പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

Sunday 27 January 2019 10:29 am IST
കൊച്ചിയിലെത്തുന്ന പ്രാധനമന്ത്രി ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്ലക്സ് രാഷ്ട്രത്തിനു സമര്‍പ്പിക്കും. അതിനുശേഷം ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിക്കും.

കൊച്ചി : തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യുവാക്കളുടെ റാലിയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇതോടൊപ്പം കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

മോദിയെത്തുന്നതിനു മുന്നോടിയായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവമോര്‍ച്ച റാലിയും സംഘടിപ്പിക്കുന്നുണ്ട്. പൂങ്കുന്നം ശിവക്ഷേത്ര മൈതാനം, തോപ്പ് സ്റ്റേഡിയം, ശക്തന്‍ സ്റ്റാന്റ്, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള നാല് റാലികളാണ്  പൊതുയോഗത്തിന് മുന്നോടിയായുള്ളത്. 

കര്‍ശന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സജ്ജമാക്കിയിട്ടുള്ളത് . പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സംഘത്തിനുപുറമെ 2000 ത്തോളം പോലീസുകാര്‍ നഗരത്തില്‍ സുരക്ഷയൊരുക്കുന്നുണ്ട്. ജില്ലാ അതിര്‍ത്തികേന്ദ്രങ്ങളിലും കടലോരങ്ങളിലും ജാഗ്രതപുലര്‍ത്തുന്നു .

ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രാധനമന്ത്രി ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്ലക്സ് രാഷ്ട്രത്തിനു സമര്‍പ്പിക്കും. അതിനുശേഷം ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിക്കും. കൊച്ചി റിഫൈനറിയില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ പ്രോജക്ട്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മൗണ്ടഡ് ബുള്ളറ്റ് സ്റ്റോറേജ് എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.

ബിപിസിഎല്‍ പെട്രോ കെമിക്കല്‍ റിഫൈനറി സമുച്ചയത്തിന്റെയും, സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനവും ഇതോടോപ്പം പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

തുടര്‍ന്ന് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി വ്യോമമാര്‍ഗം തൃശൂരിലേക്ക് പുറപ്പെടും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലുള്ള യുവമോര്‍ച്ചയുടെ മഹാറാലിയില്‍ പങ്കെടുത്തശേഷം വൈകുന്നേരം 5.50 ന് അദ്ദേഹം കൊച്ചിയില്‍ നിന്നും മടങ്ങും.

ഈ മാസം 15നു കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു. ഒരുലക്ഷത്തിലധികം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്ത മഹാറാലിയിലും പ്രധാനമന്ത്രി പങ്കെടുത്തു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.