ബ്രസീലില്‍ ഡാം തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി

Saturday 26 January 2019 8:42 am IST

സംപൗളോ: തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസ് സംസ്ഥാനത്ത് അണക്കെട്ടു തകര്‍ന്ന് വന്‍ ദുരന്തം. ഇരുന്നൂറോളം പേരെ കാണാതായി. നിരവധിപ്പേര്‍ മരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുത്തിയൊലിച്ചു വരുന്ന ചെളിയിലും വെള്ളത്തിലും വീടുകളും വാഹനങ്ങളും ഒഴുകിപോയി. ഡാം തകര്‍ന്നത് അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ മരണം സംഭവിച്ചത്.

അപകടത്തില്‍ നിരവധി പേര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവരെ ഏഴ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ബ്രുമാഡിന്‍ഹോ ഡാം പൊട്ടിയത്. മൈനിങ് വേസ്റ്റുകളും മറ്റും വെള്ളത്തോടൊപ്പം ഒലിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്തും താമസിക്കുന്ന സ്ഥലത്തും ഒഴുകിയെത്തി. മാരിയാനോയില്‍ തകര്‍ന്ന ഡാമിന്റെ ഉടമസ്ഥരില്‍ ഒരാള്‍ക്ക് തന്നെയാണ് ഈ ഡാമിന്റെയും ഉടമസ്ഥാവകാശം.

17 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ആറ് ഹെലികോപ്റ്ററുകളും അമ്പതോളം അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.