പ്രിയങ്ക എന്ന വ്യാമോഹം

Saturday 26 January 2019 3:41 am IST
ചിലര്‍ക്കറിയേണ്ടത് പ്രിയങ്കയ്‌ക്കെതിരെ ബിജെപി ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ്. സ്മൃതി ഇറാനിയോ യോഗി ആദിത്യനാഥോ? പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയോ? മോദിയുടെ മണ്ഡലമായ വാരാണസിയില്‍ത്തന്നെയാവും പ്രിയങ്ക മത്സരിക്കുകയെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. ഇരയുടെ കാര്‍ഡോ ജാതിക്കാര്‍ഡോ? ഏതാണ് പ്രിയങ്ക പുറത്തെടുക്കുകയെന്നും ചിലര്‍ ആകാംക്ഷാഭരിതരാവുന്നു.

ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് പറയാറുണ്ടല്ലോ. ഒരുകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുലിയായിരുന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ പുല്ലുതിന്നുകയാണ്. നെഹ്‌റു കുടുംബത്തിന്റെ അവശിഷ്ടങ്ങളിലൊന്നായ പ്രിയങ്ക വാദ്രയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി കെട്ടിയിറക്കിയിരിക്കുന്നു. ഒറ്റ രാത്രികൊണ്ടാണ് ഈ അഭ്യാസം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും പ്രിയങ്കയ്ക്ക് നല്‍കിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ വിധേയന്മാരായ മാധ്യമങ്ങള്‍ക്ക് ഇത്രയും മതിയായിരുന്നു. അവര്‍ക്ക് ആരാധിക്കാന്‍ ഒരു വിഗ്രഹംകൂടി കിട്ടിയിരിക്കുകയാണ്.

എന്തൊക്കെയാണ് ഇവര്‍ കൊട്ടിയാഘോഷിക്കുന്നത്! മുത്തശ്ശിയായ ഇന്ദിരയുടെ പിന്‍ഗാമി, ബിജെപിക്കുള്ള കോണ്‍ഗ്രസ്സിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, കോണ്‍ഗ്രസ്സിന്റെ ബ്രഹ്മാസ്ത്രം... അപദാനങ്ങളും അവകാശവാദങ്ങളും അവസാനിക്കുന്നില്ല. ചിലര്‍ക്കറിയേണ്ടത് പ്രിയങ്കയ്‌ക്കെതിരെ ബിജെപി ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ്. സ്മൃതി ഇറാനിയോ യോഗി ആദിത്യനാഥോ? പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയോ? മോദിയുടെ മണ്ഡലമായ വാരാണസിയില്‍ത്തന്നെയാവും പ്രിയങ്ക മത്സരിക്കുകയെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. ഇരയുടെ കാര്‍ഡോ ജാതിക്കാര്‍ഡോ? ഏതാണ് പ്രിയങ്ക പുറത്തെടുക്കുകയെന്നും ചിലര്‍ ആകാംക്ഷാഭരിതരാവുന്നു.

ജനങ്ങള്‍ക്ക് ഇതിലൊന്നും താല്‍പര്യമില്ലെന്നും, കോണ്‍ഗ്രസ്സിന്റെ വിളക്കത്ത് അത്താഴമുണ്ണുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ ആവേശമാണിതെന്നും തിരിച്ചറിയാന്‍ പ്രയാസമില്ല. യഥാര്‍ത്ഥത്തില്‍ പാതിരാത്രി അരങ്ങേറുന്ന കോമഡി ഷോകളില്‍ രാഷ്ട്രീയക്കാരുടെ വേഷം ധരിച്ച് എത്തുന്നവരുണ്ടല്ലോ. ഇത്തരം വേഷങ്ങളെ ആരും ഗൗരവത്തിലെടുക്കാറില്ല. ഇതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ കാണേണ്ടതില്ല. പ്രിയങ്ക രണ്ടു മാസത്തേക്കല്ല രാഷ്ട്രീയത്തില്‍ വരുന്നതെന്ന രാഹുലിന്റെ ഭീഷണി പരാജിതന്റെ ജല്‍പ്പനമാണ്. കോണ്‍ഗ്രസ്സിന്റെ ഈ കലാപരിപാടികള്‍ ചിരിക്ക് ധാരാളം വക നല്‍കുന്നുണ്ട് എന്നുമാത്രം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. തുടര്‍ന്നു നടന്ന പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് തറപറ്റി. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കപ്പുറം ജനങ്ങള്‍ നല്‍കിയ ശിക്ഷയാണിത്. ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കടന്നുകൂടാന്‍ കഴിഞ്ഞതിന്റെ കാരണം മറ്റ് ചിലതാണ്. അപ്പോഴും അവിടങ്ങളില്‍ ഭരിച്ചിരുന്ന ബിജെപിയുടെ വോട്ടു ബാങ്കിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്ന സത്യം അംഗീകരിക്കേണ്ടതുണ്ട്.

പ്രിയങ്കയെ കോണ്‍ഗ്രസ്സിന്റെ തുറുപ്പുചീട്ടായി കാണുന്നവര്‍ അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയാണെന്നത് സൗകര്യപൂര്‍വം മറക്കുകയാണ്. അനധികൃത ഭൂമിയിടപാട് അടക്കം നിരവധി അഴിമതി കേസുകളില്‍ ആരോപണം നേരിടുന്ന റോബര്‍ട്ട് വാദ്ര എന്ന് ജയിലിനകത്താവും എന്നേ അറിയാനുള്ളൂ. അഴിമതിക്കേസുകളില്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണത്രേ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ വെട്ടി അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കിയത്. ഇതില്‍ പ്രിയങ്ക ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോണിയയുടെ വിനീത വിധേയനാണ് ഗെഹ്‌ലോട്ട്. 

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ജൈത്രയാത്ര നടത്തിയ ഉത്തര്‍പ്രദേശില്‍ വെറും രണ്ട് ലോക്‌സഭാ സീറ്റാണ് കോണ്‍ഗ്രസ്സിന് നേടാനായത്-റായ്ബറേലിയും അമേഠിയും. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അമ്മയുടെയും മകന്റെയും പാര്‍ട്ടി ദയനീയമായ തോല്‍വി ഏറ്റുവാങ്ങി. പ്രിയങ്കയെ ഇറക്കി ഇതൊക്കെ മാറ്റിമറിക്കാമെന്ന് മനപ്പായസമുണ്ണുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. എന്നാല്‍ ജനങ്ങള്‍ ഇക്കൂട്ടരുടെ താളത്തിനു തുള്ളുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.