റിപ്പബ്ലിക് ദിന പിറ്റേന്ന്

Saturday 26 January 2019 3:46 am IST
മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം നടത്തിയതാണ് മറ്റൊരുനേട്ടം. രാഷ്ട്രീയ ഭരണരംഗത്ത് അഴിമതി ലവലേശം ഇല്ലാതാക്കാന്‍ കഴിഞ്ഞതും വന്‍ വിജയമാണ്. യുപിഎ സര്‍ക്കാര്‍ എട്ട്‌ലക്ഷം കോടി രൂപ വെട്ടിവിഴുങ്ങിയാണ് അധികാരം വിട്ടൊഴിഞ്ഞത്.

ഇന്ന് ഭാരതത്തിന്റെ ഗണതന്ത്ര (റിപ്പബ്ലിക്) ദിനമാണ്. പിന്നിട്ട 70 വര്‍ഷങ്ങളിലേതിനെക്കാള്‍ ഇന്നത്തെ റിപ്പബ്ലിക് ദിനത്തില്‍  പ്രത്യേകതകള്‍ പലതുണ്ട്. നരേന്ദ്രമോദി  സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ കാലയളവിലെ അവസാന റിപ്പബ്ലിക് ദിനമാണിത്. ലോകത്ത് സര്‍വമേഖലയിലും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരേയൊരു രാജ്യം ഭാരതമാണെന്ന് ലോകത്തെ പഠിക്കുന്ന പല വിദഗ്ധരും വിലയിരുത്തുന്നു.

വേള്‍ഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാകട്ടെ സാമ്പത്തികരംഗത്ത് ഭാരതത്തിന്റെ കുതിപ്പ് അത്ഭുതാവഹമാണെന്നും അഞ്ച് വര്‍ഷത്തിനകം തന്നെ മുന്നേറ്റത്തില്‍ ഭാരതം ചൈനയെ മറികടക്കുന്നുവെന്നും വിലയിരുത്തുന്നു. പിന്നിട്ട നാലരവര്‍ഷത്തിനിടയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ജനോപകാരപ്രദമായ നടപടികള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അതില്‍ എടുത്തുപറയേണ്ട ചില കാര്യങ്ങളില്‍ മുഖ്യമാണ് ആരോഗ്യപദ്ധതി. 50 കോടി സാധാരണക്കാരുടെ ക്ഷേമത്തിന് ഉപകരിക്കുന്നതാണിത്. അതിനുനേരെ ആദ്യം വിമുഖത പ്രകടിപ്പിച്ച കേരളസര്‍ക്കാരും കേന്ദ്രത്തിന്റെ മാര്‍ഗത്തിലേക്ക് വരാന്‍ ഒരുങ്ങിക്കഴിഞ്ഞു.

മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം നടത്തിയതാണ് മറ്റൊരുനേട്ടം. രാഷ്ട്രീയ ഭരണരംഗത്ത് അഴിമതി ലവലേശം ഇല്ലാതാക്കാന്‍ കഴിഞ്ഞതും വന്‍ വിജയമാണ്. യുപിഎ സര്‍ക്കാര്‍ എട്ട്‌ലക്ഷം കോടി രൂപ വെട്ടിവിഴുങ്ങിയാണ് അധികാരം വിട്ടൊഴിഞ്ഞത്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഉടന്‍ ഖജനാവിലെത്തേണ്ട ഒരു ചില്ലിക്കാശുപോലും പാഴാകില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നുമുള്ള നരേന്ദ്രമോദി വാക്കുപാലിച്ചു. ഒരു അഴിമതിയുമില്ലാതെ നാലരവര്‍ഷം പിന്നിട്ടു.

ഇതിനിടയില്‍ കള്ളക്കഥകളിലൂടെ യുപിഎ പോലെയാണ് എന്‍ഡിഎയുമെന്ന് സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്റെ നാടകങ്ങളെല്ലാം എട്ട് നിലയ്ക്ക്‌പൊട്ടി. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് യന്ത്രത്തെക്കുറിച്ചുയര്‍ത്തിയ ആക്ഷേപം. വിദേശത്തെ ചിലരെ പാട്ടത്തിനെടുത്തുകൊണ്ട് വന്ന ആരോപണപ്പടക്കത്തിന് തിരികൊളുത്തിയെങ്കിലും ഒരടിപോലും പൊങ്ങാതെ കുളത്തില്‍ പതിച്ചു. ഇതിനുശേഷമാണ് കോണ്‍ഗ്രസിലെ അഴിച്ചുപണി.

യുവരാജാവായി ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ വന്‍ പരാജയമായി. ഇയാളെയും മുന്‍നിര്‍ത്തി കളത്തിലിറങ്ങിയാല്‍ കൈനീട്ടംപോലും വില്‍ക്കാനാവില്ലെന്ന് ഒപ്പംചേരാനൊരുങ്ങിയവരെല്ലാം തിരിച്ചറിഞ്ഞു. കോണ്‍ഗ്രസില്‍ത്തന്നെ അങ്ങനെയൊരു ചിന്തയ്ക്കാണ് മുന്‍തൂക്കം. അവന്‍ മടുക്കുമ്പോള്‍ അടിയന്‍ കാണിക്കാം അതിലും വലിയൊരു മാമാങ്കം' എന്നൊരു പാട്ടുള്ളതുപോലെ സഹോദരനെ വകഞ്ഞുമാറ്റി പ്രിയങ്കയാണ് രംഗത്തുവന്നിരിക്കുന്നത്.

റോബര്‍ട്ട് വാദ്രയുടെ കുഞ്ഞിന്റെ അമ്മ എന്നതിലപ്പുറം ഒരു സേവന പാരമ്പര്യവുമില്ലാത്ത പ്രിയങ്കയുടെ അപധാനങ്ങള്‍ പാടിപ്പുകഴ്ത്താന്‍ കോണ്‍ഗ്രസ് കോലായില്‍ പാര്‍പ്പിടം കൊതിച്ചുനില്‍ക്കുന്ന മാധ്യമങ്ങളായ പാണന്മാര്‍ മത്സരിക്കുന്നുണ്ട്. പ്രിയങ്ക കൂടി ഭാരവാഹിയായതോടെ ഒരു കുടുംബമാണ് കോണ്‍ഗ്രസ് എന്ന് തെളിയിച്ചു. ഇതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ''ഞങ്ങള്‍ക്ക് പാര്‍ട്ടിയാണ് കുടുംബം'', എന്ന് പരിഹസിക്കുകയും ചെയ്തു. 

നരേന്ദ്രമോദി റിപ്പബ്ലിക്ദിന പിറ്റേന്ന് കേരളത്തിലെത്തുന്നു. ശനിയാഴ്ച തൃശൂരില്‍ യുവമോര്‍ച്ചയുടെ റാലി അദ്ദേഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃശൂരില്‍ നടക്കുന്ന റാലിക്ക് സമാനമായി 1984 ഒക്ടോബറില്‍ കണ്ണൂരില്‍ നടന്ന റാലി അന്നത്തെ ബിജെപി അധ്യക്ഷന്‍ അടല്‍ ബിഹാരി വാജ്‌പേയിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്. ബിജെപി യുവാക്കള്‍ക്ക് എത്രമാത്രം പരിഗണന നല്‍കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 1984 ഒക്ടോബര്‍ 28ന് കണ്ണൂര്‍ റാലി നടക്കുമ്പോള്‍ അടല്‍ജി വിലക്കിയെങ്കിലും ഭാവി പ്രധാനമന്ത്രിയെന്ന് കെ.ജി. മാരാര്‍ പ്രവചിച്ചിരുന്നു.

'വാജ്‌പേയി വരുന്നു, ഇന്ദിര പോകുന്നു എന്ന് മാരാര്‍ജി ആ സമ്മേളനത്തില്‍ പറഞ്ഞത് അച്ചട്ടായി. മൂന്നാംദിവസം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര മരണപ്പെട്ടു. ആ മരണം തകര്‍ന്നടിയാന്‍ മുഹൂര്‍ത്തം കാത്തുകഴിഞ്ഞ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തി. ഉടന്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി. ബിജെപിക്ക് വന്‍ പരാജയവുമുണ്ടായി. ഗുജറാത്തില്‍നിന്ന് എ.കെ. പാട്ടീലും ആന്ധ്രയില്‍നിന്ന് ജംഗറഡ്ഡിയും മാത്രം ജയിച്ചു. 

വാജ്‌പേയിയടക്കം തോറ്റു. ഇന്ദിരയോടുള്ള സഹതാപം വോട്ടായി മാറി. നെഹ്‌റുവിനെക്കാള്‍ ജനപിന്തുണയുള്ള പ്രധാനമന്ത്രിയായി രാജീവ് വന്നു. ബോഫോഴ്‌സ് തോക്കിടപാടാണ് രാജീവിനെ വേട്ടയാടിയത്. കോണ്‍ഗ്രസില്‍നിന്നുതന്നെ ആരോപണം ശക്തമായപ്പോള്‍ രാജീവിന് അധികാരം വിട്ടൊഴിയേണ്ടിവന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂലയിലൊതുങ്ങി. പിന്നെ ബിജെപി ഭാരതരാഷ്ട്രീയം നിയന്ത്രിക്കുന്ന അവസ്ഥയിലായി. ബിജെപി പിന്തുണയോടെ വി.പി. സിംഗ് പ്രധാനമന്ത്രിയായി. 

അധികം വൈകാതെ ഭരണവും പോയി. പിന്നീട് പരീക്ഷണങ്ങള്‍ പലതായി. കോണ്‍ഗ്രസ് പിന്തുണയോടെ എസ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായി. ഒരു ഹരിയാനാ പോലീസുകാരന്‍ രാജീവിന്റെ വീട്ടില്‍ എത്തിനോക്കിയെന്ന പേരില്‍ ചന്ദ്രശേഖറിനെ കോണ്‍ഗ്രസ് അധികാര ഭ്രഷ്ടനാക്കി. പിന്നത്തെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറിയത് രാജീവിന്റെ മരണത്തെത്തുടര്‍ന്നാണ്. അധഃപതനത്തില്‍നിന്നും കോണ്‍ഗ്രസ് കരപറ്റിയത് രണ്ട് രക്തസാക്ഷിത്തത്തിലൂടെയാണ്. മുന്‍പില്ലാത്തവിധം പടുകുഴിയിലായ ഇന്നത്തെ കോണ്‍ഗ്രസിനും വേണ്ടിവരുമോ ഒരു രക്തസാക്ഷിത്തംകൂടി. ആരും സംശയിച്ചുപോകും. 1991ല്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസ് ഭരണത്തിലെത്തി. 

കുതിരക്കച്ചവടത്തിലൂടെ നരസിംഹറാവു പ്രധാനമന്ത്രിക്കസേര ഉറപ്പിച്ചു. പിന്നെയും വന്നു കോഴക്കഥ. ഓഹരികമ്പോളം നോട്ടുകളടങ്ങിയ ചാക്കുകെട്ട് നരസിംഹറാവുവിന്‌കൈമാറി എന്നതുള്‍പ്പെടെ കോഴക്കഥകളുടെ കുത്തൊഴുക്ക്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാം കക്ഷിയായി. രാഷ്ട്രപതി ക്ഷണിച്ചതനുസരിച്ച് പ്രധാനമന്ത്രിയായി വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്തു.

പിന്തുണ കിട്ടില്ലെന്നുറപ്പായതോടെ സ്ഥാനത്യാഗവും നടത്തി. ഭാവി പ്രധാനമന്ത്രിയാണിതെന്ന് വാജ്‌പേയിയെ നോക്കി പ്രവചിച്ച കെ.ജി. മാരാര്‍ക്ക് പക്ഷേ 1996ല്‍ സാക്ഷിയാകാന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷം മുന്‍പേ കാലയവനികയ്ക്കുള്ളിലായി.

പൂര്‍വാധികം ശക്തിയോടെ ഞങ്ങള്‍ തിരിച്ചുവരുമെന്ന് ഉറക്കെ പ്രഖ്യാപിച്ച വാജ്‌പേയി ചുരുങ്ങിയ ഇടവേളയ്ക്കുശേഷം തിരിച്ചെത്തി. തുടര്‍ച്ചയായി രണ്ടുതവണ പ്രധാനമന്ത്രിയായി. 10 വര്‍ഷം യുപിഎയുടെ ഭരണം. തുടര്‍ന്ന് നാലരവര്‍ഷംമുന്‍പ് നരേന്ദ്രമോദി ഭരണം തുടങ്ങിയതോടെ രാജ്യത്തിന്റെ പുഷ്‌കലകാലമായി. പ്രതിയോഗികള്‍ എന്തുതന്നെ പറഞ്ഞാലും മോദി ഭരണത്തിന്റെ നേട്ടം അനുഭവിക്കുന്ന കോടാനുകോടി പാവങ്ങളുണ്ട്. അവരുടെ അനുഗ്രഹവും ആശിര്‍വാദവും ബിജെപിക്കുണ്ട്. യുവാക്കളാണ് മോദിയുടെ പ്രതീക്ഷ.

യുവതലമുറയെ കണ്ടുകൊണ്ടാണ് പദ്ധതികളെല്ലാം ആവിഷ്‌കരിച്ചത്. കോണ്‍ഗ്രസിലും സിപിഎമ്മിലും അണിനിരന്ന യുവാക്കള്‍ വിടചൊല്ലുകയാണ്. നപുംസകമായ യൂത്ത്‌കോണ്‍ഗ്രസും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും മെന്നായിത്തീര്‍ന്ന ഡിവൈഎഫ്‌ഐയും അപ്രസക്തമായി. നിരന്തരം പ്രതികരിക്കാന്‍ ഇന്ന് യുവമോര്‍ച്ച മാത്രം. നാളത്തെ റാലിയിലെ നരേന്ദ്രമോദിയുടെ സാന്നിധ്യം കേരളത്തിലെ യുവാക്കള്‍ക്ക് പുതിയ ദിശ വെട്ടിത്തുറക്കുകതന്നെ ചെയ്യും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.