പോലീസ് സ്‌റ്റേഷനുകളില്‍ വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു

Monday 28 January 2019 1:20 am IST

കേരളത്തിലെ പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ തുരുമ്പെടുത്തു നശിക്കുന്നത് കോടിക്കണക്കിന് രൂപ വില വരുന്ന വാഹനങ്ങള്‍. 

ഓരോ പോലീസ് സ്റ്റേഷനിലും ശരാശരി നൂറ് വാഹനങ്ങള്‍ വരെ തുരുമ്പെടുത്തു നശിക്കുന്നുണ്ട്. ഇവയില്‍ മിക്കവയും കോടതിനടപടികള്‍ പൂര്‍ത്തിയായവയാണ്. 

ഇവ ലേലംചെയ്ത് ദുരിതാശ്വാസനിധിയിലേക്ക് മുതല്‍ക്കൂട്ടാമെന്നിരിക്കെ അധികൃതര്‍ മൗനത്തിലാണ്. ബൈക്ക് മുതല്‍ നാഷണല്‍ പെര്‍മിറ്റ് ലോറി വരെയുണ്ട് ഇക്കൂട്ടത്തില്‍. ഏതെങ്കിലും ഘട്ടത്തില്‍ കോടതി ഇടപെടുമ്പോള്‍ മാത്രമാണ് ഇവ ലേലം ചെയ്യുന്നത്. എല്ലാ സ്റ്റേഷനുകളിലെയും പ്രധാന സ്ഥലംമുടക്കികളാണ് ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍. 

സ്റ്റേഷന്‍ വളപ്പ് നിറയുമ്പോള്‍ റോഡിലും ഇതു നിര്‍ത്തിയിടുന്നു. ഇത് അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വേണ്ടവിധം ലേലനടപടികള്‍ പൂര്‍ത്തികരിച്ച് നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കണം.

സുനില്‍, തൃശ്ശൂര്‍

ഇതാണോ ന്യായം?

സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. സ്വന്തം ജോലിയില്‍ മുഖംനോക്കാതെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്രയെ ചുമതലയില്‍ നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി സിപിഎമ്മിന്റെ കപടമുഖമാണ് വെളിവാക്കുന്നത്. 

രാഷ്ട്രീയ ഭേദമില്ലാതെ നടപടിയെടുക്കാന്‍ തുനിഞ്ഞ ഒരു പൊലീസ് ഓഫീസര്‍ക്കുണ്ടായ അനുഭവം ഇത്തരത്തിലാണെങ്കില്‍ ഈ നാട്ടില്‍ ആര്‍ക്കാണ് നീതി ലഭ്യമാവുക. സിപിഎം ഭരണത്തില്‍ സിപിഎമ്മുകാര്‍ക്കും ഡിവൈഎഫ്‌ഐക്കാര്‍ക്കും എസ്എഫ്‌ഐക്കാര്‍ക്കും എന്തുമാകാമെന്ന സന്ദേശമാണ് പാര്‍ട്ടിയും സര്‍ക്കാരും നല്‍കുന്നത്. പോലീസുകാരനെ അടിച്ച് നടുവൊടിക്കാം, പോലീസ് സ്റ്റേഷന്‍ ആക്രമിക്കാം. ആരും മിണ്ടാനും ചോദിക്കാനും പാടില്ല. നടപടിയെടുത്താല്‍ സ്ഥലം മാറ്റും. നട്ടെല്ലോടെ നിന്നാല്‍ സസ്‌പെന്‍ഷനും കിട്ടും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം സിപിഎമ്മിന്റെ സെല്‍ഭരണമാണ് നടക്കുന്നതെന്ന ആരോപണം അക്ഷരംപ്രതി സത്യമായിരിക്കുകയാണിപ്പോള്‍. 

ശ്രീലക്ഷ്മി, തിരുവനന്തപുരം

നവമാധ്യമ സംസ്‌കാരത്തിന് മാറ്റം വരണം

നവമാധ്യമങ്ങള്‍ സജീവമായതോടെ ഏവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള വേദി ലഭിച്ചു. നല്ല കാര്യം. എന്നാല്‍, നവമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ ഭൂരിപക്ഷവും അശ്ലീലം നിറഞ്ഞതാണ്! പലപ്പോഴും തെറിയഭിഷേകവുമാണ് കാണുന്നത്! ഏതുവിഷയത്തിലും യോജിപ്പും വിയോജിപ്പും ഉണ്ടാകാം. എന്നാല്‍ കുറിപ്പെഴുതുന്നത് തെറിയിലാക്കുന്നത് ശരിയല്ല. മലയാള സിനിമാ സംവിധായകനായ പ്രിയനന്ദനന്‍ ശബരിമല വിഷയത്തെപ്പറ്റിയെഴുതിയതിലെ ഭാഷാപ്രയോഗം ഫേയ്‌സ്ബുക്കില്‍ കുറിച്ചത് എത്രമാത്രം ലജ്ജാകരമായിരുന്നു! നവമാധ്യമ സംസ്‌കാരം മാറേണ്ടതുണ്ട്.

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.