പുരോഹിതനാകാന്‍ കൊതിച്ചു; പോരാളിയായി

Wednesday 30 January 2019 1:34 am IST
1949 ല്‍ ജോലി തേടി ബോംബെയിലെത്തി. അവിടുത്തെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. ഒരു പത്രസ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി കിട്ടുന്നതുവരെ തെരുവുകളില്‍ അന്തിയുറങ്ങി.

ജീവിതമെന്നാല്‍  പോരാട്ടമായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്. പുരോഹിതനാകാന്‍ ആഗ്രഹിച്ച് പോരാളിയായ സോഷ്യലിസ്റ്റ്, അടിയന്തരാവസ്ഥക്കെതിരെ ശക്തമായി പോരാടിയ അദ്ദേഹം രാഷ്ട്രീയക്കാര്‍ക്ക് എന്നും മാതൃകയാണ്.

1930 ജൂണ്‍ മൂന്നിന് ജോണ്‍ ജോസഫ് ഫെര്‍ണാണ്ടസിന്റേയും ആലിസ് മാര്‍ത്ത ഫെര്‍ണാണ്ടസിന്റേയും മകനായി മംഗലാപുരത്തെ  കത്തോലിക്കാ കുടുംബത്തില്‍ ജനനം. ആറ് മക്കളില്‍ മൂത്തയാള്‍. ജോര്‍ജ്ജ് അഞ്ചാമനോട് കടുത്ത ആരാധനയായിരുന്നു അമ്മ ആലിസിന്. അങ്ങനെയാണ്  ജോര്‍ജ് എന്ന പേരുനല്‍കിയത്. ജെറി എന്നായിരുന്നു ജോര്‍ജ്ജിന്റെ വിളിപ്പേര്. ഒരു ധനകാര്യ സ്ഥാപനത്തില്‍ ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് ആയിരുന്നു അച്ഛന്‍. 

പത്താംതരം കഴിഞ്ഞപ്പോള്‍ പഠനം നിര്‍ത്താന്‍ ജോര്‍ജ്ജ് ആഗ്രഹിച്ചു. പക്ഷെ മകനെ അഭിഭാഷകനാക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍ പുരോഹിതനാകാന്‍ ആഗ്രഹിച്ച ജോര്‍ജ്ജ് ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ചേര്‍ന്നു, പതിനാറാം വയസ്സില്‍. രണ്ടരവര്‍ഷം അവിടെ ഫിലോസഫി പഠിച്ചു. പുരോഹിതരോടും വൈദികവിദ്യാര്‍ത്ഥികളോടുമുള്ള രണ്ടുതരം സമീപനത്തില്‍ നിരാശനായി സെമിനാരി വിട്ടു. 1949 ല്‍ ജോലി തേടി ബോംബെയിലെത്തി. അവിടുത്തെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. ഒരു പത്രസ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി കിട്ടുന്നതുവരെ തെരുവുകളില്‍ അന്തിയുറങ്ങി. 

അക്കാലത്തെ പ്രമുഖ ട്രേഡ്‘യൂണിയന്‍ നേതാവ് പ്ലാസിഡ് ഡി.മെല്ലോ, സോഷ്യലിസ്റ്റ് നേതാവ് റാം മനോഹര്‍ ലോഹ്യ എന്നിവരാണ് ജോര്‍ജ്ജിനെ ഏറെ സ്വാധീനിച്ചത്. സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനില്‍ ചേര്‍ന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി. 1950 കളില്‍ ബോംബെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. തൊഴിലാളികള്‍ക്കുവേണ്ടി പ്രക്ഷോഭം നയിച്ച് നിരവധി തവണ ജയില്‍വാസവും അനുഭവിച്ചു. 1961 മുതല്‍ 1968 വരെ ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗമായിരുന്നു. 1967 ലെ പൊതുതെരഞ്ഞെടുപ്പില്‍  സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ കോണ്‍ഗ്രസിലെ സദാശിവ് കനോജ് പാട്ടീലിനെതിരെ മത്സരിച്ചു. 

ഫെര്‍ണാണ്ടസ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1974 ല്‍ ഓള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ ഓള്‍ ഇന്ത്യ റെയില്‍വേ സമരം ശ്രദ്ധേയമായിരുന്നു. റെയില്‍വേ ജീവനക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍  1947 നും 1974 നും ഇടയില്‍ വന്ന മൂന്ന് പേ കമ്മീഷനുകളും കാര്യമായൊന്നും ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. 1974 മെയ് 8 ന് ആരംഭിച്ച സമരം മെയ് 27 നാണ് പിന്‍വലിച്ചത്. മുന്‍ കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈല കബീറിനെയാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വിവാഹം കഴിച്ചത്. 1971 ജൂലൈ 21 നായിരുന്നു വിവാഹം. ന്യൂയോര്‍ക്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ സീന്‍ ഫെര്‍ണാണ്ടസാണ് മകന്‍. 1980ല്‍ ഫെര്‍ണാണ്ടസ്-ലൈല ദമ്പതികള്‍ വേര്‍പിരിഞ്ഞെങ്കിലും ഫെര്‍ണാണ്ടസ് രോഗബാധിതനായപ്പോള്‍ ലൈല അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് തിരിച്ചെത്തി. 

ജയാജയ്റ്റ്‌ലിയായിരുന്നു സന്തത സഹചാരി. ഫെര്‍ണാണ്ടസ് രോഗബാധിതനായതോടെ അവരും ലൈലയുമായുണ്ടായ വഴക്ക് വലിയ ചര്‍ച്ചയായിരുന്നു.  

ഇന്ദിരയോട് പൊരുതി കോളക്കമ്പനിയെ കെട്ടുകെട്ടിച്ചു

1975 ജൂണ്‍ 25ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ശക്തമായി എതിര്‍ത്ത നേതാക്കളില്‍ ഒരാളാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിയുടെ വേഷത്തില്‍ ഒളിവില്‍ പോയി. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ലോറന്‍സ് ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്തു. ജോര്‍ജ്ജിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി ലോറന്‍സിനെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാക്കി. 

ഫെര്‍ണാണ്ടസുമായി അടുപ്പം പുലര്‍ത്തിയിരുന്ന സ്‌നേഹലത റെഡ്ഡിയേയും അറസ്റ്റുചെയ്തു. കടുത്ത ആസ്മരോഗിയായ അവര്‍ ജയിലില്‍ വേണ്ടത്ര പരിചരണം കിട്ടാത്തതിനെ തുടര്‍ന്ന്, ജയില്‍മോചിതയായ ഉടന്‍ മരണപ്പെട്ടു. 1975 ജൂലൈയില്‍ ഫെര്‍ണാണ്ടസ് ബറോഡയിലെത്തി. ബറോഡ യൂണിയന്‍ ഓഫ് ജേണലിസ്റ്റ് പ്രസിഡന്റായിരുന്ന കീര്‍ത്തി  ഭട്ട്, ടൈംസ് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് കറസ്‌പോണ്ടന്റ് വിക്രം റാവു എന്നിവരുമായി കണ്ടുമുട്ടി. അടിയന്തരാവസ്ഥയെ ഒരുപോലെ എതിര്‍ത്തിരുന്ന അവര്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനെ ഏത് വിധേനയും വീഴ്ത്താന്‍ പരിശ്രമിച്ചു. വ്യവസായിയായ വിരേന്‍ ജെ. ഷായുടെ സഹായത്തോടെ ഡൈനാമിറ്റുകള്‍ ആര്‍ജ്ജിക്കുകയെന്ന ലക്ഷ്യത്തോടെ ബറോഡയ്ക്കടുത്തുള്ള ഹലോളില്‍ വ്യാപകമായ അന്വേഷണം നടത്തി. സര്‍ക്കാര്‍ ഓഫീസുകളിലെ ടോയ്‌ലറ്റുകള്‍ തകര്‍ക്കുക, ഇന്ദിരാഗാന്ധിയുടെ പൊതുയോഗ വേദിക്ക്് സമീപം സ്‌ഫോടനം നടത്തുക എന്നിവയായിരുന്നു ഉദ്ദേശ്യം. ആരേയും അപായപ്പെടുത്താതെ ഭയം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ആശയം. വാരാണസിയില്‍ ഇന്ദിരാഗാന്ധിയുടെ പൊതുയോഗവേദിക്ക് സമീപം സ്‌ഫോടനം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തു. ഈ ഗൂഡാലോചനയാണ് പില്‍ക്കാലത്ത് ബറോഡ ഡൈനാമിറ്റ് കേസ് എന്ന് അറിയപ്പെട്ടത്. 

1976 ജൂണ്‍ 10 ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് കല്‍ക്കട്ടയില്‍ വച്ച് അറസ്റ്റിലായി. ഡൈനാമിറ്റ് കടത്തി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടു എന്നതായിരുന്നു കേസ്. ഫെര്‍ണാണ്ടസിന്റെ അറസ്റ്റിന് ശേഷം ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അംഗങ്ങള്‍, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു അഭിഭാഷകന്റെ സഹായം ലഭ്യമാക്കണമെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനി, നോര്‍വേ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍, ഫെര്‍ണാണ്ടസിന് ദോഷകരമായതൊന്നും സംഭവിക്കരുതെന്ന് കമ്പിസന്ദേശത്തിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു. ബറോഡയില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് ഫെര്‍ണാണ്ടസിനെ മാറ്റിയെങ്കിലും അദ്ദേഹത്തിന് എതിരായി കുറ്റപത്രം നല്‍കിയിരുന്നില്ല.

അടിയന്തരാവസ്ഥ 1977 ല്‍ പിന്‍വലിക്കപ്പട്ടശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടു. അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്ന ചെറുപാര്‍ട്ടികളെ ചേര്‍ത്ത് രൂപം കൊണ്ട ജനതാ പാര്‍ട്ടി അധികാരത്തിലെത്തി. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ബീഹാറിലെ മുസാഫര്‍പുരില്‍ നിന്ന് വിജയിച്ച ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വ്യവസായ മന്ത്രിയായി. സ്വന്തം മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കാതെ തന്നെ മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ ഫെറ (വിദേശ വിനിമയ നിയന്ത്രണ നിയമം) നടപ്പാക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്  ഐബിഎം, കൊക്ക-കോള തുടങ്ങിയ അമേരിക്കന്‍ കമ്പനികളുമായുള്ള ബന്ധം ഉലഞ്ഞു. ഫെറ നിയമം അനുസരിച്ച് വിദേശ  നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ കമ്പനി ഓഹരികളില്‍ 40 ശതമാനം മാത്രമേ കൈവശം വയ്ക്കാന്‍ സാധിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.