ധീരനായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്

Tuesday 29 January 2019 10:38 am IST
ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോളയുള്‍പ്പെടെയുള്ള കോര്‍പറേറ്റ് കമ്പനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി...

1975 ജൂണ്‍ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത നേതാക്കളില്‍ ഒരാളാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ നാളുകളില്‍ പൗര ബോധത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ശബ്ദത്തിന്റെയും രൂപത്തില്‍ ഉയര്‍ന്നു വന്ന തീപ്പൊരി നേതാവ്.  

അടിയന്തരാവസ്ഥക്കാലത്ത് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിയുടെ വേഷത്തില്‍ ഒളിവില്‍ പോയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ലോറന്‍സ് ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്തു. ജോര്‍ജ്ജിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി ലോറന്‍സിനെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാക്കി. ഫെര്‍ണാണ്ടസുമായി അടുപ്പം പുലര്‍ത്തിയിരുന്ന സ്‌നേഹലത റെഡ്ഡിയേയും അറസ്റ്റുചെയ്തു. കടുത്ത ആസ്മരോഗിയായ അവര്‍ ജയിലില്‍ വേണ്ടത്ര പരിചരണം കിട്ടാത്തതിനെ തുടര്‍ന്ന്, ജയില്‍മോചിതയായ ഉടന്‍ മരണപ്പെട്ടു. 

1975 ജൂലൈയില്‍ ഫെര്‍ണാണ്ടസ് ബറോഡയിലെത്തി. ബറോഡ യൂണിയന്‍ ഓഫ് ജേണലിസ്റ്റ് പ്രസിഡന്റായിരുന്ന കിര്‍തി ഭട്ട്, ടൈംസ് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് കറസ്‌പോണ്ടന്റ് വിക്രം റാവു എന്നിവരുമായി കണ്ടുമുട്ടി. അടിയന്തരാവസ്ഥയെ ഒരുപോലെ എതിര്‍ത്തിരുന്ന അവര്‍ ഇന്ദിര ഗാന്ധി സര്‍ക്കാരിനെ ഏത് വിധേനയും വീഴ്ത്താന്‍ പരിശ്രമിച്ചു. വ്യവസായിയായ വിരേന്‍ ജെ. ഷായുടെ സഹായത്തോടെ ഡൈനാമിറ്റുകള്‍ ആര്‍ജ്ജിക്കുകയെന്ന ലക്ഷ്യത്തോടെ ബറോഡയ്ക്കടുത്തുള്ള ഹലോളില്‍ വ്യാപകമായ അന്വേഷണം നടത്തി. സര്‍ക്കാര്‍ ഓഫീസുകളിലെ ടോയ്‌ലറ്റുകള്‍ തകര്‍ക്കുക, ഇന്ദിരാഗാന്ധിയുടെ പൊതുയോഗ വേദിക്ക് സമീപം സ്‌ഫോടനം നടത്തുക എന്നിവയായിരുന്നു ഉദ്ദേശ്യം. ആരേയും അപായപ്പെടുത്താതെ ഭയം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ആശയം. വാരണാസിയില്‍ ഇന്ദിരാഗാന്ധിയുടെ പൊതുയോഗവേദിക്ക് സമീപം സ്‌ഫോടനം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തു. ഈ ഗൂഡാലോചനയാണ് പില്‍ക്കാലത്ത് ബറോഡ ഡൈനാമിറ്റ് കേസ് എന്ന് അറിയപ്പെട്ടത്. 

1976 ജൂണ്‍ 10 ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് കല്‍ക്കട്ടയില്‍ വച്ച് അറസ്റ്റിലായി. ഡൈനാമിറ്റ് കടത്തി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടു എന്നതായിരുന്നു കേസ്. ഫെര്‍ണാണ്ടസിന് അറസ്റ്റിന് ശേഷം ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അംഗങ്ങള്‍, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു അഭിഭാഷകന്റെ സഹായം ലഭ്യമാക്കണമെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനി, നോര്‍വേ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍, ഫെര്‍ണാണ്ടസിന് ദോഷകരമായതൊന്നും സംഭവിക്കരുതെന്ന് കമ്പിസന്ദേശത്തിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു. ബറോഡയില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് ഫെര്‍ണാണ്ടസിനെ മാറ്റിയെങ്കിലും അദ്ദേഹത്തിന് എതിരായി കുറ്റപത്രം നല്‍കിയിരുന്നില്ല.

അടിയന്തരാവസ്ഥ 1977 ല്‍ പിന്‍വലിക്കപ്പട്ടശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടു. അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്ന ചെറുപാര്‍ട്ടികളെ ചേര്‍ത്ത് രൂപം കൊണ്ട ജനതാ പാര്‍ട്ടി അധികാരത്തിലെത്തി. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ബീഹാറിലെ മുസാഫര്‍പുറില്‍ നിന്ന് വിജയിച്ച ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വ്യവസായ മന്ത്രിയായി. സ്വന്തം മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കാതെ തന്നെ മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. 

വ്യവസായ വകുപ്പു മന്ത്രിയായിരിക്കെ കോര്‍പറേറ്റു കമ്പനികളോട് ഇന്ത്യവിടാന്‍ നിര്‍ദേശിച്ച അദേഹം പിന്നീട് റെയില്‍വെ വകുപ്പ് കൈകാര്യം ചെയ്യവെ കൊങ്കണ്‍ റയില്‍വെ യാഥാര്‍ഥ്യമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു. പിന്നീട് വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി.

ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.