ഫെര്‍ണാണ്ടസിലൂടെ കൊങ്കണ്‍ റെയില്‍വേ

Wednesday 30 January 2019 1:50 am IST
1980ലാണ് കൊങ്കണ്‍ വഴി റെയില്‍പാത വേണമെന്ന ആവശ്യം ശക്തമായത്. തുറമുഖ നഗരങ്ങളായ മംഗലാപുരത്തേയും മുംബൈയെയും കൊങ്കണ്‍ തീരത്തൂടെയും പശ്ചിമഘട്ട മലനിരകളിലൂടെയും ബന്ധിപ്പിക്കുകയായിരുന്നു കൊങ്കണ്‍ റെയില്‍പാതയുടെ പ്രധാന ലക്ഷ്യം.

ബെംഗളൂരു: നിരവധി വെല്ലുവിളികളെ അതിജീവിച്ച് കൊങ്കണ്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് സുപ്രധാന പങ്ക് വഹിച്ചു. 1984ല്‍ സര്‍വെ പൂര്‍ത്തിയാക്കിയ കൊങ്കണ്‍ പാതയുടെ നിര്‍മാണങ്ങള്‍ക്ക് തുടക്കമിട്ടത് 1989ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് റെയില്‍വെ മന്ത്രിയായിരുന്ന കാലഘട്ടത്തിലായിരുന്നു. 

1980ലാണ് കൊങ്കണ്‍ വഴി റെയില്‍പാത വേണമെന്ന ആവശ്യം ശക്തമായത്. തുറമുഖ നഗരങ്ങളായ മംഗലാപുരത്തേയും മുംബൈയെയും കൊങ്കണ്‍ തീരത്തൂടെയും പശ്ചിമഘട്ട മലനിരകളിലൂടെയും ബന്ധിപ്പിക്കുകയായിരുന്നു കൊങ്കണ്‍ റെയില്‍പാതയുടെ പ്രധാന ലക്ഷ്യം. 1984-ല്‍ കേന്ദ്ര റെയില്‍ മന്ത്രാലയം കൊങ്കണ്‍ റെയില്‍വേക്കായുള്ള  വിശദമായ ലൊക്കേഷന്‍ സര്‍വേ നടത്തി. 1986-ല്‍ ദക്ഷിണ റെയില്‍വേ, കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാല്‍ പദ്ധതി ഇഴഞ്ഞു നീങ്ങി. 

1989-ല്‍ വി.പി. സിങ് മന്ത്രിസഭയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് റെയില്‍വേ മന്ത്രിയും മധുദന്തവതെ ധനമന്ത്രിയും രാമകൃഷ്ണഹെഗ്‌ഡെ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനുമായതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍വച്ചു. റെയില്‍വെയുടെ ബജറ്റില്‍ കൊങ്കണ്‍ പദ്ധതിക്കുള്ള തുക ഉള്‍ക്കൊള്ളിച്ചു. 1990 ജൂലായ് 19ന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍) രൂപവത്കരിച്ച് ഇ. ശ്രീധരനെ ആദ്യ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായി നിയമിച്ചു.

1991 സെപ്തംബര്‍ 15ന് കൊങ്കണ്‍ റെയില്‍വേ പ്രോജക്ടിന്റെ തറക്കല്ല് റോഹയില്‍ സ്ഥാപിച്ചു. ആറു വര്‍ഷം കൊണ്ട് 740 കി.മീ. ദൂരത്തില്‍ കൊങ്കണ്‍പാത പൂര്‍ത്തിയായി. രണ്ടായിരത്തിലധികം പാലങ്ങളും 91 തുരങ്കങ്ങളുമുള്ള പാത റെയില്‍വെ വികസനത്തില്‍ നാഴികകല്ലാണ്. 1998 ജനുവരി 26ന് പ്രധാനമന്ത്രി എ.ബി. വാജ്‌പേയി  കൊങ്കണ്‍ റെയില്‍പാത രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ എന്‍ഡിഎ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.