ഇന്ത്യ എ യ്ക്ക് തുടര്‍ച്ചയായ നാലാം ജയം

Wednesday 30 January 2019 4:42 am IST

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യ എ യ്ക്ക് വിജയം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് തകര്‍ത്തടിച്ച മത്സരത്തില്‍ ഇന്ത്യ എ ആറു വിക്കറ്റിനാണ് വിജയം നേടിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എ യ്ക്ക്  4-0 ന്റെ ലീഡായി.

ഇരുനൂറ്റിഇരുപത്തിരണ്ട് റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക്് ബാറ്റ് പിടിച്ച ഇന്ത്യ എ ഇരുപത്തിയൊന്ന് പന്ത് ശേഷിക്കെ നാല് വിക്കറ്റ്  നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അടിച്ചുതകര്‍ത്ത ഋഷഭ് പന്ത് 76 പന്തില്‍ 73 റണ്‍സുമായി അജയ്യനായി നിന്നു. ആറ് ഫോറും മൂന്ന് സിക്‌സറും അടിച്ചു.

ഹൂഡ 47 പന്തില്‍ അത്രയും തന്നെ റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. അഭേദ്യമായ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 120 റണ്‍സ് വാരിക്കൂട്ടി. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 77 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും അടക്കം 42 റണ്‍സ് കുറിച്ചു. ആര്‍.കെ ഭൂയി 35 റണ്‍സ് എടുത്തു.

ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ്് അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 221 റണ്‍സാണെടുത്തത്. മധ്യനിര ബാറ്റ്‌സ്മാന്മാരായ പോപ്പും മുല്ലാനിയും അര്‍ധ സെഞ്ചുറി കുറിച്ചു. പോപ്പ് 65 റണ്‍സ് എടുത്തു. 103 പന്ത്് നേരിട്ട ഈ ബാറ്റ്‌സ്മാന്‍ ആറ് പന്ത് അതിര്‍ത്തികടത്തി.

മുല്ലാനി അമ്പത്തിനാല് പന്തില്‍ അമ്പത്തിയെട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. ക്യാപ്റ്റന്‍ ബില്ലിങ്ങ്‌സ് 24 റണ്‍സിന് പുറത്തായി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും മികവ് കാട്ടാനായില്ല.

ഷാര്‍ദുള്‍ താക്കൂര്‍ പത്ത് ഓവറില്‍ 49 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ചഹാര്‍ പത്ത് ഓവറില്‍ 38 റണ്‍സിന് രണ്ട് പേരെ പുറത്താക്കി.

പുതിയ നായകന്‍ അങ്കിത് ബാവ്‌നെയുടെ കീഴിലാണ് ഇന്ത്യ എ നാലാം മത്സരത്തിനിറങ്ങിയത്. അജിങ്ക്യ രഹാനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ എ യെ നയിച്ചത്. പരമ്പരയിലെ അവസാന ഏകദിനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.

സ്‌കോര്‍: ഇംഗ്ലണ്ട് ലയണ്‍സ് : 50 ഓവറില്‍ എട്ട് വിക്കറ്റിന് 221. ഇന്ത്യ എ 46.3 ഓവറില്‍ നാല് വിക്കറ്റിന് 222.

വില്ലനായി തേനീച്ചകള്‍

കാര്യവട്ടം: ഇന്ത്യഎ- ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിന മത്സരത്തിനിടെ വില്ലനായി തേനീച്ചക്കൂട്ടം. കാണികള്‍ക്കിടയിലേക്ക് പറന്നിറങ്ങിയ തേനീച്ചകള്‍ അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരെ  അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. താരങ്ങളും സ്റ്റാഫും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് പതിനൊന്നിന് ശേഷം സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ ഭാഗത്തേക്കാണ് തേനീച്ചകള്‍ കൂട്ടമായി പറന്നിറങ്ങിയത്. തുടര്‍ന്ന് പതിനഞ്ചു മിനിറ്റോളം കളി തടസപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.