ഫിലിപ്പൈന്‍ പള്ളിയില്‍ ഭീകരാക്രമണം; 27 മരണം

Monday 28 January 2019 1:10 am IST

ജോളോ: തെക്കന്‍ ഫിലിപ്പൈന്‍സിലെ ജോളോ റോമന്‍ കത്തോലിക്കാ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഭീകരാക്രമണം. ഒരു മിനിറ്റ് വ്യത്യാസത്തിലുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ 27 പേര്‍ മരിച്ചു, 77 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം. മരണസംഖ്യ ഉയരാം. 

പള്ളിക്കുള്ളിലുണ്ടായിരുന്നവരാണ് മരിച്ചവരേറെയും. ആദ്യ സ്‌ഫോടനത്തില്‍ കുറേപ്പേര്‍ മരിച്ചു. പരിഭ്രാന്തരായ വിശ്വാസികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലുമാണ് കുറച്ചുപേര്‍ മരിച്ചത്. രണ്ടാമത്തെ ബോംബ് ഗേറ്റിനരികിലാണ് വച്ചിരുന്നത്. അവിടെയുണ്ടായിരുന്ന ബൈക്കിലാകാം ബോംബ് വച്ചിരുന്നതെന്ന സംശയത്തിലാണ് പോലീസ്. മരിച്ചവരില്‍ ഏഴ് പേര്‍ പോലീസുകാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഫിലിപ്പൈന്‍സിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ജോളോ ദ്വീപ്, അബു സയഫ് ഭീകരരുടെ താവളങ്ങളാണ്. ഫിലിപ്പൈന്‍സും അമേരിക്കയുമടക്കം പല രാജ്യങ്ങളും വിലക്കിയ ഭീകരസംഘടനയാണിത്. 97ല്‍ ഒരു റോമന്‍ കത്തോലിക്കാ പള്ളിക്കു പുറത്തു വച്ച് ബെഞ്ചമിന്‍ ഡെ ജീസസ് എന്ന ബിഷപ്പിനെ ഭീകരര്‍ വെടിവച്ചുകൊന്നിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.