ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Monday 28 January 2019 8:03 pm IST

ന്യൂദല്‍ഹി: നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ 24 പേര്‍ക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീമദ് വാല്‍മീകി രാമായണത്തിന്റെ മലയാളം വിവര്‍ത്തനത്തിനാണ് അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്  പുരസ്‌കാരം. ഓരോ ഭാഷയിലെയും മൂന്നംഗ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്‌കാരദാന ചടങ്ങ് പിന്നീട് അറിയിക്കും. 

ഒഎന്‍വി കുറുപ്പിന്റെ കവിതകള്‍ മലയാളത്തില്‍നിന്നും നേപ്പാളിയിലേക്ക് മൊഴിമാറ്റിയ മോണിക്ക മുഖിയ, തകഴിയുടെ പ്രശസ്ത നോവല്‍ ചെമ്മീന്‍ രാജസ്ഥാനിയിലേക്ക് വിവര്‍ത്തനം ചെയ്ത മനോജ് കുമാര്‍ സ്വാമി, മണിയന്‍ പിള്ളയുടെ ആത്മകഥ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ കൊളച്ചല്‍ യൂസഫ് എന്നിവരും അവാര്‍ഡിന് അര്‍ഹരായി. 

ലീലാവതിയുടെ 'കവിതാധ്വനി' കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 'വര്‍ണരാജി'ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. മലയാള സാഹിത്യത്തിനും വിദ്യാഭ്യാസ മേഖലക്കും നല്‍കിയ സംഭാവനകള്‍ക്ക് 2008ല്‍ പദ്മശ്രീയും 2010ല്‍ എഴുത്തഛന്‍ പുരസ്‌കാരവും നേടി. 

തപസ്യ സാഹിത്യ വേദിയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം, നാലപ്പാടന്‍ പുരസ്‌കാരം, ലളിതാംബിക സ്മാരക സാഹിത്യ പുരസ്‌കാരം, എന്‍.വി. കൃഷ്ണവാരിയര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത് സംവത്സര സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എസ്. രമേശന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ ദല്‍ഹി സാഹിത്യ അക്കാദമിയില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.