ആവേശം വിതറി പോര്‍നിലങ്ങളില്‍ അഗ്നിജ്വാലകളായി പടര്‍ന്നവര്‍

Monday 28 January 2019 1:06 am IST

തൃശൂര്‍: പോര്‍നിലങ്ങളില്‍ അഗ്നിജ്വാലകളായി പടര്‍ന്നവര്‍ സമ്മേളനവേദിയില്‍ ആവേശം പകരാനെത്തി. സമരതീഷ്ണമായ ഇന്നലെകളില്‍ ആദര്‍ശത്തെയും പ്രസ്ഥാനത്തെയും നെഞ്ചേറ്റിയവര്‍ വേദിയിലെത്തിയതോടെയാണ് യുവമോര്‍ച്ച പ്രതിനിധി സമ്മേളനവേദിയില്‍ ആവേശത്തിന്റെ അലകടലുയര്‍ന്നത്. 

മുന്‍ സംസ്ഥാന അധ്യക്ഷന്മാരും ഭാരവാഹികളായിരുന്നവരും പുതുതലമുറയെ ആശീര്‍വദിച്ചു. തോക്കിനും ലാത്തിക്കും മുന്നില്‍ പതറാതെ, രാഷ്ട്രീയ പ്രതിയോഗികളുടെ കൊലക്കത്തികളെ ഭയക്കാതെ മലയാളമണ്ണില്‍ യുവമോര്‍ച്ച എന്ന ശക്തിയെ അടയാളപ്പെടുത്തിയവരുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് പ്രതിനിധികള്‍ സ്വീകരിച്ചത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, വി.വി. രാജേഷ്, പി. സുധീര്‍ എന്നിവരെ ആദരിച്ചു. മുന്‍ അധ്യക്ഷന്‍ സി.എം. കൃഷ്ണനുണ്ണിയുടെ വേര്‍പാട് നൊമ്പരമുണര്‍ത്തുന്ന ഓര്‍മയായി. സംസ്ഥാന ചുമതലകളില്‍പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെപ്പേരും വേദിയിലെത്തി. 

ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ആദരസഭ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എന്‍. ശിവരാജന്‍, സി. കൃഷ്ണകുമാര്‍, ബി. ഗോപാലകൃഷ്ണന്‍, എ. നാഗേഷ്, എന്‍. ഹരി, എസ്. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.