പിരിച്ചത് 7000 കോടി ചെലവഴിച്ചത് 18 % മാത്രം

Thursday 31 January 2019 5:10 am IST
പ്രളയദുരിതാശ്വാസത്തിലും പിണറായി സര്‍ക്കാരിന്റെ പച്ചക്കള്ളം

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം അതിവേഗത്തിലെന്ന  സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ പൊളിയുന്നു. പ്രളയം തകര്‍ത്ത് അഞ്ച് മാസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിച്ചത് 18 ശതമാനം തുകമാത്രം. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ പിരിച്ചെടുത്ത 7124.54 കോടി രൂപയില്‍ ചെലവഴിച്ചത് 1344.93 കോടി രൂപ. ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍  ആദ്യഘട്ടത്തില്‍ നല്‍കിയ 2904 കോടി രൂപ പോലും പൂര്‍ണമായി ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. തകര്‍ന്ന വീടുകളില്‍ പകുതിയിലധികം നിര്‍മ്മിച്ചത് വീട്ടുടമസ്ഥരെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍.

പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള  മറുപടിയിലാണ് റവന്യൂ മന്ത്രി സര്‍ക്കാരിന്റ കള്ളക്കളി വ്യക്തമാക്കുന്ന കണക്കുകള്‍ നിരത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആകെ ചെലവഴിച്ചത് 1344.93 കോടി രൂപ മാത്രമാണ്. 

വീടുകള്‍ നശിച്ചവര്‍ക്കായി നല്‍കിയത് 887.70 കോടി രൂപ. ആശ്വാസ ധനസഹായമായ 6200 രൂപ വീതം 7,37,575 ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് 457.23 കോടി. പിന്നെ  നല്‍കിയത് പാലക്കാട് ചിറ്റൂരിലെ നെന്മാറ ഉരുള്‍പൊട്ടലില്‍ അഞ്ചംഗങ്ങള്‍ മരിച്ച കുടുംബത്തിലെ അഖിലയക്ക് നല്‍കിയ ഏഴ് ലക്ഷം രൂപ. നാമമാത്രമായ തുകകള്‍ ഒഴിച്ചാല്‍ പ്രളയക്കെടുതിക്കായി ദുരിതാശ്വാസ നിധിയില്‍ നിന്ന് കാര്യമായ തുകകള്‍ ഒന്നും നല്‍കിയിട്ടില്ല. കുടുംബശ്രീ വഴി 922.94 കോടിയുടെ വായ്പയ്ക്ക് പലിശ സര്‍ക്കാര്‍ അടയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആ തുക എത്രയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുമില്ല.  

വീടുകളുടെ നാശ നഷ്ടം കണക്കാക്കിയാല്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നത് 2,55,964 വീടുകളാണ്. പകുതിയിലധികം പേര്‍ക്കും ആദ്യഗഡു തുകപോലും ലഭിച്ചിട്ടില്ല. 1,30,606 പേര്‍ക്ക് മാത്രമാണ് ആദ്യ ഗഡു നല്‍കിയത്. 30 ശതമാനം വരെ തകര്‍ന്ന വീടുകള്‍ക്ക് (ചെറിയ തുകകള്‍ നഷ്ടപരിഹാരമായി വരുന്നവ) മാത്രമാണ് പൂര്‍ണമായി തുക നല്‍കിയത്.  പൂര്‍ണമായി തകര്‍ന്ന 13,362 വീടുകളില്‍ 7428 എണ്ണം ഉടമസ്ഥര്‍ തന്നെ പുനര്‍നിര്‍മിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശേഷിക്കുന്ന 5934 വീടുകളുടെ നിര്‍മാണം സഹകരണ സ്ഥാപന കൂട്ടായ്മകള്‍, കെയര്‍ഹോം, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ഏറ്റെടുത്തിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന 9341 വീടുകള്‍ക്ക് ഒന്നാം ഗഡു സഹായം നല്‍കി എന്നുപറയുന്നുണ്ടെങ്കിലും കൃത്യമായ തുക വ്യക്തമല്ല. പൂര്‍ണമായി തകര്‍ന്ന 4021 വീടുകള്‍ക്ക് ഇതുവരെ ഒരു രൂപ പോലും സഹായം നല്‍കിയിട്ടില്ല. 

10,000 രൂപയുടെ ധനസഹായത്തിന് ഇപ്പോഴും 54,972 അപ്പീലുകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അഞ്ചുമാസം കഴിഞ്ഞിട്ടും അര ലക്ഷം പേര്‍ ഇപ്പോഴും പതിനായിരം രൂപയ്ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ആദ്യം തയാറാക്കിയ പട്ടികയില്‍ 77,041 പേര്‍ അപ്പീല്‍ വഴിയാണത്രേ ദുരിതാശ്വാസത്തിന് അര്‍ഹരായത്. അതായത് ആദ്യം നടത്തിയ കണക്കെടുപ്പില്‍ അനര്‍ഹരായിരുന്നു അധികമെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു.  

തകര്‍ന്ന റോഡുകള്‍ക്കോ പാലങ്ങള്‍ക്കോ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയിട്ടില്ല. ചെറുകിട വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപജീവനം തിരികെ ലഭിക്കാന്‍ 'ഉജ്ജീവന്‍ സഹായ പദ്ധതി' ആരംഭിച്ചുവെന്നും രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും എത്രപേര്‍ക്ക് ലഭ്യമായി എന്നതിനും കണക്കില്ല. കന്നുകാലികള്‍, കാര്‍ഷിക വിളകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നാമ മാത്രമായ തുകകളാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയത്. പ്രളയബാധിത കര്‍ഷകര്‍ക്ക് നല്‍കി എന്ന് അവകാശപ്പെടുന്ന വലിയ തുകകളില്‍ അധികവും കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെയുള്ള മറ്റ് പദ്ധതികള്‍ വഴിയും ബജറ്റ്, കാര്‍ഷിക ഇന്‍ഷുറന്‍സുകളില്‍ നിന്നുമാണെന്നും റവന്യൂ മന്ത്രി സഭയില്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.