തോറ്റചരിത്രത്തിലെ തേന്‍തുള്ളികള്‍

Tuesday 29 January 2019 5:11 am IST

തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല എന്നത് പാടിപ്പഴകിയ മുദ്രാവാക്യമാവാം. പക്ഷേ, ഇന്നതിന് ഏറെ പ്രസക്തിയുണ്ടെന്നാണ് പാണന്മാര്‍ പാടി നടക്കുന്നത്. കാരണം പല പല അമിട്ടുകള്‍ പൊടുന്നനെ പൊട്ടിവീഴുകയാണ.് ചിലത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. ചിലത് ഞെട്ടിക്കുന്നു. ആര് എന്ത് ഏത് എന്നൊന്നും തിരിയാത്ത സ്ഥിതി. തോറ്റവര്‍ക്ക് അത് ജീവിതത്തിലെ എക്കാലത്തെയും വേദനയായി നിലനില്‍ക്കും. ആലങ്കാരികമായി അങ്ങനെയല്ലെന്നൊക്കെ പറയുമെങ്കിലും ഉമിക്ക് തീയിട്ടാല്‍ നീറിക്കത്തുന്ന തരത്തില്‍ ഉള്ളില്‍ അങ്ങനെ കത്തിപ്പടര്‍ന്നു കൊണ്ടിരിക്കും. അതിന്റെ ചൂടും ചൂരും അപ്പപ്പാ പറയാവതല്ലേ?

ഇവിടെ ഇന്ത്യാ മഹാരാജ്യത്ത് ഒരു തെരഞ്ഞെടുപ്പുത്സവം നടക്കാന്‍ പോവുകയാണ്. മിക്കവാറും ഏപ്രില്‍ 28, മെയ് നാല്, ആറ്, പതിനൊന്ന് ദിവസങ്ങളില്‍ ആയത് നടക്കാനാണ് സാധ്യത. അതിന്റെ തുള്ളലും തുടിയും ഏതാണ്ടൊക്കെ തുടങ്ങിക്കഴിഞ്ഞു. രാജ്യം തങ്ങളേ ഭരിച്ചുകൂടൂ എന്ന ദൃഢനിശ്ചയത്തോടെ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമ്പോഴും കാര്യങ്ങള്‍ അത്ര പന്തിയായല്ല നീങ്ങുന്നത്. 2014ല്‍ ജനങ്ങള്‍ അവരെ ശരിക്കും തൊഴിച്ചെറിയുകയാണ് ഉണ്ടായത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ഏറ്റെടുക്കാനാവാതെ ദയനീയമായി പിന്തള്ളപ്പെട്ടു പോയതിന്റെ വേദന അവരെ ചില്ലറയൊന്നുമല്ല പിടികൂടിയത്. എന്താണ് സംഭവിച്ചതെന്ന് ഇന്ത്യാരാജ്യത്തെ ബഹുഭൂരിപക്ഷം പേരും മനസ്സിലാക്കിയെങ്കിലും അവര്‍ക്കുമാത്രം പിടികിട്ടിയില്ല.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരല്ലാതെ ഇന്ത്യ ഭരിക്കുന്നത് ചിന്തിക്കാന്‍ കഴിയാത്തവര്‍ക്കു മുമ്പിലാണ് സാധാരണക്കാര്‍ ഭരണത്തിന്റെ വര്‍ണകാലം കാഴ്‌ചെവച്ചത്. 'ഒരു പൂവ് ചോദിക്കൂ, ഒരു വസന്തം തരാം' എന്ന പരസ്യവാചകം പോലെയാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ കുടുംബപാരമ്പര്യക്കാരെ ഇനി ആ വഴിയിലേക്ക് അടുപ്പിക്കാതിരിക്കാനാണ് സാധാരണക്കാര്‍ പരിശ്രമിക്കുന്നത്. ജനകീയവിധി എന്ന കടമ്പ കടക്കുക അത്ര എളുപ്പമല്ലെന്ന് വ്യക്തമായതോടെ അടവുകളുടെ അലകും പിടിയും മാറ്റാന്‍ കോണ്‍ഗ്രസും വൈതാളിക നേതൃത്വവും തയ്യാറായിട്ടുണ്ട്. അവര്‍ക്ക് മുമ്പില്‍ അഹമഹമികയാ കുറെ അധികാരമോഹികളുമുണ്ട്. അവര്‍ കൂടിയാലോചിച്ച് മെനഞ്ഞെടുത്ത ആദ്യ തിരക്കഥയാണ് വോട്ടിംഗ്‌യന്ത്രത്തിലെ ക്രമക്കേട്!

2014ലെ തെരഞ്ഞെടുപ്പില്‍ തങ്ങളെ തോല്‍പ്പിച്ചത് വോട്ടിംഗ് യന്ത്രമാണെന്നാണ് അവരുടെ തിരക്കഥയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിന് പിന്‍പാട്ടുപാടിയിരിക്കുന്നത് ഒരു 'സൈബര്‍ വിദഗ്ധനാ'ണത്രെ. ടിയാന്‍ ഇന്ത്യാമഹാരാജ്യത്തെ പ്രജയല്ല. അങ്ങ് ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ യൂറോപ്യന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സയിദ് ഷൂജ എന്ന 'വിദഗ്ധന്‍' കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൊല്ലപ്പെട്ട ഗോപിനാഥ്മുണ്ടെ, ഗൗരിലങ്കേഷ് എന്നിവര്‍ക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞുവെച്ചു. ഏതായാലും അന്വേഷണം വന്നാല്‍ പരാമര്‍ശിതവ്യക്തികളെ ചോദ്യം ചെയ്യാന്‍ ഒടയതമ്പുരാന്‍ വിചാരിച്ചാല്‍ പോലും സാധിക്കില്ല എന്നതാണ് ഇതിലെ മഹിത കാര്യം. സംഗതി വിദേശി പറഞ്ഞതിനാല്‍ അതേറ്റുപിടിച്ച് ആര്‍ത്തുവിളിക്കുക എന്നതാണല്ലോ നടപ്പുരീതി.

സംഗതി കേള്‍ക്കേണ്ട താമസം നമ്മുടെ മാധ്യമപുംഗവന്മാര്‍ക്ക് ചാകര കണ്ട പ്രതീതി. ചര്‍ച്ച, വിശകലനം, അര്‍മാദിക്കല്‍. ഇതില്‍പ്പരം മറ്റെന്താണ് ആഘോഷിക്കാന്‍. കബിലസിബലന്‍ എന്ന ഘടാഘടിയന്‍ വക്കീലദ്യം മേപ്പടി യോഗത്തില്‍ പങ്കെടുത്തിരുന്നു എന്നും കൂടി ആയതോടെ വിശ്വാസ്യത വാനോളം ഉയര്‍ന്നു. എന്നാല്‍ മൂപ്പിലാന്റെ കക്ഷിയായിരുന്നു അന്ന് ഭരണത്തില്‍ എന്ന കാര്യം പാടെ മറന്നു. മോദിയെ തകര്‍ക്കാനിറങ്ങിയാല്‍ മോങ്ങാനുള്ള അവസരം പോലും ഉണ്ടാവരുതെന്ന രീതിയിലേക്കാണ് സ്ഥിതിഗതികള്‍ പരുവപ്പെടുന്നത്. ഇതിന്റെ യുക്തിയോ സാങ്കേതികത്വമോ ഒന്നും നോക്കാതെ കോത്താഴം മുത്തശ്ശി മുതല്‍ കൊല്‍ക്കത്തവാറോല വരെ തട്ടിപ്പുകഥകള്‍ക്ക് വീരപരിവേഷം ചാര്‍ത്തുകയാണ്. ഒന്നിനും പറ്റിയില്ലെങ്കില്‍ കൂവിത്തോല്‍പ്പിക്കുക എന്നുണ്ടല്ലോ. അതാണിപ്പോള്‍ നടക്കുന്നത്.

മോദിയുടെ കക്ഷി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ വോട്ടിങ്‌യന്ത്രം പരമശുദ്ധന്‍. വിജയിക്കുമ്പോള്‍ കൊള്ളക്കാരന്‍. ഇതാണ് നിലവാരം. 'യോദ്ധ' എന്ന ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ അശോകനെ തോല്‍പ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ജഗതിയുടെ തൈപ്പറമ്പില്‍ അപ്പുക്കുട്ടന്റെ സ്വഭാവരീതികളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്. വിജയിക്കുന്നവനെ കൂവിത്തോല്‍പ്പിക്കുക, അപഹസിക്കുക, കള്ളച്ചൂത് കളിക്കുക തുടങ്ങിയവയൊക്കെ അരങ്ങേറുകയാണ്.

വിശ്വാസ്യത തകര്‍ത്താല്‍ എല്ലാം തങ്ങളുടെ വഴിക്കുകൊണ്ടുവരാമെന്നാണ് 'മഹാഘഡ്ബന്ധന്‍' കക്ഷികള്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി വോട്ടിങ്‌യന്ത്രത്തെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള ശ്രമമാണ്. ഈ യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ വെല്ലുവിളി സ്വീകരിക്കാതെ വാലുമടക്കി ഓടിപ്പോയ കൂട്ടരാണിപ്പോള്‍ മുഷ്ടിചുരുട്ടി വരുന്നതെന്നറിയുമ്പോള്‍ ചിരിക്കണോ കരയണോ? രാജ്യഭരണം അട്ടിപ്പേറാണെന്ന് ധരിച്ചുവശായവരുടെ ഒത്താശക്കാരായി നില്‍ക്കുന്ന ഓരോ നേതാവിന്റെ  മനസ്സിലും പൊട്ടുന്നുണ്ട് പ്രധാനമന്ത്രിസ്ഥാനമെന്ന ലഡ്ഡു. പൊട്ടട്ടെ, പൊട്ടട്ടെ. അതിന് കയ്‌പ്പോ മധുരമോ എന്നറിയാന്‍ മെയ് 17 വരെ കാത്തിരിക്കുക. ഒരു പക്ഷേ, അതിനു മുമ്പും ആവാം.

daslak@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.