്‍സിങ് വ്യത്യസ്തനാവുന്നത്. 

അറുപതിനായിരം രൂപ വിലയുള്ള പുത്തന്‍ മാസ്‌ട്രോ സ്‌കൂട്ടര്‍ വാങ്ങി രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പകുതിയോളം ഭാഗങ്ങളില്‍ സ്വര്‍ണ്ണം പൂശിയത്. മൂന്നു മാസമെടുത്താണ് ഇതിന്റെ ഡിസൈനിങ് പൂര്‍ത്തിയാക്കിയത്. ഭാര്യയ്ക്ക് സ്വര്‍ണ്ണത്തിനോട് ഭ്രമമായിരുന്നു. അതുകൊണ്ടാണ് മരണശേഷം സ്വര്‍ണ്ണം പൂശിയ സ്‌കൂട്ടര്‍ നിര്‍മിച്ചതെന്നും മാന്‍സിങ് പറഞ്ഞു. 

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ ചെവി കടിച്ച് പറിച്ചതായി അടുത്ത ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് അകാലത്തില്‍ പൊലിഞ്ഞ ഭാര്യയ്ക്കായി ഭര്‍ത്താവ് സ്‌കൂട്ടറില്‍ സ്വര്‍ണം പൂശികൊണ്ടു നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയില്‍, മഡ്ഗാര്‍ഡ് ഫെയറിങ്, ഫ്‌ളോര്‍, മുന്‍ മഡ്ഗാര്‍ഡ് എന്നിവയ്ക്കാണ് സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. സ്‌കൂട്ടര്‍ കണ്ടിട്ട് ആദ്യമൊക്കെ ആളുകള്‍ തനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ ദൂര സ്ഥലങ്ങളില്‍ നിന്നുവരെ നിരവധി പേരാണ് ഇത് കാണാന്‍ എത്തുന്നതെന്നും മാന്‍ സിങ് അറിയിച്ചു. 

ഓര്‍മ്മയ്ക്കായി സ്വര്‍ണ്ണം പൂശിയെങ്കിലും കള്ളന്മാര്‍ നിരവധിയുള്ളപ്പോള്‍ ഈ വണ്ടി എങ്ങനെ സൂക്ഷിക്കുന്നതാകും മാന്‍സിങ്ങിന്റെ ഉറക്കം കെടുത്തുക. ഇതുമായി പുറത്തുപോയാല്‍ തന്നെ ഭാര്യയുടെ ഓര്‍മ പുതുക്കുന്ന സ്‌കൂട്ടര്‍ എങ്ങിനെ വിശ്വസിച്ച് പാര്‍ക്ക് ചെയ്യും. വണ്ടി സര്‍വീസിന് കൊടുത്താലും ഇതു തന്നെയാകും വെല്ലുവിളി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.