വൈദ്യുതി കുടിശ്ശിക പിരിഞ്ഞുകിട്ടാനുള്ളത് 1277 കോടി

Tuesday 29 January 2019 6:10 am IST

കോട്ടയം: ഗാര്‍ഹിക ഉപഭോക്താക്കളുടെ അടക്കം വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്ന കെഎസ്ഇബിക്ക് കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ളത് കോടികള്‍. വന്‍കിടക്കാരില്‍ നിന്നും മറ്റുമായി 1277 കോടി രൂപയാണ് ലഭിക്കാനുള്ളത്. വൈദ്യുതി ബോര്‍ഡില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. 

കുടിശ്ശികക്കാരില്‍ ഏറെയും വമ്പന്മാര്‍. മലയാള മനോരമ, മാതൃഭൂമി, ഡിസി ബുക്‌സ്, ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രി, മാതൃഭൂമി ഉടമയായ പി.വി. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പിവിഎസ് ആശുപത്രി, ഫിലിം സിറ്റി, ചന്ദ്രിക ദിനപത്രം, ജനയുഗം എന്നീ സ്ഥാപനങ്ങളും വൈദ്യുതി കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. 

മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിലും സ്റ്റുഡിയോകളിലുമായി 1,98,920 രൂപയാണ് കുടിശ്ശിക. കോഴിക്കോട്-76,872 രൂപ, കണ്ണൂര്‍-60,544, പാലക്കാട്-8373, പത്തനംതിട്ട-53,131 രൂപ. മാതൃഭൂമിയുടെ കോഴിക്കോട്-59,471 രൂപ, കൊല്ലം-23,495, കൊച്ചി-74,75,511 രൂപ. ഇഎംഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസെര്‍ച്ച് സെന്റര്‍-45,998, ഇഎംഎസ് മെമ്മോറിയല്‍ ആന്‍ഡ് പിയുബിജി (ദേശാഭിമാനി) 10,225, ഡിസി ബുക്‌സ് കോട്ടയം-21,85,598 രൂപ, പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍-26,48,881, പിവിഎസ് ഫിലിം സിറ്റി കോഴിക്കോട്-9,11,018, പിവിഎസ് ഹോസ്പിറ്റല്‍-8,55,023, പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കൊമേഷ്യല്‍ കോപ്ലക്‌സ്- 2,65,874, ചന്ദ്രിക ദിനപത്രം, കൊച്ചി-1,84,547, ജനയുഗം-4,757, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍-7,53,483 രൂപ, കോട്ടയം അമയന്നൂര്‍ സ്പിന്നിങ് മില്‍- 6,91,893 രൂപ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി-2,22,369 രൂപ എന്നിവയാണ് കുടിശ്ശിക പട്ടികയിലുള്ള പ്രമുഖ സ്ഥാപനങ്ങള്‍. 

സംസ്ഥാനത്തെ ജലവിതരണ വകുപ്പ് മാത്രം 827 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കാനുണ്ട്. 48 കോടി കുടിശ്ശികയുള്ള ആലുവ ഓഫീസാണ് പട്ടികയില്‍ മുമ്പില്‍. സംസ്ഥാനത്തെ 242 ജലവിതരണ വകുപ്പ് ഓഫീസുകളും വന്‍ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. 1320 വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് 450.70 കോടി പിരിഞ്ഞുകിട്ടാനുണ്ട്. സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ നിന്നും 8.98 കോടി രൂപയും ലഭിക്കാനുണ്ട്.  

പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ നഷ്ടം നികത്താനാണ് പ്രധാനമായും കെഎസ്ഇബി നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിരക്ക് മൂലം ചെറുകിട ഉത്പാദന യൂണിറ്റുകളും  വ്യാപാര സ്ഥാപനങ്ങളും ബുദ്ധിമുട്ടുന്നു. അതിനിടയിലാണ് കോടികളുടെ കുടിശ്ശിക പിരിക്കാതെ കിടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.