ന്യൂദല്‍ഹി: പുതിയ കോച്ച് നെലോ വിന്‍ഗാദയുടെ കീഴിലെ ആദ്യ മത്സരത്തില്‍ എടികെയെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയതിന്റെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവര്‍ ഇന്ന് ദല്‍ഹി ഡൈനാമോസിനെ നേരിടും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്്.
എടിക്കെക്കെതിരെ തകര്‍ത്തുകളിച്ച യുവ താരങ്ങളായ പ്രശാന്തിലും സഹല്‍ അബ്ദുള്‍ സമദിലുമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ന്നെങ്കിലും വിജയം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. പതിമൂന്ന് മത്സരങ്ങളില്‍ ഒരു വിജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്താണ്. പത്ത് പോയിന്റാണ് അവരുടെ സമ്പാദ്യം.ദല്‍ഹിയുടെയും പ്ലേഓഫ് മോഹങ്ങള്‍ അസ്തമിച്ചുകഴിഞ്ഞു. പന്ത്രണ്ട് മത്സരങ്ങളില്‍ ഏഴു പോയിന്റുള്ള അവര്‍ എട്ടാം സ്ഥാനത്താണ്.
മുന്‍ ചെല്‍സി താരമായ യുലിസസ് ഡാവില ഇന്ന് ദല്‍ഹിക്കായി കളത്തിലിറങ്ങും. മുന്നേറ്റ നിരയിലെ കരുത്തനാണ് ഡാല്‍വിയ. ലാലിന്‍സുല ചങ്തെ, നന്ദകുമാര്‍ ശേഖര്‍, റോമിയോ ഫെര്‍ണാണ്ടസ് തുടങ്ങിവരാണ് ദല്‍ഹിയുടെ മറ്റ് കരുത്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: