വെള്ളൂര്‍ ബാങ്ക് അഴിമതി; പ്രാദേശിക നേതാക്കളെ പുറത്താക്കി മുഖം രക്ഷിക്കാന്‍ സിപിഎം നീക്കം

Monday 28 January 2019 1:08 am IST
30 വര്‍ഷമായി സിപിഎം ഭരിക്കുന്ന വെള്ളൂര്‍ സഹകരണ ബാങ്കില്‍ 38 കോടിയുടെ അഴിമതിയാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ബിജെപി വൈക്കം മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ നല്‍കിയ വിവരാവകാശ അപേക്ഷയെ തുടര്‍ന്നാണ് അഴിമതി വിവരം പുറത്തായത്.

കോട്ടയം: വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കിലെ  കോടികളുടെ അഴിമതിയില്‍ മുഖം രക്ഷിക്കാന്‍ സിപിഎം നീക്കം. സിപിഎം നേതാക്കള്‍ക്കും  ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ ചെറിയ നടപടിയെടുത്ത് തലയൂരാനാണ് ശ്രമം.

അതേസമയം, ബോര്‍ഡ് അംഗവും എന്‍സിപി ജില്ലാ പ്രസിഡന്റുമായ ടി.വി. ബേബിക്കെതിരെ നടപടിയെടുക്കാത്തതില്‍ എന്‍സിപിയില്‍ പ്രശ്‌നം രൂക്ഷമാണ്. 30 വര്‍ഷമായി സിപിഎം ഭരിക്കുന്ന വെള്ളൂര്‍ സഹകരണ ബാങ്കില്‍ 38 കോടിയുടെ അഴിമതിയാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ബിജെപി വൈക്കം മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ നല്‍കിയ വിവരാവകാശ അപേക്ഷയെ തുടര്‍ന്നാണ് അഴിമതി വിവരം പുറത്തായത്. 

ഇതോടെ സിപിഎം  ജില്ലാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ ഇ.എം. കുഞ്ഞുമുഹമ്മദിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.  മുന്‍ പ്രസിഡന്റും തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗവുമായ വി.എന്‍. മനോഹരന്‍, വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജി. പ്രദീപ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോ-ഓപ്പറേറ്റീവ് യൂണിയന്‍ ജില്ലാ നേതാവും വടകര ലോക്കല്‍ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ എം.കെ. ഹരിദാസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. മുന്‍ പ്രസിഡന്റ് പി.യു. ചന്ദ്രശേഖരനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സിപിഎം നേതാക്കള്‍ മാത്രം മൂന്ന് കോടിയുടെ അഴിമതി കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. 

എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി. ബേബി 64 ലക്ഷത്തിലേറെ രൂപയുടെ അഴിമതി നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടി.വി. ബേബിയെ മാറ്റണമെന്നും അഴിമതി കാണിച്ചതിന് പാര്‍ട്ടി നടപടി വേണമെന്നും എന്‍സിപി ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. 

ബാങ്കിലെ അഴിമതി ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിയമസഭയില്‍ വി.പി. സജീന്ദ്രന്‍ ചോദ്യം ഉന്നയിച്ചു. ബാങ്കില്‍ 38 കോടിയുടെ അഴിമതി നടന്നതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സജീന്ദ്രന്റെ ചോദ്യത്തിന് ഉത്തരം നല്‍കി. അഴിമതിയെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സെക്രട്ടറിയേയും ഒരു വനിതാ ജീവനക്കാരിയേയും പിരിച്ചുവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.